പീച്ചി : പ്രളയം ഒഴിവാക്കാൻ മഴയ്ക്കു മുമ്പേ മണലിപ്പുഴയിൽ നിന്ന് മണ്ണെടുത്ത് കരയിൽ കൂട്ടിയിട്ടു. മാസങ്ങൾക്ക് ശേഷവും മണ്ണ് അവിടന്ന് മാറ്റാതിരുന്നതിനെ തുടർന്ന് മഴയിൽ പകുതി മണ്ണും പുഴയിലേക്ക് തന്നെ ഒലിച്ചിറങ്ങി. കണ്ണാറയിൽ മണലിപ്പുഴയുടെ ഇരു ഭാഗത്തുമായി മൂന്ന് സ്ഥലങ്ങളിൽ കൂട്ടിയിട്ട മണ്ണാണ് പാതിയും ഒലിച്ചു പോയത്. ഇതോടെ പുഴ പഴയഅവസ്ഥയിലാ യി. ഒരാഴ്ച മണലിപ്പുഴയിൽ നടത്തിയ മുഴുവൻ പണികളും പാഴായി.
മണ്ണ് നീക്കുന്നതിനായുള്ള ടെൻഡർ നടപടികൾ താമസിച്ചതായിരുന്നു പ്രശ്നങ്ങൾക്ക് കാരണം. എന്നാൽ ഈ മാസം 12-ന് ടെൻഡർ നടപടികൾ പൂർത്തിയായിട്ടും മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തി ആരംഭിച്ചിട്ടില്ല. പുഴക്കരയിൽ കൂട്ടിയിട്ട മണ്ണ് ചിലയിടങ്ങളിൽ ഉറച്ച് വരമ്പ് പോലെ ആയിട്ടുണ്ട്. പലയിടങ്ങളിലും ഇതിനു മുകളിൽ കാട് പിടിച്ചു കിടക്കുകയാണ്. കണ്ണാറ മേഖലയിൽ സർക്കാർ സ്ഥാപനം ഉൾപ്പെടെ മണലിപ്പുഴ കൈയേറിയിട്ടുണ്ട്. ഇത് സംബന്ധിച്ച കേസുകൾ തുടരുന്നുണ്ട്. 2018-ലെ പ്രളയത്തിൽ ഈ ഭാഗത്ത് മണലിപ്പുഴ കരകവിഞ്ഞൊഴുകുകയും ഒട്ടേറെ വീടുകളിലും കൃഷിയിടങ്ങളിലും നാശനഷ്ടമുണ്ടാവുകയും ചെയ്തിരുന്നു. അത് ആവർത്തിക്കാതിരിക്കാനാണ് മഴയ്ക്കു മുമ്പേ മണ്ണ് നീക്കിയത്.