തൃശ്ശൂര്‍: രാജ്യത്ത് പഴയ വാഹനങ്ങള്‍ പൊളിക്കുന്നതിന് വ്യക്തമായ ചട്ടങ്ങളില്ലാത്തത് വന്‍ പാരിസ്ഥിതികപ്രശ്‌നങ്ങള്‍ക്കിടയാക്കുന്നു. ഉപയോഗശൂന്യമായ വാഹനങ്ങള്‍ പാതയോരത്തും പുഴവക്കിലുമിട്ടാണ് പൊളിക്കുന്നത്. ഇതുവഴി പുറത്തെത്തുന്ന ടണ്‍കണക്കിന് ഖര-ഘന ലോഹങ്ങളും രാസവസ്തുക്കളുമാണ് മണ്ണിലും വെള്ളത്തിലുമായി കലരുന്നത്.

ഉപയോഗമില്ലാത്ത സ്വിച്ച്, ബ്രേക്ക് ഷൂ, റബ്ബര്‍ ഭാഗങ്ങള്‍ എന്നിവ പൊളിക്കുന്നിടത്തുതന്നെ ഉപേക്ഷിക്കുന്നതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണ്ടെത്തി. പുകക്കുഴലിലെ കാര്‍ബണ്‍, യന്ത്രഭാഗങ്ങളിലെ മെര്‍ക്കുറി, എന്‍ജിനിലെ കൂളന്റ്, ബ്രേക്ക് ഓയില്‍, ഹൈഡ്രോളിക് ഫ്‌ലൂയിഡുകള്‍ എന്നിവ അലക്ഷ്യമായി മണ്ണിലേക്കും പുഴകളിലേക്കും ഒഴുക്കുന്നു.

2015-ല്‍ ജര്‍മന്‍ ഏജന്‍സിയായ 'ജിസ്' സന്നദ്ധസംഘടനയായ 'ചിന്തന്‍' എന്നിവ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിനുവേണ്ടി നടത്തിയ പഠനത്തില്‍ രാജ്യത്ത് 87 ലക്ഷം പഴയ വാഹനങ്ങള്‍ പൊളിക്കാനുള്ളതായി കണ്ടെത്തിയിരുന്നു. വാഹനങ്ങളുടെ നിരത്തിലെ കാലാവധി കുറച്ചതിനാല്‍ 2025-ല്‍ ഇത് 2.18 കോടിയാകും.

പൊളിച്ച വണ്ടികളുടെ ഭാഗങ്ങളുടെ പുനരുപയോഗത്തിനോ പുനര്‍നിര്‍മാണത്തിനോ കാര്യമായ സംവിധാനങ്ങളൊന്നും രാജ്യത്തില്ല. 2030-ല്‍ ഇന്ത്യയില്‍ വാഹനനിര്‍മാണത്തിന് എട്ടുകോടി ടണ്‍ ഇരുമ്പ് വേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.

ഇത് രാജ്യത്ത് ഉത്പാദിപ്പിക്കുന്ന ഇരുമ്പിന്റെ 80 ശതമാനത്തോളം വരും.

അമേരിക്കയിലും കാനഡയിലും പൊളിച്ച വാഹനങ്ങളുടെ ഇരുമ്പിന്റെ പുനരുപയോഗത്തിലൂടെ വര്‍ഷം 1.3 കോടി വാഹനങ്ങള്‍ നിര്‍മിക്കാനുള്ള ഇരുമ്പ് ഉത്പാദിപ്പിക്കുന്നുണ്ട്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ പൊളിക്കുന്ന വാഹനങ്ങളുടെ 95 ശതമാനവും പുനരുപയോഗിക്കണമെന്നാണ് നിയമം. ജപ്പാനില്‍ പുതിയ വാഹനം വാങ്ങണമെങ്കില്‍ പഴയ വാഹനം പുനരുപയോഗിക്കാനുള്ള ഫീസ് അടയ്ക്കണം. എന്നാല്‍, ഇന്ത്യയില്‍ ഇത്തരം സംവിധാനങ്ങളൊന്നും ഇല്ല.