തൃശ്ശൂർ: ഒല്ലൂർ മേഖലയിൽ കഞ്ചാവ് വിൽപ്പന നടത്തിയ ആനപ്പാപ്പാൻ പിടിയിലായി. കുറ്റൂർ പൊന്ന്യാംപാറ വീട്ടിൽ ശരത്ത് (ഉണ്ടൻ -22) ആണ് അറസ്റ്റിലായത്. സിറ്റി ക്രൈംബ്രാഞ്ച് എ.സി.പി. ബാബു കെ. തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. രണ്ടുകിലോ കഞ്ചാവും കണ്ടെത്തി.
പൊള്ളാച്ചിയിൽനിന്ന് കൊണ്ടുവരുന്ന കഞ്ചാവ് കുറ്റൂർ കേന്ദ്രമാക്കിയാണ് വിൽപ്പന നടത്തിയിരുന്നത്. ആവശ്യക്കാർക്ക് ബൈക്കിലാണ് കഞ്ചാവ് എത്തിച്ചിരുന്നത്. ആനപ്പാപ്പാനായ ഇയാൾ ഉത്സവസീസൺ കഴിഞ്ഞാലാണ് കഞ്ചാവ് വിൽപ്പനയുടെ ഇടനിലക്കാരനാകുന്നത്. ഒല്ലൂർ എസ്.ഐ. എസ്. ബിനോജ്, സിറ്റി ക്രൈംബ്രാഞ്ച് അംഗങ്ങളായ എസ്.ഐ. ടി.ആർ. ഗ്ലാഡ്സൺ, എ.എസ്.ഐ. എൻ.ജി. സുവ്രതകുമാർ, പി.എം. റാഫി, കെ. ഗോപാലകൃഷ്ണൻ, സി.പി.ഒ.മാരായ ടി.വി. ജീവൻ, പഴനിസ്വാമി, കെ.ബി. വിപിൻ എന്നിവരുമുണ്ടായിരുന്നു.