sarathവടക്കാഞ്ചേരി : പതിനാറുകാരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ക്ഷേത്രങ്ങളിലെ താത്‌കാലിക ശാന്തിക്കാരൻ അറസ്റ്റിലായി. വടക്കാഞ്ചേരി മേഖലയിലെ കൊച്ചിൻ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ താത്‌കാലിക ശാന്തിക്കാരനായിരുന്ന വൈക്കം അയ്യർകുളങ്ങരയിലുള്ള അഞ്ചപ്പുര വീട്ടിൽ ശരത്തിനെ (25) വടക്കാഞ്ചേരി പോലീസ് ഇൻസ്പെക്ടർ കെ. മാധവൻകുട്ടിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം പൂവാറിൽനിന്നാണ് അറസ്റ്റ്‌ ചെയ്തത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതി വശീകരിച്ച് തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചശേഷം കോട്ടയത്തുള്ള അമ്പലത്തിൽ പോയി താലികെട്ടി. ഇതിനുശേഷം പെൺകുട്ടിയുടെ വീട്ടിൽ കൊണ്ടുചെന്നാക്കുകയായിരുന്നു. ഇതിൽ മനംനൊന്തായിരുന്നു പെൺകുട്ടിയുടെ ആത്മഹത്യയെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. പ്രതിയെ കണ്ടെത്തി അറസ്റ്റ്‌ ചെയ്ത പോലീസ് സംഘത്തിൽ എ.എസ്.ഐ. ഭുവനേശ്വർ, സീനിയർ സിവിൽ പോലീസ് ഓഫീസർ എ.വി. സജീവ്, സി.പി.ഒ.മാരായ എ.എൻ. പ്രദീപ്, ആർ. രഞ്ജിത്ത്, സജിത്ത് എന്നിവരും ഉണ്ടായിരുന്നു.