ഒരേ കറികൾ പറ്റില്ല; വിഷുദിവസം രാത്രിയിൽ 91 അതിഥി തൊഴിലാളികൾ ഊണ് കഴിക്കാതെ പ്രതിഷേധിച്ചു

തൃശ്ശൂർ : എല്ലാ ദിവസവും സാമ്പാർ ഉൾപ്പെടെ ഒരേ കറികൾ പറ്റില്ലെന്ന് അതിഥി തൊഴിലാളികൾ. തൃശ്ശൂർ കോർപ്പറേഷന്റെ അയ്യന്തോൾ ക്യാമ്പിലായിരുന്നു സംഭവം. വിഷുദിവസം രാത്രിയിൽ ഊണിന്റെ സമയമായപ്പോൾ ക്യാമ്പിലുള്ള 91 പേരാണ് പ്രതിഷേധിച്ച്‌ മാറിനിന്നത്. പോലീസ് ചർച്ചയ്‌ക്കെത്തിയെങ്കിലും അവർ ഭക്ഷണം കഴിച്ചില്ല. അന്ന് രാത്രിയിലെ ഭക്ഷണം പാഴായി.

തൊട്ടടുത്ത ദിവസം അടുത്ത രണ്ട് ക്യാമ്പുകളിൽ കൂടി സാമ്പാറിനെതിരേ അതിഥികളുടെ വികാരമുണർന്നു. ഇവിടെ ഭക്ഷണം കഴിക്കാതിരുന്നില്ലെങ്കിലും എല്ലാ ദിവസവും ഒരേതരം വേണ്ടെന്ന് കട്ടായം പറഞ്ഞു. വിവിധ ക്യാമ്പുകളിൽനിന്ന് ഒരേ ആവശ്യം വന്നതോടെ ഇതിനുപിന്നിൽ ഗൂഢനീക്കമുണ്ടെന്ന് പോലീസ് സംശയിച്ചുതുടങ്ങി.

തൃശ്ശൂർ കോർപ്പറേഷന്റെ അഞ്ച്‌ ക്യാമ്പുകളിലും അതിഥി തൊഴിലാളികളും അലഞ്ഞുതിരിഞ്ഞുനടന്നവരുമുണ്ട്. ആകെ 691 പേരാണ് ക്യാമ്പുകളിലുള്ളത്. പ്രശ്‌നമുണ്ടാക്കിയതിലേറെയും തമിഴ്‌ തൊഴിലാളികളാണ്. മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ളവർ ഇവർക്കൊപ്പം ചേരുകയായിരുന്നു.

ഈ ക്യാമ്പുകളിൽ ഭക്ഷണമെത്തിക്കാൻ മാത്രം ദിവസം രണ്ടു ലക്ഷം രൂപ ചെലവുണ്ട്. ഇതിൽ തൊണ്ണൂറ് ശതമാനവും സ്‌പോൺസർഷിപ്പാണ്. രാവിലെ ഉപ്പുമാവ്, പുട്ട്, കഞ്ഞി, ഇഡ്ഡലി എന്നിവ മാറിമാറി നൽകുന്നു. ഉച്ചയ്ക്ക് ചോറ്, സാമ്പാർ, ഏതെങ്കിലും തോരൻ, അച്ചാർ, ഒഴിച്ചുകറി എന്നിങ്ങനെയും. രാത്രിയിലും ചോറാണ്. ചിലപ്പോൾ ചപ്പാത്തിയും.

ഇതിനിടെ പലയിടങ്ങളിലും അതിഥി തൊഴിലാളികളെ ജോലിയെടുപ്പിച്ചിരുന്ന കരാറുകാർ ഇവരെ തള്ളാൻ തുടങ്ങി. എല്ലാവർക്കും ഭക്ഷണം നൽകാൻ കഴിയില്ലെന്നാണ് കരാറുകാർ പറയുന്നത്.

എന്നാൽ അതിഥി തൊഴിലാളികളെ കരാറുകാർ സംരക്ഷിച്ചേ മതിയാകൂ എന്ന നിലപാടിലാണ് പോലീസ്. സാമൂഹിക അടുക്കളയിൽനിന്ന് ഇവർക്ക് ഭക്ഷണം കൊടുക്കരുതെന്ന് കോർപ്പറേഷൻ അധികൃതരും ആവശ്യപ്പെട്ടിട്ടുണ്ട്.

തദ്ദേശഭരണ സ്ഥാപനങ്ങൾ നടത്തുന്ന ക്യാമ്പുകളിലേക്ക് ഇവരെ തള്ളിവിടാനാണ് കരാറുകാരുടെ ശ്രമം.

ഏപ്രിൽ 20 മുതൽ നിർമാണമേഖല പ്രവർത്തിക്കാം എന്നുള്ളതിനാൽ ക്യാമ്പിൽനിന്ന് തൊഴിലാളികൾ ഒഴിവാകുമെന്നാണ് തദ്ദേശസ്ഥാപനങ്ങൾ കരുതുന്നത്. പക്ഷേ, ക്യാമ്പുകൾ അവസാനിപ്പിക്കണമെങ്കിൽ കളക്ടറുടെ പ്രത്യേക അനുമതി ആവശ്യമാണ്.

Content Highlight: Migrant Labourers