പട്ടിക്കാട് : പാണഞ്ചേരി പഞ്ചായത്തിന്റെ കിഴക്കൻ മേഖലകളിൽ കാട്ടാനയുൾപ്പെടെയുള്ള വന്യജീവികളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചീഫ്‌വിപ്പ് കെ. രാജന്റെ അധ്യക്ഷതയിൽ അടിയന്തരയോഗം ചേർന്നു. ശല്യം ഏറെയുള്ള പ്രദേശങ്ങളിൽ ജനജാഗ്രതാസമിതി രൂപവത്കരിക്കാനും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ രാത്രികാല പട്രോളിങ് ഏർപ്പെടുത്താനും യോഗത്തിൽ തീരുമാനിച്ചു. മലയണ്ണാൻ, മയിൽ എന്നിവ കാരണം കൃഷിനാശം ഉണ്ടായാൽ കർഷകർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് ഇൻഷുറൻസ് ഉപാധികളിൽ മാറ്റംവരുത്താൻ വേണ്ട നടപടികൾ സർക്കാരുമായി ആലോചിക്കുമെന്ന് ചീഫ്‌വിപ്പ് പറഞ്ഞു.

വന്യമൃഗശല്യം ഏറെ രൂക്ഷമായിരിക്കുന്ന മണിക്കിണർ ആദിവാസി കോളനിയിൽ മൂന്നര കിലോമീറ്റർ നീളത്തിലും മൈലാട്ടുംപാറ പ്രദേശത്ത് ഒന്നര കിലോമീറ്റർ നീളത്തിലും സോളാർ വൈദ്യുതിവേലി സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ടെന്ന് യോഗത്തിൽ വൈൽഡ് ലൈഫ് വാർഡൻ എൻ. രാജേഷ് പറഞ്ഞു. പ്രവർത്തനരഹിതമായ സോളാർവേലികൾ നന്നാക്കുന്നതിനുള്ള പദ്ധതികൾ ആരംഭിച്ചതായും രാജേഷ് പറഞ്ഞു.

പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ.വി. അനിത, തൃശ്ശൂർ ഡി.എഫ്.ഒ. എ.രഞ്ജൻ, പഞ്ചായത്ത് സെക്രട്ടറി കെ. പ്രദീപ്, പഞ്ചായത്തംഗങ്ങൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

എസ്റ്റിമേറ്റ് തയാറായി

പട്ടിക്കാട് : വന്യമൃഗശല്യം ഏറെ നേരിടുന്ന പാണഞ്ചേരിയുടെ കിഴക്കൻമേഖലയിൽ വാണിയമ്പാറ ഫോറസ്റ്റ് സ്റ്റേഷനിൽ തോണിക്കൽ മുതൽ ഉറവുംപാടം വരെ 1.9 കിലോമീറ്റർ നീളത്തിൽ സോളാർ വൈദ്യുതിവേലി സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറായി. വാണിയമ്പാറ ഫോറസ്റ്റ് പരിധിയിൽ 9.9 കിലോമീറ്റർ നീളത്തിലും മാന്ദാമംഗലം ഫോറസ്റ്റ്‌സ്റ്റേഷൻ പരിധിയിൽ 11.1 കിലോമീറ്റർ നീളത്തിലും വൈദ്യുതി വേലികൾ സ്ഥാപിച്ചതിനു പുറമേയാണിത്. ഡി.സി.സി. ജനറൽ സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് വിവരാവകാശനിയമപ്രകാരം നൽകിയ അപേക്ഷയിലാണ് പട്ടിക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ വിശദീകരണം. മേഖലയിൽ 2016 മുതൽ 2020 വരെ 95 പരാതികൾ വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ചതുസംബന്ധിച്ച് സ്വീകരിച്ചിട്ടുണ്ടെന്നും 10 ലക്ഷം രൂപയാണ് നഷ്ടപരിഹാരത്തിന് വേണ്ടതെന്നും റെയ്ഞ്ചർ പറഞ്ഞു.