മാള: യഹൂദസ്മാരകമായ സിനഗോഗിന്റെ നവീകരണത്തിനായി സർക്കാർ 70 ലക്ഷം രൂപ അനുവദിച്ചതായി മുസിരിസ് പൈതൃകപദ്ധതിയുടെ മാനേജിങ് ഡയരക്ടർ പി.എം. നൗഷാദ് പറഞ്ഞു. സിനഗോഗിന്റെ പൈതൃകത്തനിമ നിലനിർത്തിയായിരിക്കും നവീകരണവും സംരക്ഷണപ്രവർത്തനവും നടത്തുക. ജോലികളുടെ കരാർ നൽകുന്ന പണി ആരംഭിച്ചിട്ടുണ്ട്. മാള ടൗണിനോടുചേർന്നാണ് സിനഗോഗ് സ്ഥിതിചെയ്യുന്നത്. യഹൂദർ ഇവിടെ താമസിച്ചിരുന്നപ്പോൾ റോഡിൽനിന്നു നേരിട്ടായിരുന്നു സിനഗോഗിലേക്കു പ്രവേശിച്ചിരുന്നത്. എന്നാൽ യഹൂദർ ഇസ്രയേലിലേക്കു മടങ്ങിപ്പോയതോടെ സിനഗോഗിന്റെ മുൻഭാഗത്തെ സ്ഥലം സ്വകാര്യവ്യക്തികൾ വിലയ്ക്കുവാങ്ങുകയും കച്ചവടസ്ഥാപനങ്ങൾ ആരംഭിക്കുകയുമായിരുന്നു. ഇതോടെ ടൗണിൽനിന്നു കാണാനാകാത്തവിധം കെട്ടിടങ്ങളുടെ പിന്നിലായി സിനഗോഗ്.
നെയ്തക്കുടിയിലേക്കുള്ള റോഡിൽനിന്നാണ് ഇപ്പോൾ പ്രവേശനം. സിനഗോഗ് ബലപ്പെടുത്തുകയും ആകർഷകമാക്കുകയും ചെയ്യുന്നതിനുപുറമേ ചുറ്റുപാടും വിനോദസഞ്ചാരികളെ ആകർഷിക്കുംവിധം മനോഹരമാക്കുകയും ചെയ്യും. കൂടാതെ ശൗചാലയങ്ങളും നിർമിക്കും. സിനഗോഗിനെ ടൗണിൽനിന്നു മറയ്ക്കുന്ന ഭാഗത്തെ കടമുറികൾ സ്ഥിതിചെയ്യുന്ന സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നുമുണ്ട്. സിനഗോഗിനുപുറമേ രണ്ടേക്കറിലധികം വിസ്തൃതിയുള്ള ശ്മശാനഭൂമിയും മുസിരിസ് പൈതൃകപദ്ധതയിൽ ഉൾപ്പെടുത്തിയിരുന്നു. ശ്മശാനത്തിന്റെ വിസ്തൃതി തിട്ടപ്പെടുത്തുന്നതിനായി ഈയിടെ സർവേ പൂർത്തീകരിച്ചിരുന്നു. സർവേ റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചിട്ടുണ്ട്.