മെഡിക്കല്‍ കോളേജ്: മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ ഹൃദയശസ്ത്രക്രിയയ്ക്കായി പോലീസും മെഡിക്കല്‍ കോളേജും ക്‌ളബ്ബ് എഫ്.എമ്മും കൈകോര്‍ത്തു. ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നവജാതശിശുക്കളുടെ ഐ.സി.യു.വില്‍ കഴിയുകയായിരുന്ന കുഞ്ഞിനെയാണ് പോലീസ് സഹായത്തോടെ ഗതാഗതതടസ്സം ഒഴിവാക്കി ഇടപ്പള്ളി അമൃത ആശുപത്രിയിലെത്തിച്ചത്.

കുഞ്ഞിന് ഹൃദയത്തിന് തകരാറുണ്ടെന്നും അടിയന്തരശസ്ത്രക്രിയ ആവശ്യമാണെന്നും മെഡിക്കല്‍ കോളേജ് ശിശുരോഗവിഭാഗം കണ്ടെത്തിയിരുന്നു. ഉടനെ നവജാതശിശുക്കള്‍ക്ക് സൗജന്യമായി ഹൃദയശസ്ത്രക്രിയ ചെയ്തുകൊടുക്കുന്ന സര്‍ക്കാരിന്റെ 'ഹൃദ്യം' പദ്ധതിയില്‍ കുഞ്ഞിനെ ഉള്‍പ്പെടുത്തുകയായിരുന്നു.

പദ്ധതിപ്രകാരം ശസ്ത്രക്രിയ നടത്തുന്ന തൃശ്ശൂരില്‍നിന്ന് ഏറ്റവും അടുത്ത ആശുപത്രി എന്ന നിലയിലാണ് അമൃത ആശുപത്രിയിലെത്തിച്ചത്. മെഡിക്കല്‍ കോളേജില്‍നിന്ന് വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സിലാണ് കുഞ്ഞിനെ കൊണ്ടുപോയത്. മെഡിക്കല്‍ കോളേജ് മുതല്‍ അമൃത ആശുപത്രി വരെയുള്ള ഗതാഗതതടസ്സം നീക്കി പോലീസ് കുഞ്ഞിന്റെ ജീവനായി പ്രവര്‍ത്തിച്ചു. ഇതോടൊപ്പം ഒരുമാസം പ്രായമുള്ള കുഞ്ഞിനെയും ഹൃദയസംബന്ധമായ പരിശോധനയ്ക്കായി അമൃതയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.

എഫ്.എമ്മില്‍നിന്ന് ടോളിലേക്കൊരു കോള്‍
: ക്ലബ്ബ് എഫ്.എമ്മിന്റെ ഐ.പി.എല്‍. പ്രോഗ്രാമിലേക്ക് ഉച്ചയോടെ ഫോണ്‍വിളിയെത്തി. ഒരു ആംബുലന്‍സ് ഡ്രൈവറുടേതായിരുന്നു വിളി. മെഡിക്കല്‍ കോളേജില്‍നിന്ന് അമൃത ആശുപത്രിയിലേക്ക് കുഞ്ഞുമായി പോവുകയാണ്. വഴിയില്‍ തടസ്സങ്ങളുണ്ടോ എന്നായിരുന്നു അദ്ദേഹത്തിന് അറിയേണ്ടത്. അതിനായി, വഴിയുടെ ഗൂഗിള്‍ മാപ്പ് ഷെയര്‍ ചെയ്തു.

ഇക്കാര്യം ക്ലബ്ബ് എഫ്.എം. പ്രക്ഷേപണം ചെയ്ത ഉടന്‍ കേള്‍വിക്കാരില്‍നിന്ന് വലിയ പ്രതികരണമാണുണ്ടായത്. അതിലൊന്ന് പാലിയേക്കര ടോള്‍ പ്‌ളാസയിലെ കുരുക്കിനെക്കുറിച്ചായിരുന്നു. ക്ലബ്ബ് എഫ്.എം. അധികൃതര്‍ ഉടനെ ടോള്‍ പ്ലാസ അധികൃതരുമായി ബന്ധപ്പെട്ടു. പോലീസിന്റെ സഹായത്തോടെ ആംബുലന്‍സിനായി ഉടനെ വഴിയൊരുങ്ങി.

0487 2442672 ആണ് ക്ലബ്ബ് എഫ്.എമ്മിന്റെ ട്രാഫിക് ഹോട്ട്ലൈന്‍ നമ്പര്‍. കേള്‍വിക്കാര്‍ക്ക് ഗതാഗതതടസ്സങ്ങള്‍ ഈ നമ്പറില്‍ വിളിച്ചറിയിക്കാം. 7510551048 എന്ന വാട്‌സാപ്പ് നമ്പറിലും വിവരങ്ങള്‍ കൈമാറാം.