തൃശ്ശൂർ: ശബരിമല ക്ഷേത്രാചാരങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ എൻ.എസ്‌.എസ്‌. തൃശ്ശൂർ താലൂക്ക്‌ യൂണിയന്റെയും ക്ഷേത്ര വിശ്വാസസംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ നഗരത്തിൽ ആയിരങ്ങൾ പങ്കെടുത്ത നാമജപയാത്ര നടത്തി.

തെക്കേഗോപുരനടയിൽ തൃപ്രയാർ ക്ഷേത്രം തന്ത്രി തരണനെല്ലൂർ പടിഞ്ഞാറേ മനയ്‌ക്കൽ പദ്‌മനാഭൻ നമ്പൂതിരിപ്പാട്‌ ഭദ്രദീപം കൊളുത്തിയതോടെയാണ്‌ യാത്രയ്ക്ക് തുടക്കമായത്‌. നാമജപയാത്ര നഗരം ചുറ്റി തെക്കേഗോപുരനടയിലെത്തി സമാപിച്ചു. സേവ്‌ ശബരിമല, റെഡി ടു വെയ്‌റ്റ്‌ എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചാണ് സ്‌ത്രീകൾ പങ്കെടുത്തത്.

നാമജപയാത്രയ്ക്കുശേഷം അയ്യപ്പവിഗ്രഹത്തിനു മുന്നിൽ 101 സ്‌ത്രീകൾ ആരതിയുഴിഞ്ഞു. പൊതുസമ്മേളനം എൻ.എസ്‌.എസ്‌. താലൂക്ക്‌ യൂണിയൻ പ്രസിഡന്റ്‌ ഡോ.കെ.എസ്‌. പിള്ള ഉദ്‌ഘാടനം ചെയ്‌തു. വൈസ്‌ പ്രസിഡന്റ്‌ എ. സുരേശൻ അധ്യക്ഷനായി. തേറമ്പിൽ രാമകൃഷ്‌ണൻ, പി.എ. മാധവൻ, തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫ.എം. മാധവൻകുട്ടി, പാറമേക്കാവ്‌ ദേവസ്വം സെക്രട്ടറി ജി. രാജേഷ്‌, താലൂക്ക്‌ യൂണിയൻ സെക്രട്ടറി സി. സുരേന്ദ്രൻ, വനിതാസമാജം പ്രസിഡന്റ്‌ ജി. ഭവാനിഅമ്മ, സംഘാടകസമിതി ജന. കൺവീനർ ഉണ്ണികൃഷ്‌ണൻ ഈച്ചരത്ത്‌ തുടങ്ങിയവർ പങ്കെടുത്തു.