തൃശ്ശൂർ: പദ്മപുരസ്കാര വിതരണച്ചടങ്ങിൽ‍ വള്ളിച്ചെരിപ്പും ഒറ്റമുണ്ടും ഖാദി ജുബ്ബയും ധരിച്ചെത്തിയ പുരസ്കാരജേതാവിനെ കണ്ട് സദസ്സ് അമ്പരന്നില്ല. എത്രയോ വർഷമായി ഈ മനുഷ്യൻ ഇതേ വേഷത്തിൽ അരുണാചൽപ്രദേശിലെ കുന്നും മലകളും പുഴകളും താണ്ടുന്നു. അറിവിന്റെ വെളിച്ചം ആദിവാസി-ഗോത്ര വർഗക്കാരുടെയിടയിൽ പ്രചരിപ്പിക്കാനായി 40 വർഷം മുമ്പ് മുംബൈയിൽനിന്ന് അരുണാചൽപ്രദേശിലേക്ക് ചേക്കേറിയ ഈ പ്രതിഭ മലയാളിയായ മുണ്ടയൂർ സത്യനാരായണനാണെന്ന് അറിയുന്നവർ വിരളം. ‘അങ്കിൾ മൂസ’ എന്ന സ്നേഹപ്പേരിലാണ് അരുണാചലുകാർ ഇദ്ദേഹത്തെ വിളിക്കുന്നത്.

തൃശ്ശൂർ ആറങ്ങോട്ടുകര സ്വദേശിയും ഇന്ത്യൻ ഓവർസീസ് ബാങ്ക് മാനേജരുമായിരുന്ന മുണ്ടയൂർ എ.എം.സി. നാരായണൻ നമ്പൂതിരിയുടെയും എം.എസ്. ആര്യയുടെയും മകനാണ് മുണ്ടയൂർ സത്യനാരായണൻ. തൃശ്ശൂർ പറവട്ടാനി വിംപി നഗറിൽ സഹോദരൻ ഡോ. സതീഷിന്റെ ഫ്ലാറ്റിൽ കഴിയുന്ന അമ്മയെ കാണാൻ മൂത്ത മകനായ സത്യനാരായണൻ ഇത്തവണ എത്തിയത് പ്രത്യേക സമ്മാനവുമായാണ്. തനിക്ക് കിട്ടിയ പദ്മശ്രീ പതക്കമായിരുന്നു അമ്മയ്ക്കുള്ള സമ്മാനം.

വരുന്ന 21-ന് അമ്മയ്ക്ക് 100 വയസ്സ് തികയും. അമ്മയുടെ പിറന്നാൾ ആഘോഷിച്ച ശേഷമേ മകൻ തിരികെപ്പോകൂ. അരുണാചലിൽ 40 വർഷത്തെ ജീവിതത്തിൽ ഒന്നും സമ്പാദ്യമായില്ല. സർക്കാരിന്റെ അതിഥിമന്ദിരവും ഗോത്രക്കുടിലുകളും സന്നദ്ധപ്രവർത്തകരുടെ ഓഫീസും വീടുകളുമാണ് താമസത്തിന്. കൊടുംതണുപ്പിലും വള്ളിച്ചെരിപ്പും ഒറ്റമുണ്ടും ഖാദി ജുബ്ബയുമാണ് വേഷം; വിശപ്പകറ്റാൻ പച്ചക്കറിവിഭവങ്ങളും. 65-കാരനായ മുണ്ടയൂർ സത്യനാരായണൻ അരുണാചലിൽ എത്തിയതിന് മുന്പും പിൻപുമുള്ള കാര്യങ്ങൾ മാതൃഭൂമിയുമായി പങ്കുവെച്ചു.

അച്ഛന് സ്ഥലംമാറ്റമുള്ള ജോലിയായതിനാൽ പലയിടങ്ങളിലും പഠിച്ചു. കണ്ണൂരിലെ പഠനകാലത്താണ് വായനയിലേക്ക് കടന്നത്. ശാസ്ത്രത്തിൽ ബിരുദവും ലിംഗ്വിസ്റ്റിക്സിൽ ബിരുദാനന്തര ബിരുദവും നേടിയശേഷം ആദായനികുതി വകുപ്പിന്റെ മുംബൈ ഓഫീസിൽ ഇൻസ്പെക്ടറായി ഏഴ് വർഷം ജോലിചെയ്തു. അതിനിടെ ജേണലിസത്തിൽ ബിരുദാനന്തര ബിരുദം േനടി. മുംബൈയിൽ മലയാള പഠന ക്ലാസും നടത്തി.

ഇതിനിടെയാണ് കന്യാകുമാരി ആസ്ഥാനമായുള്ള വിവേകാനന്ദ കേന്ദ്ര, അരുണാചൽപ്രദേശിലേക്ക് യുവ സന്നദ്ധപ്രവർത്തകരെ തിരഞ്ഞെടുക്കുന്നത് അറിഞ്ഞത്. ജോലി രാജിവെച്ച് അതിൽ അംഗമായി. 25-ാമത്തെ വയസ്സിൽ അരുണാചൽപ്രദേശിലെത്തി. അവിടെ വിവേകാനന്ദ കേന്ദ്രയുടെ ട്രൈബൽ സ്കൂളുകളുടെ ചുമതലയായിരുന്നു. അവർക്കൊപ്പം താമസിച്ചായിരുന്നു സേവനം. വായനയും അറിവും എത്താത്ത വിദൂരഗ്രാമങ്ങളിൽ പുസ്തകങ്ങൾ തലച്ചുമടായി എത്തിച്ചു. വായിച്ചും കഥകൾ പറഞ്ഞും നാടകം കളിച്ചും കുട്ടികളുടെയും യുവാക്കളുടെയും പഠനതാത്‌പര്യം വർധിപ്പിച്ചു. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനമായിരുന്നു മനസ്സ് നിറയെ.

പ്രതിസന്ധികൾ ഏറെയുണ്ടായിരുന്നു. അരുണാചൽ ജനത കേരളീയരിൽ അർപ്പിച്ച വിശ്വാസമായിരുന്നു ഉൗർജം. ഇതിന്റെ നേട്ടത്തിൽ ഒട്ടേറെ സിവിൽ സർവീസുകാരും ഡോക്ടർമാരും എൻജിനീയർമാരുമുണ്ട്. ഇപ്പോൾ സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് പ്രവർത്തനം.

ലിപിയില്ലാത്ത ആദിവാസിഭാഷകളിൽ പുസ്തകങ്ങൾ അടുത്തകാലത്ത് ഇറക്കാനായതിന്റെ ചാരിതാർഥ്യമുണ്ട്. മലയാളക്കരയിലെ പ്രമുഖരെ റേ‍ഡിയോയിൽക്കൂടി പരിചയപ്പെടുത്താൻ കോവിഡ് കാലത്ത് കഴിഞ്ഞു. സ്വാമി വിവേകാനന്ദന്റെ വിദ്യാഭ്യാസദർശനങ്ങൾ ഒരു പരിധി വരെ പ്രാവർത്തികമാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും സത്യനാരായണൻ പറഞ്ഞു.