പുതുക്കാട്: വശങ്ങളിൽ കാടുവളർന്നു ദേശീയപാതയിലേക്കിറങ്ങുന്നു. കാഴ്ചമറഞ്ഞും നടക്കാനിടമില്ലാതെയും വഴിയാത്രക്കാർ വലയുന്നു. ഏറെ തിരക്കേറിയ പുതുക്കാട് ജങ്ഷനുസമീപമാണ് ദേശീയപാതയിലേക്ക് പൊന്തക്കാട് വളർന്നു നിൽക്കുന്നത്.

കാൽനടയാത്രക്കാരും സൈക്കിൾ യാത്രികരും ജീവൻ പണയപ്പെടുത്തിയാണ് ഇതുവഴി സഞ്ചരിക്കുന്നത്. ജങ്ഷനിൽനിന്ന് മുപ്ലിയം റോഡ് ഭാഗത്തേക്ക് പോകുന്നവർക്കാണ് ഏറ്റവും ദുരിതം. ദേശീയപാതയുടെ പ്രധാനറോഡിലൂടെ വേണം ഇവർക്ക് നടക്കാൻ. സിഗ്നൽ കടന്ന് വേഗത്തിൽ വരുന്ന വാഹനങ്ങൾ പിറകിൽ വന്നിടിക്കുമോയെന്ന പേടിയോടെയാണ് ഈവഴി ആളുകൾ നടക്കുന്നത്.

ഇവിടെ സർവീസ് റോഡിനായി ഏറ്റെടുത്തിട്ടുള്ള കുന്നിൻപ്രദേശം നിരപ്പാക്കി റോഡ് നിർമിക്കാത്തതിനാൽ മുപ്ലിയം റോഡിൽനിന്ന് പുതുക്കാട് സെൻററിൽ എത്തണമെങ്കിൽ പോലീസ് സ്റ്റേഷനുസമീപം പോയി യുടേൺ തിരിയണം. മുപ്ലിയം റോഡ് മുതൽ ആമ്പല്ലൂർവരെ സർവീസ് റോഡ് യാഥാർഥ്യമായാൽ മേഖലയിൽ ആവർത്തിക്കുന്ന അപകടങ്ങൾക്കും പരിഹാരമാകും.

കെ.എസ്.ആർ.ടി.സി. സ്റ്റാൻഡ് മുതൽ മുപ്ലിയം റോഡ് വരെ സർവീസ് റോഡ് നിർമിക്കാത്തതാണ് നിലവിലെ പ്രശ്നം. മേൽപ്പാലത്തിന്റെ പേരുപറഞ്ഞാണ് ഇവിടെ നിർമാണം നീട്ടിക്കൊണ്ടുപോകുന്നത്. മേൽപ്പാലം ആറുവരിപ്പാത നിർമാണത്തോടൊപ്പം മാത്രമേ ഉണ്ടാകൂവെന്ന് ദേശീയപാത അധികൃതർ അറിയിച്ച സാഹചര്യത്തിൽ സർവീസ് റോഡെങ്കിലും അടിയന്തരമായി പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.