കൊടുങ്ങല്ലൂർ: നഗരത്തിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരമാകുന്ന മുസിരിസ് വിസിറ്റർ സെന്റർ റോഡ് നിർമാണം പൂർത്തിയായി. വർഷങ്ങൾ നീണ്ട വ്യവഹാരങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിലാണ് റോഡ് പൂർത്തിയാകുന്നത്.

ചൊവ്വാഴ്ച വി.ആർ. സുനിൽകുമാർ. എം.എൽ.എ. റോഡ് ഗതാഗതത്തിന് തുറന്നുകൊടുക്കും. നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ അധ്യക്ഷനാകും. റോഡ് പൂർത്തികരിച്ചതോടെ രണ്ടുവർഷം മുമ്പ് നിർമാണം പൂർത്തിയായ മുസിരിസ് അറൈവൽ സെന്ററും ഇതിനോട് ചേർന്ന് ബസ്‌സ്റ്റാൻഡും ഉപയോഗിക്കാനാവും. ഗതാഗതയോഗ്യമായ റോഡിന്റെ അപര്യാപ്തതമൂലം കോടികൾ ചെലവിട്ട ഈ പദ്ധതികളെ കൊണ്ട് പ്രയോജനമൊന്നുമുണ്ടായിരുന്നില്ല. മുസിരിസ് പൈതൃക പദ്ധതിയിൽ നിർമാണം പൂർത്തിയാക്കിയ ബസ്‌ സ്റ്റാൻഡ്‌ നഗരസഭയ്ക്ക് കൈമാറിയിരുന്നു.

മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി 63 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമാണം പൂർത്തിയാക്കിയത്. ദേശീയപാതയിൽ കൊടുങ്ങല്ലൂർ കോട്ടപ്പുറം റോഡിൽ അശോക തിയേറ്ററിന് മുൻഭാഗത്തുകൂടിയാണ് 175 മീറ്റർ നീളവും 5.5 മീറ്റർ വീതിയുമുള്ള റോഡ് ടൈൽസ് വിരിച്ച് ആധുനിക നിലവാരത്തിൽ പണിതീർത്തിട്ടുള്ളത്.

റോഡ് തുറന്നുകൊടുക്കുന്നതോടെ വാഹനത്തിരക്ക് കൊണ്ട് വീർപ്പുമുട്ടുന്ന തെക്കേനട മുതൽ കീത്തോളിവളവുവരെയുള്ള ഭാഗത്ത് ചെറിയ തോതിൽ ഗതാഗതം നിയന്ത്രിക്കാനാകും. പറവൂർ ഭാഗത്തുനിന്ന്‌ തൃശ്ശൂർ ഭാഗത്തേക്കും തിരിച്ച് പറവൂർ ഭാഗത്തേക്കുമുള്ള വാഹനങ്ങൾക്ക് നഗരത്തിൽ പ്രവേശിക്കാതെ ഈ റോഡു വഴി കാവിൽക്കടവിലെത്തി കൊടുങ്ങല്ലൂർ- തൃശ്ശൂർ റോഡിൽ പ്രവേശിക്കാനാകും. ഇത് ദീർഘദൂര യാത്രക്കാർക്ക് വലിയ അനുഗ്രഹമാകും.