പുതുക്കാട് : ബസാർ റോഡ് വികസനത്തിന്റെ ഭാഗമായുള്ള കാനപണി മുടങ്ങി. മലിനജലം കെട്ടിക്കിടക്കുന്നത് തലവേദനയാകുന്നു. ആരോഗ്യ പ്രശ്നങ്ങൾക്കിടയാകുമെന്നാണ്‌ ആശങ്ക.

വിപുലമായി തുടങ്ങിയ നിർമാണം പാതിവഴിയിൽ നിന്നതാണ് പ്രശ്നത്തിന് കാരണം. പുതുക്കാട് പോസ്റ്റോഫീസിന് പിൻവശത്താണ് കാന പണി മുടങ്ങിക്കിടക്കുന്നത്. മറ്റ് ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന മലിനജലം ഇവിടെ റോഡിലൂടെയാണ് ഒഴുകുന്നത്. വീടുകൾക്ക് മുന്നിൽ കാനയ്ക്ക് മുകളിൽ സ്ലാബിടാത്തതുമൂലം വീടുകളിലേക്ക് കടക്കാൻ കഴിയാത്ത അവസ്ഥയാണ്. മാസങ്ങളായി വീട്ടുകാർ പരാതിയുമായി അധികൃതരെ സമീപിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ല.

ഈ ഭാഗത്തെ ട്രാൻസ്‌ഫോർമർ നീക്കം ചെയ്യാത്തതാണ് കാനനിർമാണത്തിന് തടസ്സമായി അധികൃതർ പറയുന്നത്.

റോഡിന്റെ ഇരുവശത്തുമായി കച്ചവട സ്ഥാപനങ്ങളും വീടുകളുമാണുള്ളത്. ഇവിടങ്ങളിലെ മാലിന്യവും ഈ കാനയിലേക്കാണ് എത്തുന്നത്. കാന പണിയാത്തതുമൂലം മലിനജലം റോഡിൽ കെട്ടി നിൽക്കുകയാണ് പതിവ്. വെള്ളം കുത്തിയൊലിച്ച് റോഡിന്റെ വശവും ഇടിഞ്ഞ നിലയിലാണ്. പൊതുമരാമത്ത് വകുപ്പ് മൂന്ന് കോടിരൂപ ചെലവഴിച്ചാണ് ബസാർ റോഡ് വികസനം നടത്തുന്നത്. നാല് മാസത്തിലേറെയായി റോഡ് വികസനം ഇഴഞ്ഞാണ് നീങ്ങുന്നത്.