പെരുമ്പിലാവ് : കടവല്ലൂർ പഞ്ചായത്തിൽ മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നിരീക്ഷണത്തിലിരുന്ന ആൽത്തറ സ്വദേശികളായ രണ്ടുപേർക്കും തലപ്പിള്ളി തഹസിൽദാർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് ഇവരുടെ കുടുംബാംഗങ്ങൾ നിരീക്ഷണത്തിൽ പോകുന്നതിന് നിർദേശം നൽകി. പട്ടാമ്പിയിൽനിന്ന് മത്സ്യം എത്തിച്ച് വില്പന നടത്തിയ മത്സ്യവില്പനക്കാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്ന് ആൽത്തറ സ്വദേശികൾ നിരീക്ഷണത്തിലായിരുന്നു.
സമ്പർക്കസാധ്യതയുള്ളവരുടെ സ്രവപരിശോധനയിലാണ് രണ്ടുപേർക്കും കോവിഡ് സ്ഥിരീകരിച്ചത്. വടക്കാഞ്ചേരിയിൽ നടന്ന ആന്റിജൻ പരിശോധനയിലാണ് തഹസിൽദാർക്ക് കോവിഡ് സ്ഥിരീകരിച്ചത്. കടവല്ലൂർ പഞ്ചായത്തിൽ ആൽത്തറ വാർഡിന് പുറമേ പൊറവൂർ, പരുവക്കുന്ന്, കരിക്കാട് വാർഡുകളും അതിനിയന്ത്രിത വാർഡുകളാണ്.
മായന്നൂരിൽ മൂന്നുപേർക്ക് പോസിറ്റീവ്
മായന്നൂർ : മായന്നൂർ ഒന്നാംവാർഡിലെ മൂന്നുപേർക്ക് കോവിഡ് പോസിറ്റീവായി. ബേക്കറി ഉത്‌പന്നങ്ങൾ വാഹനത്തിൽ കൊണ്ടുപോയി വിതരണം ചെയ്യുന്നയാൾക്കും ഭാര്യയ്ക്കും സഹോദരനുമാണ് പോസിറ്റീവായത്. പട്ടാമ്പി ക്ലസ്റ്ററിലുൾപ്പെട്ട ഡ്രൈവറാണ് ഇവരുടെ വിതരണവാഹനം ഓടിച്ചിരുന്നത്. സഹോദന്മാർ ചേർന്നാണ് കച്ചവടം നടത്തുന്നത്. ഇയാൾക്ക് 23-ന് പോസിറ്റീവായതിനെത്തുടർന്ന് മൂവരും നിരീക്ഷണത്തിൽ കഴിഞ്ഞുവരുകയായിരുന്നു.