കൊടുങ്ങല്ലൂർ: കടലേറ്റവും വെള്ളക്കെട്ടും ദുരിതം വിതച്ച കടലോരത്ത് തീരദേശവാസികളുടെ പ്രതിഷേധം ഇരമ്പി. നാല് മണിക്കൂർ വെസ്റ്റ് ടിപ്പുസുൽത്താൻ റോഡിൽ എറിയാട് ചന്ത, ചേരമാൻ ജങ്ഷൻ, ആറാട്ടുവഴി എന്നിവിടങ്ങളിൽ ഉപരോധം ഏർപ്പെടുത്തി. എറിയാട് ചന്തയിൽ കടകൾ അടപ്പിച്ചു. പെട്രോൾ നിറച്ച കുപ്പികളുമായി ഏതാനും യുവാക്കൾ രംഗത്തെത്തിയതോടെ സമരം രൂക്ഷമായി. മുതിർന്ന ചിലർ ഇടപെട്ട് യുവാക്കളെ പിന്തിരിപ്പിച്ച് പെട്രോൾ കുപ്പികൾ നീക്കം ചെയ്തതോടെയാണ് പോലീസിനും അഗ്നിരക്ഷാസേനയ്ക്കും ആശ്വാസമായത്.

 ചൊവ്വാഴ്ച വൈകീട്ട് എം.എൽ.എ.യും തഹസിൽദാരും വിളിച്ചുചേർത്ത യോഗത്തിലെടുത്ത തീരുമാനം നടപ്പാക്കാത്തതിനെ തുടർന്നാണ് രാവിലെ 11 മണിയോടെ കടപ്പുറത്തുനിന്ന്‌ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഇരുനൂറോളംപേർ എറിയാട് ചന്തയിലെത്തി ഉപരോധം ആരംഭിച്ചത്. സൈക്കിൾ പോലും കടത്തിവിടാതെയായിരുന്നു ഉപരോധം. റോഡിൽ കുത്തിയിരുന്ന് ടയർ കത്തിച്ചും അടുപ്പുകൂട്ടി കഞ്ഞിവെച്ചുമാണ് പ്രതിഷേധം ശക്തമാക്കിയത്.

അഴീക്കോട് മുതൽ കാര കടപ്പുറം വരെയുള്ള പ്രദേശങ്ങളിൽ ഒന്നര കിലോമീറ്ററോളം ദൂരത്തിൽ കടൽവെള്ളം നിറഞ്ഞുകിടക്കുകയാണ്. ആയിരത്തിലധികം വീടുകളാണ് വെള്ളം കയറിയ നിലയിലുള്ളത്. പ്രദേശത്തെ തോടുകളിൽ നിറഞ്ഞ മണൽ നീക്കംചെയ്ത് അറപ്പത്തോടിന്റെ എല്ലാ കൈവഴികളും വൃത്തിയാക്കി ബുധനാഴ്ച രാവിലെ വെള്ളം ഒഴുക്കിക്കളയാമെന്ന് തീരുമാനിച്ചിരുന്നു. കടൽഭിത്തി നിർമ്മാണം പൂർത്തിയാക്കുന്നതിനായി രാവിലെ മുതൽ തന്നെ കരിങ്കല്ലുകൾ അടിക്കാനും ധാരണയായിരുന്നു. എന്നാൽ 11 മണിവരെ ഇതുമായി ബന്ധപ്പെട്ട് ഒരു ജോലിയും ആരംഭിക്കാത്തതിനെ തുടർന്നാണ് ഉപരോധസമരം ആരംഭിച്ചത്.

പോലീസെത്തി പലവട്ടം സമരക്കാരുമായി ചർച്ച നടത്തിയെങ്കിലും പരിഹാരം കാണാനാവാത്തതിനെ തുടർന്ന് തഹസിൽദാർ ജെസി സേവ്യർ, ഡെപ്യൂട്ടി തഹസിൽദാർ ബിന്ദു സുമേധൻ തുടങ്ങിയ റവന്യൂ ഉദ്യോഗസ്ഥർ ഒന്നരയോടെ സ്ഥലത്തെത്തി. വെള്ളം ഒഴുക്കിക്കളയുന്നതിനുള്ള ജോലികൾ ആരംഭിച്ചതായും ഇതിനായി ജെ.സി.ബി. അടക്കമുള്ള സംവിധാനങ്ങൾ കടപ്പുറത്ത് എത്തിയിട്ടുണ്ടെന്നും അറിയിക്കുകയായിരുന്നു. തുടർന്ന് രണ്ടരയോടെ ചന്തയിൽ സമരം അവസാനിപ്പിച്ചുവെങ്കിലും ചേരമാൻ ജങ്ഷനിൽ സമരം തുടർന്നു.

വൈകിയത് ചില വീട്ടുകാരുടെ എതിർപ്പുമൂലം

തീരദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി വലിയതോട്ടിലെ മണൽ നീക്കംചെയ്യാൻ വൈകിയത് ചില വീട്ടുകാരുടെ എതിർപ്പുമൂലം. മണപ്പാട്ടച്ചാൽ പ്രദേശത്ത് കടലേറ്റഭീഷണി നേരിടുന്ന ചില വീട്ടുകാരാണ് എതിർപ്പുമായി രംഗത്തെത്തിയത്. തങ്ങളുടെ വീട് കടലെടുക്കാതിരിക്കാൻ വീടിന് ചുറ്റും കരിങ്കല്ല് അടിക്കാതെ തോട്ടിലെ മണലെടുക്കാൻ സമ്മതിക്കില്ലെന്നു പറഞ്ഞാണ് ഇവർ രംഗത്തെത്തിയത്.

ഇതോടെയാണ് രാവിലെമുതൽ ആരംഭിക്കേണ്ട ജോലികൾ മുടങ്ങിയതും പ്രദേശത്ത് പ്രതിഷേധം ഉയർന്നതും. തഹസിൽദാർ സ്ഥലത്തെത്തി ഈ വീടുകൾക്കു സമീപത്ത് നാല് ലോഡ് കരിങ്കല്ല് അടിക്കാൻ ഏർപ്പാടാക്കിയതിനെ തുടർന്നാണ് ജെ.സി.ബി. ഉപയോഗിച്ച് വലിയ തോട്ടിലെ തടസ്സങ്ങൾ നീക്കി വെള്ളം ഒഴുക്കിക്കളയുന്നതിന് സംവിധാനമൊരുക്കിയത്.