എസ്.വി. ചിന്നറാവുതൃശ്ശൂർ: നാനോ എക്സൽ തട്ടിപ്പ് കേസിൽ ഒമ്പത് വർഷമായി ഒളിവിലായിരുന്ന പ്രതി പിടിയിൽ. ഹൈദരാബാദ് സ്വദേശിയായ എസ്.വി. ചിന്നറാവുവാണ് തൃശ്ശൂർ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്.

പത്തു വർഷം മുമ്പ് കേരളത്തിൽ 300 കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് നാനോ എക്സലിന്റെ പേരിൽ നടന്നത്. അറസ്റ്റിലായ ചിന്നറാവു 78 കേസുകളിൽ ജാമ്യമില്ലാ വാറണ്ടുകളിലെ പ്രതിയാണ്. കേരളത്തിൽ വിവിധയിടങ്ങളിലായി 645 കേസുകളിലും പ്രതിയാണ്. ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ ആഡംബരജീവിതം നയിക്കുകയായിരുന്നു.

തൃശ്ശൂർ ക്രൈംബ്രാഞ്ച് എസ്.പി. കെ.എസ്. സുദർശന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം രണ്ടു മാസമായി ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ചൊവ്വാഴ്ച ചിന്നറാവുവിനെ അറസ്റ്റ് ചെയ്തത്. ജില്ലയിൽ രജിസ്റ്റർ ചെയ്ത തൊണ്ണൂറോളം നാനോ എക്സൽ തട്ടിപ്പ് കേസുകളുടെ അന്വേഷണം തൃശ്ശൂർ ക്രൈംബ്രാഞ്ച് യൂണിറ്റിന് മൂന്നു മാസം മുൻപ് കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസുകളിൽ പ്രതികളെ വേഗത്തിൽ അറസ്റ്റുചെയ്ത് കോടതിയിൽ കുറ്റപത്രം സമർപ്പിക്കണമെന്ന് മേധാവിയായ എ.ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരിയുടെ നിർദേശമുണ്ടായിരുന്നു.