തൃശ്ശൂർ: കുഷ്യൻ ടൈം, കവർ അപ്പ് ടൈം തുടങ്ങിയ പേരുകളിൽ തീവണ്ടിയോട്ടത്തിൽ അറിയപ്പെട്ടിരുന്ന പിടിച്ചിടൽ സമയം ഗണ്യമായി കുറച്ചുള്ള സമയവിവരപ്പട്ടിക കേരളത്തിന് ഏറെ ഗുണകരം. ഔദ്യോഗികമായി സമയവിവരപ്പട്ടിക പുറത്തിറക്കിയില്ലെങ്കിലും അതിലുള്ള നിർദേശങ്ങൾ മൂന്ന് തീവണ്ടികളിൽ നടപ്പാക്കിയപ്പോൾ യാത്രക്കാരിൽനിന്ന് അനുകൂല പ്രതികരണം റെയിൽവേയ്ക്ക് കിട്ടിത്തുടങ്ങി.

പൂർണമായും ക്ലീൻ സ്ലേറ്റിൽ തയ്യാറാക്കുന്ന പട്ടിക, സീറോ ബേസ്ഡ് ടൈംടേബിൾ എന്നാണ് അറിയപ്പെടുന്നത്. മുൻ കൊല്ലങ്ങളിൽ പട്ടിക തയ്യാറാക്കുമ്പോൾ അതിനു മുമ്പുള്ള സമയപ്പട്ടികയാണ് അടിസ്ഥാനമാക്കിയിരുന്നത്.

എന്നാൽ, സീറോ ബേസ്ഡ് ടൈംടേബിൾ തയ്യാറാക്കിയത് മുൻവിധികളില്ലാതെ, യാത്രക്കാർക്ക് പരമാവധി സൗകര്യം ഉണ്ടാകത്തക്ക വിധത്തിലാണ്. ഒരു വർഷത്തോളം മുംബൈ ഐ.ഐ.ടി. നടത്തിയ പഠനത്തിനൊടുവിലാണ് ഇതിന് രൂപം നൽകിയത്.

ഇപ്പോൾ രാജ്യത്ത് ഓടുന്ന തീവണ്ടികൾ സ്പെഷ്യൽ ട്രെയിനുകൾ എന്ന പേരിലാണുള്ളത്. ഇവയിൽ ചിലത് സീറോ ബേസ്ഡ് ടൈംടേബിൾ പ്രകാരം ഓടിച്ചപ്പോഴാണ് അനുകൂല പ്രതികരണം റെയിൽവേക്ക്‌ കിട്ടിയത്.

കേരളത്തിനുണ്ടായ നേട്ടങ്ങൾ

* കേരള എക്സ്‌പ്രസ് ന്യൂഡൽഹിയിൽനിന്ന് പുറപ്പെടുന്ന സമയം രാത്രി 8.10-ലേക്ക് മാറ്റി. 2009 മുതൽ ഡൽഹി മലയാളികൾ ആവശ്യപ്പെടുന്ന കാര്യമാണിത്. പകൽ 11 മണിക്കായിരുന്നു മുമ്പ് പുറപ്പെട്ടിരുന്നത്. ഒരു ദിവസത്തെ അവധി ലാഭിക്കാം എന്നതാണ് ഇപ്പോൾ കിട്ടിയ മെച്ചം. ഈ വണ്ടി എറണാകുളത്തെത്തുന്നത് വൈകീട്ട് 4.30-നാണ്. വൈകീട്ടത്തെ യാത്രക്കാർക്ക് വേണാടിനും ജനശതാബ്ദിക്കും ഒപ്പം ആശ്രയിക്കാവുന്ന ഒരു വണ്ടിയായി മാറുകയും ചെയ്തു. ഈ സമയത്ത് ഉള്ള ഒരു സ്ലീപ്പർവണ്ടി കൂടിയാണിത്.

* രാവിലെ 6.45-ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന കണ്ണൂർ ഇന്റർസിറ്റി കോഴിക്കോട് എത്തുന്ന സമയം 9.47 ആയി. 10.40 ആയിരുന്നു മുമ്പത്തെ സമയം. ഓഫീസ് സമയത്തുള്ള ഒരു വണ്ടിയായി ഇത് മാറി.

*ആലപ്പുഴ -ധൻബാദ് എക്‌സ്‌പ്രസ് വേഗം കൂട്ടിയപ്പോൾ ഒറ്റപ്പാലത്ത് 9.49-നും പാലക്കാട്ട് 10.20-നും എത്തും. മുമ്പ് ഈ വണ്ടി ഒറ്റപ്പാലത്ത് ഏറെ നേരം പിടിച്ചിടുമായിരുന്നു.

* ഉടൻ ഓടിത്തുടങ്ങുമെന്ന് കരുതുന്ന എറണാകുളം -ധൻബാദ് ടാറ്റ എക്സ്പ്രസ് രാവിലെ 10 മണിയോടെ പാലക്കാട്ടെത്തുമെന്നാണ് സൂചന. തൃശ്ശൂരിൽനിന്ന് പാലക്കാടിന് ഓഫീസ് സമയത്തുള്ള ഒരു തീവണ്ടിയായി ഇത് മാറും.