പുതുക്കാട് : മേഖലയിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നടക്കുന്ന വഴിയോരക്കച്ചവടങ്ങൾ രോഗവ്യാപനത്തിന് ഇടയാക്കിയേക്കാമെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. രോഗപ്രതിരോധത്തിന്റെ ഭാഗമായി അനധികൃത കച്ചവടങ്ങൾ നിരോധിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

ഹെൽത്ത് ഇൻസ്പെക്ടർ സി.എൻ. വിദ്യാധരന്റെ നേതൃത്വത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. പുതുക്കാട് ടൗൺ പരിസരത്തും ദേശീയപാതയ്ക്ക് സമീപവും വാഹനങ്ങളിൽ വിൽപ്പന നടത്തുന്നവർക്ക് വ്യക്തി ശുചിത്വം പാലിക്കാനും സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കാനും കഴിയുന്നില്ല. ഉപഭോക്താക്കൾക്ക് കൈകഴുകാനും രോഗാണുമുക്തമാക്കാനോ സൗകര്യമൊരുക്കുന്നില്ല.

കച്ചവടക്കാരിൽ ഭൂരിഭാഗവും മാസ്ക് ഉപയോഗിക്കുന്നില്ല. പലയിടങ്ങളിൽനിന്നും എത്തുന്നവരുമായി ഇടപെടുന്നത് ഉറവിടമറിയാത്ത രോഗവ്യാപനത്തിന് ഇടയാക്കും. കച്ചവടക്കാർ ഉപയോഗിക്കുന്ന വെള്ളത്തിന്റെയും വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെയും ഗുണനിലവാരവും അളവും സംബന്ധിച്ച് പരിശോധനയൊന്നും നടക്കുന്നില്ല. അനുമതിയോ നിയന്ത്രണങ്ങളോ കൂടാതെയുള്ള കച്ചവടങ്ങൾ പകർച്ചവ്യാധി വ്യാപനത്തിന് വഴിവെച്ചേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.