പറപ്പൂക്കര: വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയ തടയണയുടെ ഷട്ടർ പലകകൾ പുനഃസ്ഥാപിക്കാത്തത് കർഷകർക്ക് തിരിച്ചടിയാകുന്നു. പറപ്പൂക്കര വില്ലിച്ചിറ പാടശേഖരത്തിലേക്ക് വെള്ളമെത്തിക്കുന്ന കനാലിലെ തടയണയുടെ ഷട്ടറുകൾ തകർന്നതോടെ 500 ഏക്കറിൽ കൃഷിയിറക്കാനാവാത്ത അവസ്ഥയിലാണ് കർഷകർ. രണ്ടുവർഷം മുൻപ് കെ.എൽ.ഡി.സി. കനാലിൽ സ്ഥാപിച്ച വില്ലിച്ചിറ തടയണയുടെ പലകകളാണ് വെള്ളപ്പൊക്കത്തിൽ തകർന്നത്.

കനാലിന്റെ വീതികൂടിയ ഭാഗത്ത് കനമുള്ള 120 പലകകൾ സ്ഥാപിച്ചാണ് തടയണയിൽ വെള്ളം ക്രമീകരിച്ചിരുന്നത്. ഈ പലകകൾ എല്ലാം വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി. തടയണ പുനഃസ്ഥാപിക്കാൻ അഞ്ചുലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ജലക്ഷാമം മുന്നിൽക്കണ്ട്‌ നേരത്തേ കൃഷിയിറക്കിയ കർഷകരാണ് വെട്ടിലായത്.

തടയണ നശിച്ചതോടെ പറപ്പൂക്കര, മുരിയാട് കോൾമേഖലയിലെ കർഷകർക്ക് കൃഷിക്കാവശ്യമായ വെള്ളം സംഭരിക്കാൻ കഴിയാത്ത സ്ഥിതിയായി.

വില്ലിച്ചിറ, മാടപ്പാടം, താമരച്ചാൽ, പറപ്പൂക്കര, നെടുമ്പാൾ, കോന്തിപുലം, തൂപ്പൻകാവ് തുടങ്ങിയ പാടശേഖരങ്ങളിലെ അഞ്ഞൂറ് ഏക്കർ വരുന്ന നെൽകൃഷി ഇതോടെ അനിശ്ചിതത്വത്തിലായി. കനാലിനെ ആശ്രയിച്ചിരുന്ന ഇറിഗേഷൻ - കുടിവെള്ള പദ്ധതികളുടെ പ്രവർത്തനവും താളംതെറ്റിയനിലയിലാണ്.

പ്രളയത്തിൽ തടയണ നശിച്ചതുകൂടാതെ ബണ്ടിനും ബലക്ഷയം സംഭവിച്ചിട്ടുണ്ട്. നാലുമീറ്റർ വീതിയുള്ള ബണ്ടിന്റെ പല ഭാഗങ്ങളിലും മണ്ണൊലിച്ചുപോയിട്ടുണ്ട്. അതിനാൽ ബണ്ടിലൂടെ പാടശേഖരത്തിലേക്കുള്ള വാഹനങ്ങൾ കൊണ്ടുവരാനും കഴിയുന്നില്ല.

തുലാവർഷം ആരംഭിക്കുന്നതിന് മുമ്പായി നിലമൊരുക്കി പുഞ്ചകൃഷി ഇറക്കാനുള്ള കർഷകരുടെ ശ്രമം ഇതോടെ പാഴായി. കൃഷിവകുപ്പ് അധികൃതർ ഇടപെട്ട് തടയണ പുനഃസ്ഥാപിക്കണമെന്നാണ് കർഷകരുടെ ആവശ്യം. എത്രയും പെട്ടെന്ന് തടയണനിർമാണം പുനരാരംഭിച്ചില്ലെങ്കിൽ ഈ വർഷം കൃഷിയിറക്കാൻ കഴിയില്ലെന്ന ആശങ്കയിലാണ് കർഷകർ.