തൃശ്ശൂർ: രാജ്യത്തെ അലോപ്പതി മരുന്നുകളുടെ വിലയിൽ അതിശയകരമായ മറിമായങ്ങളെന്ന് വ്യാപാരമത്സരക്കമ്മിഷന്റെ പഠനം. ഏറ്റവും വിലകൂടിയ മരുന്നിന് കൂടുതൽ വിൽപ്പനയെന്നതാണ് മിക്ക വിഭാഗങ്ങളിലെയും സ്ഥിതി. ഒരേ മൂലകങ്ങൾ അടിസ്ഥാനമാക്കിയ മരുന്നിന്റെ വിവിധ ബ്രാൻഡിനങ്ങൾ തമ്മിൽ എട്ടിരട്ടിയിലധികം വിലവ്യത്യാസമാണ് കണ്ടെത്തിയിരിക്കുന്നത്. ഒരേ കമ്പനി വിപണനംചെയ്യുന്ന വ്യത്യസ്ത പേരുള്ള മരുന്നുകൾ തമ്മിൽപ്പോലും ആറിരട്ടിയുടെ വില മാറ്റമുണ്ട്.

ജനറിക് മരുന്നുകളുടെ വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ. ആന്റിബയോട്ടിക് ഗണത്തിൽ ഏറ്റവും കൂടുതൽ വിൽപ്പന നടത്തുന്ന അമോക്‌സിലിനും ക്ലോവുലനിക് ആസിഡും ചേർന്ന 125/ 500 എം.ജി.ഗുളിക. നിലവിൽ 217 കമ്പനികൾ, 292 ബ്രാൻഡുകളിലായി വിപണിയിലെത്തിക്കുന്നുണ്ട്. ആറു ഗുളികകളുടെ പായ്ക്കിന് ഒരു ബ്രാൻഡിന് 40 രൂപയാണെങ്കിൽ മറ്റൊന്നിന് 336 രൂപയാണ്- എട്ടിരട്ടിയിലധികം.

വില കൂടിയാലും വിൽപ്പന കൂടുതൽ

പ്രമേഹഗുളികയൊന്നിന് 9.97 രൂപയുള്ള ബ്രാൻഡിന്റെ വിൽപ്പന കഴിഞ്ഞ ജൂലായിലെ കണക്കുപ്രകാരം 45.63 കോടി ഗുളികകളാണ്. ഇതേയിനത്തിലെ ഏറ്റവും കുറഞ്ഞ വിലയായ 1.53 രൂപ മാത്രമുള്ള ബ്രാൻഡിന്റെ വിൽപ്പന ഇതേ കാലയളവിൽ 852 എണ്ണം മാത്രം. ഇത്തരത്തിൽ വിലകൂടിയ മരുന്നിന് വിൽപ്പന കൂടുതലുള്ള 28 ഇനങ്ങൾ പഠനത്തിൽ പട്ടികയായിത്തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. ചില്ലറവ്യാപാരികൾക്ക് കൂടുതൽ ആനുകൂല്യം ഉറപ്പാക്കിയും ഡോക്ടർമാരുടെ വിശ്വാസം ഏതുവിധേനയും നിലനിർത്തിയുമാണ് മിക്ക കമ്പനികളും വലിയ വിറ്റുവരവ് നേടുന്നതെന്നാണ് വിലയിരുത്തൽ. ഇത് മത്സരാധിഷ്ഠിത വിപണി മാനദണ്ഡങ്ങൾക്കെതിരാണെന്നും പഠനം നിരീക്ഷിക്കുന്നു.