കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിന്റെ കടലോരപ്രദേശങ്ങളുടെ ആകാശക്കാഴ്ചകൾ ആസ്വദിക്കാൻ അഴീക്കോട് മുനയ്ക്കൽ മുസിരിസ് ബീച്ചിൽ പുതിയ സംവിധാനങ്ങളൊരുങ്ങുന്നു.
പാരാഗ്ലൈഡിങ് പ്രദർശനത്തിന് ഏറ്റവും അനുയോജ്യമായ സംസ്ഥാനത്തെ ഏക ബിച്ച് അഴീക്കോടാണെന്ന് കണ്ടെത്തിയതിനെതുടർന്ന് പാരാഗ്ലൈഡിങ് സ്ഥിരം സംവിധാനമാക്കുന്നതിനായി സ്ഥലം എം.എൽ.എ. ഇ.ടി. ടൈസന്റെ നേതൃത്വത്തിൽ ഡി.എം.സി. പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. ഇതിനായി 200 മീറ്ററോളം ദൂരത്തിൽ ലാൻഡിങ് സ്ഥലം ഒരുക്കിക്കൊണ്ടാണ് പൊതു അവധിദിവസങ്ങളിലും ശനി, ഞായർ ദിവസങ്ങളിലും വിനോദസഞ്ചാരികൾക്കായി ആകാശക്കാഴ്ച കാണാൻ സൗകര്യമൊരുക്കുന്നത്.
കടലും കായലും സംഗമിക്കുന്ന അഴിമുഖവും ചീനവലകളും കടപ്പുറമാകെ നിറഞ്ഞു നിൽക്കുന്ന ചൂളമരക്കാടുകളും മറ്റു ബീച്ചുകളിൽനിന്ന് അഴീക്കോടിനെ വ്യത്യസ്തമാക്കുന്നു. മാത്രമല്ല കേരളത്തിലെ ഏറ്റവും വിസ്തൃതിയേറിയ മണൽപ്പരപ്പുള്ള ബീച്ചും ഇവിടെയാണെന്നുള്ളത് പാരഗ്ലൈഡിങ്ങിന് തുണയാകുന്നു. ട്രിച്ചൂർ ഫയറിങ് ക്ലബ്ബിന്റെ നേതൃത്വത്തിൽ രണ്ടുദിവസങ്ങളിലായി നടന്ന പാരാഗ്ലൈഡിങ് പ്രദർശനം ഇ.ടി. ടൈസൺ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് മൻമോഹന്റെ നേതൃത്വത്തിൽ പൈലറ്റുമാരായ സുനിൽ ഹസൻ, ഇബ്രാഹിം ജോൺ, ഇഷാം തിവാരി, ഹരിദാസൻ, മുഹമ്മദ് എന്നിവരാണ് പ്രദർശനം നടത്തിയത്.