പുതുക്കാട്: വൃഷ്ടിപ്രദേശത്ത് മഴ ശക്തമായി തുടർന്നതോടെ ചിമ്മിനി ഡാമിന്റെ നാല് ഷട്ടറുകളും എട്ടിഞ്ച് ആയി ഉയർത്തി. തിങ്കളാഴ്ച രണ്ട് തവണയായിട്ടാണ് ഷട്ടറുകൾ ഉയർത്തിയത്. കുറുമാലി, കരുവന്നൂർ പുഴയുടെ തീരങ്ങൾ കനത്ത ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

തുലാവർഷം ശക്തമായതോടെ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴതുടരുകയാണ്. 76.40 മീറ്ററാണ് ഡാമിലെ പരമാവധി സംഭരണ ശേഷി. തിങ്കളാഴ്ച രാവിലെ ജലനിരപ്പ് 76.14 മീറ്ററിലെത്തി.

ഞായറാഴ്ച നാല് ഷട്ടറുകൾ രണ്ട് ഇഞ്ച് വീതം ഉയർത്തിയിരുന്നു. പ്രതിദിനം 2.80 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് ഇപ്പോൾ ഡാമിൽനിന്ന് പുറത്തേക്കൊഴുക്കുന്നത്. ഇതിൽ 0.55 ദശലക്ഷം ഘനമീറ്റർ വെള്ളം ചിമ്മിനി ജലവൈദ്യുതി പദ്ധതിയിൽ വൈദ്യുതി ഉത്പാദനത്തിന് ഉപയോഗിക്കുന്നുണ്ട്.