പെരുമ്പിലാവ് : പട്ടാമ്പി മീൻമാർക്കറ്റിലെ കച്ചവടക്കാരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പെരുമ്പിലാവിൽ പ്രവർത്തിക്കുന്ന മത്സ്യവിൽപ്പന പോലീസും ആരോഗ്യവകുപ്പും ചേർന്ന് നിർത്തിവെപ്പിച്ചു. പെരുമ്പിലാവിലും പരിസരപ്രദേശങ്ങളിലും ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ മീൻവിൽപ്പന പാടില്ലെന്ന് അധികൃതർ നിർദേശം നൽകി. ആളുകൾ കൂടുന്ന ഇടങ്ങളിൽ കർശന നിയന്ത്രണങ്ങളും നടപടികളും ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് കടവല്ലൂർ പഞ്ചായത്തിലെ വില്ലന്നൂർ വാർഡ് (18) അതിനിയന്ത്രിത മേഖലയിൽപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ ബാങ്കിലെ ജീവനക്കാരിയായ യുവതിക്ക് കഴിഞ്ഞദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്.