അന്തിക്കാട് : ഗവ. ആശുപത്രിയിലെ '108' ആംബുലൻസ് അപകടത്തിൽപ്പെട്ട് മറിഞ്ഞ് സ്റ്റാഫ് നഴ്സ് മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. പെരിങ്ങോട്ടുകര സ്വദേശി താണിക്കൽ ചമ്മണത്ത് വർഗീസിന്റെ മകൾ ഡോണ (23) യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 6.45ഒാടെ അന്തിക്കാട് ആൽ സ്റ്റോപ്പിനു സമീപമാണ് അപകടം. രോഗിയെ കൊണ്ടുവരാൻ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
ഗുരുതര പരിക്കേറ്റ ഡ്രൈവർ അന്തിക്കാട് സ്വദേശി അജയ്‌കുമാർ (29) തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എതിരേ വന്ന കാറിനെ മറികടക്കാൻ ശ്രമിക്കവേ ആംബുലൻസ് നിയന്ത്രണംവിട്ട് റോഡരികിലെ വീട്ടുമതിലിൽ ഇടിച്ചു മറിയുകയായിരുന്നു.
അപകടത്തിൽപ്പെട്ടവരെ പെരിങ്ങോട്ടുകര സർവതോഭദ്രം ആംബുലൻസിലാണ് തൃശ്ശൂരിലെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ തിങ്കളാഴ്ച രാത്രിയോടെ ഡോണ മരിച്ചു.
ഇടിയുടെ ആഘാതത്തിൽ മതിലിന്റെ ഒരുഭാഗം തെറിച്ച് വീടിന്റെ മുൻവാതിലും തകർന്നു. വീട്ടുകാർ അടുക്കളയിലായിരുന്നതിനാൽ ദുരന്തം ഒഴിവായി. അന്തിക്കാട് പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അമ്മ: റോസി. സഹോദരങ്ങൾ: വിറ്റോ, ഡാലി.
Content Highlight: Nurse died in 108 ambulance crash