കുന്നംകുളം: കോഴിക്കോട് കുന്നമംഗലത്തുനിന്നെത്തിയ രമ്യാ ഹരിദാസിന് വലിയ സ്വീകാര്യതയാണ് ആലത്തൂരിൽനിന്ന്‌ ലഭിച്ചത്‌. ഏഴ് നിയോജകമണ്ഡലങ്ങളിലും വലിയ ഭൂരിപക്ഷമാണ് രമ്യയ്ക്ക് ലഭിച്ചത്. രമ്യാ ഹരിദാസിന്റെ വാക്കുകളിലേക്ക്

? ഇത്രയും വലിയ വിജയം പ്രതീക്ഷിച്ചിരുന്നോ

ജനങ്ങൾ നെഞ്ചേറ്റുമെന്ന് പ്രചാരണത്തിന്റെ തുടക്കത്തിലേ മനസ്സിലാക്കിയിരുന്നു. അവർ വലിയ പിന്തുണ നൽകി. ആദ്യം എല്ലായിടത്തും ഓടിയെത്തി നന്ദി അറിയിക്കണം. പിന്നീട് നിയോജകമണ്ഡലംതലത്തിൽ ഓരോ ദിവസം ചെലവഴിക്കണം. ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ട്. ഇതിന് കൃത്യമായ ആസൂത്രണമുണ്ടാകണം.

? ആലത്തൂരിൽ സ്ഥിരമായുണ്ടാകുമെന്ന ഉറപ്പ് പാലിക്കുമോ

കുന്നമംഗലത്തുനിന്ന് ആലത്തൂരിലേക്ക് താമസം മാറ്റും. രണ്ട് ജില്ലകളിലായാണ് മണ്ഡലം കിടക്കുന്നത്. എല്ലായിടത്തേക്കും എത്താനാകുന്ന സ്ഥലം തിരഞ്ഞെടുക്കും. എവിടെയാണെന്ന് തീരുമാനിച്ചിട്ടില്ല.

? ആദ്യമുൻഗണന എന്തിനാകും

കുടിവെള്ളപ്രശ്‌നമാണ് പ്രധാനം. പ്രചാരണസമയത്ത് കുടിവെള്ളത്തിന് ബുദ്ധിമുട്ടുള്ള ഒട്ടേറെ സ്ഥലങ്ങൾ കണ്ടിരുന്നു. കോളനികളിലേക്ക് വികസനം എത്തേണ്ടതുണ്ട്. കാർഷികമേഖലയിലും ഒട്ടേറെ പദ്ധതികൾ നടപ്പാക്കണം. നിയോജകമണ്ഡലംതലത്തിൽ ഇതിന് പദ്ധതികൾ തയ്യാറാക്കേണ്ടതുണ്ട്.

? വിവാഹജീവിതം

ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്വമാണ് ആദ്യം ഏറ്റെടുക്കുന്നത്. അവരോടൊപ്പം നിൽക്കണം. വിവാഹത്തെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല. ഇനിയും സമയമുണ്ടല്ലോ.

? ദേശീയരാഷ്ട്രീയം

ദേശീയതലത്തിൽ കോൺഗ്രസിന് പരാജയം നേരിട്ടു. ഇത് കാര്യമാക്കുന്നില്ല. നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിച്ച പാരമ്പര്യമാണ് കോൺഗ്രസിനുള്ളത്. വീണ്ടും ശക്തമായി തിരിച്ചുവരുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ്.

Content Highlights; Ramya Haridas, Alathur MP, 2019 Loksabha Election