പെരുമ്പിലാവ് : പഴഞ്ഞി സി. എച്ച്.സി. യും പെരുമ്പിലാവ് പി.എച്ച്.സി. യും ചേർന്ന് കടവല്ലൂർ കാട്ടകാമ്പാൽ പഞ്ചായത്തുകളിലെ സമ്പർക്ക സാധ്യതയുള്ള ആളുകൾക്കായി നടത്തിയ പരിശോധനയിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. കാട്ടകാമ്പാൽ പഞ്ചായത്തിലെ ചിറയ്ക്കൽ സ്വദേശിയായ മത്സ്യവിൽപ്പനക്കാരനാണ് കോവിഡ്. ഇയാളെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്ടാമ്പി മത്സ്യമാർക്കറ്റിൽനിന്ന് മത്സ്യം എത്തിച്ചാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്.
കടവല്ലൂർ പഞ്ചായത്തിലെ 35 പേരുടെയും കാട്ടകാമ്പാൽ പഞ്ചായത്തിലെ 15 പേരുടേയും ആന്റിജൻ പരിശോധനയാണ് ബുധനാഴ്ച നടന്നത്. ചൊവ്വാഴ്ച കടവല്ലൂർ, കാട്ടകാമ്പാൽ പഞ്ചായത്തുകളിൽ നിന്നായി 100 പേരുടെ ആർ.ടി. പി.സി.ആർ. പരിശോധന നടന്നിരുന്നു. ഇതിന്റെ ഫലം എത്താൻ നാലു ദിവസമെങ്കിലും താമസം വരുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.