പോർക്കുളം : വിവിധ ഗ്രാമപ്പഞ്ചായത്തുകളിൽ നെൽകർഷകരെ സഹായിക്കാനെന്ന പേരിൽ വാങ്ങിയ ഉപകരണങ്ങൾ ഉപയോഗവും പരിപാലനവുമില്ലാതെ നശിക്കുമ്പോൾ, സ്മാർട്ടായി ഓടിക്കൊണ്ടിരിക്കുകയാണ് പോർക്കുളം ഗ്രാമപ്പഞ്ചായത്തിലെ കാർഷിക കർമസേന. 2014-15 കാലയളവിൽ ആരംഭിച്ച സേന നാലുവർഷത്തിനിടെ പഞ്ചായത്തിലെ കാർഷികമേഖലയിൽ നടത്തിയത് നിരവധി സന്നദ്ധപ്രവർത്തനങ്ങളാണ്.

ഈ വർഷം പുഞ്ചകൃഷി ചെയ്യുന്ന കർഷകരെക്കൂടി സഹായിക്കാനുള്ള ഒരുക്കങ്ങളും നടപടികളും സേന ആരംഭിച്ചു. എട്ടു വനിതകളടക്കം 18 പേരാണ് സേനയിലുള്ളത്. കഴിഞ്ഞ വർഷം മുണ്ടകൻ കൃഷിയൊരുക്കം, കരനെല്ല് കൃഷിയൊരുക്കം, പുല്ലുവെട്ടൽ, മരുന്നുതളി തുടങ്ങി പ്രവർത്തനങ്ങൾ നടത്തി. ഇതിലൂടെ ചെലവുകൾ കഴിഞ്ഞ് 60,000 രൂപ ലാഭവും ഉണ്ടാക്കി.

പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ട്രാക്ടറിനുള്ള കേജ് വീൽ ഈ വർഷം ലഭിച്ചിട്ടുണ്ട്. ഇതുപയോഗിച്ച് പഞ്ചായത്തിനകത്തെ മുണ്ടകൻ കൃഷിയൊരുക്കവും അംഗങ്ങൾക്കുള്ള പരിശീലനവും നടത്തി.

ഇനി പുഞ്ചകൃഷിയുടെ ഒരുക്കങ്ങൾക്കുള്ള തയ്യാറെടുപ്പിലാണിവർ. നെൽക്കൃഷി ഒരുക്കത്തിന് സ്വകാര്യ വ്യക്തികൾ കേജ്‌വീൽ ഉപയോഗത്തിന് മണിക്കൂറിന് 900 രൂപ വാങ്ങുമ്പോൾ സേന ഈടാക്കുന്നത് 700 രൂപ മാത്രമാണ്. കൂടാതെ റൊട്ടവേറ്റർ ഉപയോഗത്തിന് സ്വകാര്യവ്യക്തികൾ മണിക്കൂറിന് 1,200 രൂപ വാങ്ങുമ്പോൾ 900 രൂപയാണ് സേന ഈടാക്കുന്നത്. ഈ പ്രവർത്തനങ്ങളെല്ലാം കർഷകർക്ക് ഏറെ ആശ്വാസം നൽകും.

പഞ്ചായത്തിനകത്ത് 230 ഏക്കർ മുണ്ടകനും 700 ഏക്കർ പുഞ്ചകൃഷിയും ചെയ്യുന്നുണ്ട്. മുണ്ടകന്റെ ഒരുക്കങ്ങൾ പൂർത്തീകരിച്ചുകഴിഞ്ഞു. ഇപ്പോൾ ഞാറിടൽ നടക്കുകയാണ്. പഞ്ചായത്തിനുപുറമെ സമീപപ്രദേശങ്ങളിലും സേന കാർഷിക പ്രവൃത്തികൾചെയ്ത് നൽകുന്നുണ്ട്. യന്ത്രപ്രവർത്തനങ്ങൾക്ക് പുറമെ, പാടത്ത് വരമ്പുകെട്ടലും ഞാറ്റടി തയ്യാറാക്കലും വളം നൽകലുമെല്ലാം ഏറ്റെടുത്ത് ചെയ്യുന്നുണ്ട്. ഇതിലൂടെയെല്ലാം സേന സ്വയംതൊഴിൽ കണ്ടെത്തിവരുകയാണ്. കേജ്‌വീൽ ലഭിച്ചതോടെ കൂടുതൽ വരുമാനം കണ്ടെത്താൻ സാധിക്കുമെന്ന് അംഗങ്ങൾ പറഞ്ഞു.

കൂടാതെ ഗ്രോബാഗ് നിർമാണയൂണിറ്റിന്റെ പ്രവർത്തനങ്ങളും ആരംഭിച്ചു. പോർക്കുളം കോലാടിപ്പാടത്താണ് താത്‌കാലിക യൂണിറ്റ് ആരംഭിക്കുന്നത്. ഈ മാസം അവസാനത്തോടെ ഗ്രോ ബാഗ് നിർമാണം ആരംഭിക്കാനാണ് പദ്ധതി. പ്രസിഡന്റ് പി.ജെ. ജോയൽ, സെക്രട്ടറി കെ.എ. ജെസ്‌വീർ, ട്രഷറർ എം.പി. ശ്രുതി തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്.