പട്ടിക്കാട് : പീച്ചി ഗവൺമെന്റ് ഡിസ്പെൻസറി കെട്ടിടത്തിന്റെ പുനരുദ്ധാരണത്തിനുവേണ്ടി തത്‌കാലം ബസ്‌സ്റ്റാൻഡിനോടുചേർന്നുള്ള റസ്റ്റ് ഹൗസിൽ പ്രവർത്തനമാരംഭിച്ചു. ഡോക്ടറും മൂന്ന് ജീവനക്കാരും അടങ്ങുന്ന സംഘമാണ് നിലവിൽ ഇവിടെ ചികിത്സിക്കുക. രോഗികൾക്കുവേണ്ട സ്ഥല സൗകര്യങ്ങളും ഇവിടെ ഉറപ്പു വരുത്തിയിട്ടുണ്ട്. പാണഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ പത്തുലക്ഷം രൂപ ചെലവഴിച്ചാണ് നന്നാക്കുന്നത്.

തകർന്ന മേൽക്കൂര പൊളിച്ചുമാറ്റി പുതിയത് നിർമ്മിക്കും. വരാന്ത, മരുന്നുകൾ സൂക്ഷിക്കുന്ന മുറി, സ്റ്റോർറൂം എന്നിവിടങ്ങളിൽ ടൈൽ വിരിക്കും. പീച്ചിഡാം നിർമ്മാണവുമായി ബന്ധപ്പെട്ട് തൊഴിലാളികൾക്കായി നിർമ്മിച്ച ആശുപത്രിയാണ് പീച്ചി ഡിസ്പെൻസറി. ഇറിഗേഷൻ വകുപ്പിന്റെ കീഴിലായിരുന്ന ഡിസ്പെൻസറി ആരോഗ്യവകുപ്പ് ഏറ്റെടുത്തത് ഏറെ ജനകീയ പ്രക്ഷോഭങ്ങൾക്കുശേഷമാണ്.

നവീകരണം വിലയിരുത്തുന്നതിനായി ചീഫ് വിപ്പ് കെ. രാജൻ, പഞ്ചായത്ത് പ്രസിഡന്റ് അനിത കെ.വി. എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.

ജില്ലാ പഞ്ചായത്ത് അംഗം ലില്ലി ഫ്രാൻസിസ്, പഞ്ചായത്ത് അംഗം ഫൗസിയ മൊയ്തീൻ, എം ബാലകൃഷ്ണൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.