പേരാമംഗലം : െട്രയിൻ യാത്രക്കിടെ കനത്ത മഴയിൽ നനഞ്ഞ് യാത്ര ചെയ്യേണ്ടി വന്ന യാത്രക്കാരന് നഷ്ടപരിഹാരം നൽകാൻ റെയിൽവേയോട് തൃശ്ശൂർ ഉപഭോക്തൃ ഫോറം ഉത്തരവ്. പറപ്പൂർ പുത്തൂർ സി.ഒ. സെബാസ്റ്റ്യനാണ് ഏഴ് വർഷം നീണ്ട നിയമപോരാട്ടത്തിലൂടെ ഉത്തരവ് നേടിയത്. നഷ്ടപരിഹാരമായി 5000 രൂപയും കോടതി ചെലവിനായി 3000 രൂപയും നൽകാനാണ് ഉത്തരവ്.

തൃശ്ശൂർ സെയ്ന്റ്‌ തോമസ് കോളേജിൽ ജോലിചെയ്യവെ 2013-ൽ തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കാനായി തൃശ്ശൂരിൽ നിന്ന് യാത്ര ചെയ്യവെയാണ് പരാതിക്ക് കാരണമായ സംഭവം ഉണ്ടായത്. ജനശതാബ്ദി ട്രെയിനിൽ കയറിയ സെബാസ്റ്റ്യന് റിസർവേഷൻ പ്രകാരം സീറ്റ് കിട്ടിയത് ട്രെയിനിന് ഷട്ടറിന്റെ സമീപത്താണ്. ഷട്ടർ പ്രവർത്തിക്കാത്തതിനാൽ മഴ നനയേണ്ടി വന്നു. സഹയാത്രക്കാർ ശ്രമിച്ചിട്ടും ഷട്ടർ തുറക്കാനായില്ല. ടി.ടി.ഇ. യോട് പരാതിപ്പെട്ടിട്ടും അനുകൂല നടപടി ഉണ്ടായില്ല .തിരുവനന്തപുരത്തിറങ്ങി സ്റ്റേഷൻ മാസ്റ്ററോടും പരാതി പറഞ്ഞിരുന്നു. തുടർന്ന് തൃശ്ശൂർ ഉപഭോക്തൃ തർക്കപരിഹാര ഫോറത്തെ സമീപിക്കുകയായിരുന്നു. തുടർന്നാണ് ഉത്തരവ്.

Content Highlight: Rain on train: ordered to pay compensation to Passenger