ജീവിതത്തിലുടനീളം കണിശത കാത്തുസൂക്ഷിക്കുന്ന രാജാജിയുടെയുള്ളിൽ ഒരു കാമുകനുണ്ടായിരുന്നെന്ന് അടുത്ത സുഹൃത്തുക്കൾക്കുപോലും അജ്ഞാതമായിരുന്നു. ഹംഗറിയയിലെ ബുഡാപെസ്റ്റിൽ ജീവിതം ആരംഭിച്ചപ്പോൾ അവർ അദ്‌ഭുതപ്പെട്ടു. സ്വാതന്ത്ര്യസമര സേനാനിയായ അച്യുതൻ നായർ - ഭാർഗവിയമ്മ ദമ്പതിമാരുടെ മകളായ കെ. ശാന്തയാണ് രാജാജി മാത്യു തോമസിന്റെ ജീവിതത്തിന്റെ ഭാഗമായത്. അന്നുതൊട്ട് ഇന്നോളം പൊതുജീവിതത്തിന് ഊർജമായി ശാന്ത ഒപ്പമുണ്ട്.

തിരഞ്ഞെടുപ്പുകാലമായതോടെ പീച്ചി കണ്ണാറയിലെ തെങ്ങുവിളയിൽ വീട്ടിൽ പുലർച്ചേ നാലിനാണ് രാജാജിയുടെ ദിവസം ആരംഭിക്കുന്നത്. ഉണരുമ്പോൾ ഒരു കട്ടൻകാപ്പി. പിന്നീട് എഴുത്തും വായനയും. രാജാജിക്ക് രാവിലെയും രാത്രിയും കഞ്ഞിയാണ് പതിവ്. തോരനും പുഴുക്കും മത്സ്യവും ഏറെ പ്രിയം. ഉച്ചഭക്ഷണം വർഷങ്ങളായി പുറത്തു നിന്നാണ്.

സ്ഥാനാർഥിയായശേഷം രാത്രി ഏറെ വൈകിയാണ് വീട്ടിലെത്തുക.

‘‘ആദ്യ മത്സരത്തിൽ നിയമസഭയിലേക്ക് ജയം നേടിയപോലെ ലോക്്സഭാ തിരഞ്ഞെടുപ്പിലും രാജാജി ജയിക്കും. നാട്ടുകാരുടെ ആവേശം ഇതിന്റെ തെളിവാണ്.’’ -ശാന്ത പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേരിട്ട് ഇറങ്ങാറില്ലെങ്കിലും സൗഹൃദ സംഭാഷണങ്ങളിൽ ശാന്ത രാജാജിക്കായി വോട്ടഭ്യർഥിക്കാറുണ്ട്.

രാജാജി - ശാന്ത ദമ്പതിമാർക്ക് ഒരു മകളും മകനുമാണുള്ളത്. അഞ്ച് നദികൾ കൂടിച്ചേരുന്ന ഡാന്യൂബ് നദിയുടെ (ഹംഗറി ഭാഷയിൽ ദൂനാ ) സമീപത്തായിരുന്നു മകളുടെ ജനനം. അതുകൊണ്ട് മകളുടെ പേരും ദൂനാ എന്നിട്ടു. അതോടൊപ്പം മാതാവിന്റെ പേരും ഭാര്യാമാതാവിന്റെ പേരും ചേർത്ത് പേരിടൽ സങ്കല്പത്തിന് രാജാജി പുത്തൻ മാനം നൽകി. അങ്ങനെ ദൂനാ മറിയ ഭാർഗവി എന്നായി പൂർണ പേര്.

മകന് പേരിട്ടപ്പോഴും ഈ ശൈലി പിന്തുടർന്നു. രാജാജിയുടെയും ഭാര്യയുടെയും പിതാക്കന്മാരുടെ പേരാണ് ചേർത്തത്. മകന്റെ പേരും ഹംഗേറിയൻ ഭാഷയിൽനിന്നാണ് ചില്ലോഗ് തോമസ് അച്യുത്. ജ്വലിക്കുന്ന നക്ഷത്രം എന്നർത്ഥം.

മകൾ അലിഗഢ്‌ സർവകലാശാലയിൽ മലയാളത്തിൽ പി..എച്ച്.ഡി. ചെയ്യുന്നു. മകൻ മാധ്യമപ്രവർത്തകനാണ്. നാലു പൂച്ചകളും ഒരു നായയും വീട്ടിലുണ്ട്. രാജാജിക്കും ശാന്തയ്ക്കും മക്കൾക്കും വളർത്തുമൃഗങ്ങളായ ഇവയും കുടുംബാംഗങ്ങളെപ്പോലെയാണ്.

Content Highlights: rajaji mathew thomas candidates from thrissur lok sabha election 2019 personal life family