തൃശ്ശൂർ: പടിക്കൽ ആളെ കണ്ടാൽ ശൗര്യത്തോടെ നിൽക്കുന്ന കാവൽ പദവിയിൽനിന്ന് വളർത്തുനായകളുടെ സ്ഥാനം വിടിനുള്ളിലേക്ക് മാറുന്നു. ലോക്‌ഡൗണിൽ കുട്ടികളടക്കം വീടുകളിലേക്ക് ഒതുങ്ങിയപ്പോഴാണ് കൂടുതൽ അരുമയായി നായകളുടെ അകത്തുവാസം കൂടിയത്. കഴിഞ്ഞവർഷം ലോക്ഡൗണിനു ശേഷമാണ് ഇത്തരമൊരു പ്രവണത കൂടിവന്നതെന്ന് വെറ്ററിനറി സർവകലാശാലയിൽ നടക്കുന്ന പഠനത്തിൽ പറയുന്നു. കഴിഞ്ഞവർഷം ലോക്ഡൗൺ തുടങ്ങിയ ശേഷം സംസ്ഥാനത്ത് വിൽപ്പന നടന്നതിൽ കാവൽ നായകളെക്കാൾ 40 ശതമാനം അധികമാണ് വീടിനുള്ളിൽ വളർത്തുന്ന നായകളുടെ എണ്ണം.

സ്കൂളുകൾ ഇല്ലാത്തതിനാൽ വീടുകളിൽ അകപ്പെട്ടുപോയ കുട്ടികളാണ് അരുമനായ്ക്കളുടെ ഇഷ്ടക്കാർ. മുമ്പ് ഉയർന്ന സാമ്പത്തികശേഷി ഉള്ളവർ മാത്രം വാങ്ങിയിരുന്ന ശൈലിക്കും മാറ്റമുണ്ട്. ശരാശരി കുടുംബങ്ങളിലേക്കും മാറ്റം പ്രകടമായി കാണുന്നതായി പഠനത്തിന് നേതൃത്വം നൽകുന്ന സർവകലാശാലയിലെ വിജ്ഞാന വ്യാപനവിഭാഗം അധ്യാപകൻ ഡോ. ടി.എസ്. രാജീവ് പറയുന്നു.

അരുമനായകൾക്കായി ആവശ്യമുന്നയിക്കുന്ന കുട്ടികളിൽ പ്രായവ്യത്യാസമില്ലെന്നതാണ് മറ്റൊരു കണ്ടെത്തൽ. പ്രൈമറിതലം മുതൽ കോളേജ്തലം വരെയുള്ള കുട്ടികൾ കൂട്ടത്തിലുണ്ട്. പെൺകുട്ടികളാണ് കൂടുതലും ആഭിമുഖ്യം കാട്ടുന്നത്. ബീഗിൾ, ഷിറ്റ്‌സു, പഗ്ഗ് എന്നീ ഇനങ്ങളാണ് പ്രിയമുള്ളവയിൽ മുൻനിരക്കാർ. പഞ്ഞിക്കെട്ടു പോലെ തോന്നിക്കുന്ന ഇത്തരം ഇനങ്ങൾക്ക് 10,000 മുതൽ 50,000 രൂപയാണ് വില. ഇതിൽ പഗ്ഗിനാണ് വിലക്കുറവ്. 12,000 രൂപയ്ക്ക് വരെ ഇതിനെ കിട്ടുന്നുണ്ട്.

ലോക്ഡൗണിനു മുമ്പ് കുഞ്ഞുങ്ങൾ ഉണ്ടായി മൂന്നു മാസംവരെ കച്ചവടക്കാരുടെ കൈവശം നിൽക്കുമായിരുന്നു. എന്നാൽ, ഒന്നരവർഷമായി 30 ദിവസത്തിനിപ്പുറം കുഞ്ഞുങ്ങൾ വിറ്റു പോവുന്നുണ്ട്. വീടിനുള്ളിൽ വളർത്തുന്ന ഇവയ്ക്ക് പരിചരണച്ചെലവാണ് പ്രധാനമായുള്ളത്. ഇത്തരം നായകളെ വളർത്താൻ പ്രതിമാസം ആയിരം രൂപ മതി. ജർമൻ ഷെപ്പേഡ്‌ പോലുള്ള കാവൽ നായകൾക്ക് പ്രതിമാസം 4000 രൂപ ചെലവു വരും. ഭക്ഷണത്തിന്റെ കാര്യത്തിലും കുഞ്ഞൻ നായകൾക്ക് കുറഞ്ഞ അളവുമതി. നായകളുടെ വളർത്തു കാര്യത്തിൽ സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങളുടെ പ്രതിഫലനം സൂപ്പർമാർക്കറ്റുകളിലും ഉണ്ടായിട്ടുണ്ട്. ഇവയ്ക്കുവേണ്ട സ്നാക്‌സ്, ബെൽറ്റ്, ബ്രഷ്, മാല, ഹെയർ ക്ലിപ്പ്, ഷാമ്പൂ തുടങ്ങിയവയ്ക്കായി പ്രത്യേക കോർണറുകളും വൻകിട സൂപ്പർമാർക്കറ്റുകളിൽ ഉണ്ട്‌. നായകളെ ഭംഗിയാക്കാനുള്ള ഗ്രൂമിങ് പാർലറുകളും കൂടി വരുന്നു.