മഴയും പുഴയും മാളക്കാർക്കിപ്പോൾ പേടിയാണ്. വെള്ളത്തിന് അവരൊരു അതിരിട്ടിരുന്നു, മനസ്സിലും മുറ്റത്തും. അതെല്ലാമിപ്പോൾ ചാലക്കുടിപ്പുഴ മായ്ച്ച് കളഞ്ഞിരിക്കുന്നു. പെരിയാർ ആലുവയോട് ചെയ്തതുതന്നെയാണ് ചാലക്കുടിപ്പുഴ മാളയോട് ചെയ്തത്. പേമാരിയും പ്രളയവുമൊഴിഞ്ഞെത്തിയ വെയിലിൽ തിളയ്ക്കുന്ന വെള്ളംപോലെയാണിപ്പോൾ മാളയുടെ മനസ്സും.

ഇതൊരു ബസ്‌സ്റ്റാൻഡായിരുന്നു

സംഭവിച്ചതിന്റെ ചെറിയൊരു ചിത്രം മാള ടൗൺ കാണിച്ചുതന്നു. മാലിന്യപ്പറമ്പുപോലെ തോന്നിച്ചു ബസ്‌സ്റ്റാൻഡ്. തകർന്നുകിടക്കുന്ന വൈദ്യുതിക്കാലുകൾക്കും കമ്പികൾക്കും ഇടയിലൂടെ വേണം സ്റ്റാൻഡിനകത്തേക്ക് കയറാൻ.

ശൂന്യം, അതാണിപ്പോൾ ഈ ഇടത്തിന് ചേരുന്ന വാക്ക്. ഒരുഭാഗത്ത് നിലംപൊത്തിയ കെട്ടിടം. സ്റ്റാൻഡിലെ പുസ്തകക്കടയ്ക്ക് മുമ്പിൽ നനഞ്ഞൊട്ടിയ പുസ്തകങ്ങളുടെ കൂമ്പാരം. ഇലക്‌ട്രോണിക്‌സ് കടയിൽനിന്ന് സാധനങ്ങൾ ആക്രിവിലയ്ക്ക് വിൽക്കാനായി പെട്ടിഓട്ടോറിക്ഷകളിൽ കയറ്റുന്നു. അതിനിടയിൽ ചിലർ അതിലേതെങ്കിലും ഉപയോഗിക്കാൻ പറ്റുമോ എന്നറിയാനായി കുലുക്കിയും ഊതിയുമൊക്കെ നോക്കുന്നു!

സ്റ്റാൻഡിന് പുറത്തെ ഹാർഡ്‌വേർ കടയ്ക്ക് മുന്നിൽ ഷട്ടർ കാണാത്തവിധം പച്ചപ്പുല്ലുകൾ പുഴ അടുക്കിവെച്ച് പോയിരിക്കുന്നു. അത് മണ്ണുമാന്തി ഉപയോഗിച്ച് മാറ്റുന്ന കാഴ്ച. മാളച്ചാലിനരികെയുള്ള ഇരുമ്പുകൈവരികൾ തകർന്നുകിടക്കുന്നു. വെള്ളം കൊണ്ടുവന്ന ചെളിയും മാലിന്യവും വെള്ളത്താൽ കഴുകിക്കളയാൻ തുടങ്ങിയിട്ടേയുള്ളൂ കടയുടമകൾ.

2
കൊച്ചുകടവിലേക്കുള്ള റോഡില്‍ എരവത്തൂരില്‍ നനഞ്ഞുകുതിര്‍ന്ന വസ്ത്രങ്ങള്‍ വരാന്തയില്‍ തന്നെ അലക്കുന്ന വീട്ടമ്മ

മുങ്ങിയ കുഴൂർ

ചാലക്കുടിപ്പുഴ മുക്കിക്കളഞ്ഞ കുണ്ടൂരിലേക്കായിരുന്നു പോക്ക്. കുഴൂർ എസ്.ബി.ടി. കവലയെത്തിയപ്പോഴേക്കും പുഴയുടെ അളവുകോലറിഞ്ഞു. തെറ്റയിൽ സേവ്യറിന്റെ ബേക്കറി വീട്ടുകാരും നാട്ടുകാരും ചേർന്ന് വൃത്തിയാക്കുകയാണ്.

ഒരാൾ പൊക്കത്തിൽ വെള്ളം പൊങ്ങിയതിന്റെ അടയാളം കട വൃത്തിയാക്കിക്കൊണ്ടിരുന്ന ഒരു കുട്ടി കാണിച്ചുതന്നു. നനയാത്തതായി ഒന്നുമില്ലായിരുന്നു ആ കടയിൽ. ‘ലൈസൻസും ആധാർകാർഡുമെല്ലാം കടയ്ക്കുള്ളിലായിരുന്നു, കാണുന്നില്ല’ -കടയ്ക്കുള്ളിൽനിന്നുമൊരു സ്ത്രീശബ്ദം.

4
കൂഴൂര്‍ ജങ്ഷനില്‍ വെള്ളം കയറി നശിച്ച കടകള്‍ വൃത്തിയാക്കുന്നു

തൊട്ടപ്പുറത്തെ കുന്നത്തുപറമ്പ് ലൂയീസിന്റെ പച്ചക്കറിക്കടയിൽനിന്ന്‌ വെള്ളം കയറി ചീഞ്ഞുപോയ പച്ചക്കറിയെല്ലാം വാരിയെടുത്ത് പെട്ടിഓട്ടോറിക്ഷയിൽ നിറയ്ക്കുന്നു.

എതിർവശത്തെ വീട്ടിലും വൃത്തിയാക്കലാണ്. കട്ടിലും മേശയും വസ്ത്രങ്ങളും എന്തിന് കളിപ്പാട്ടങ്ങൾ പോലും വാരിവലിച്ച് പുറത്തിട്ടിരിക്കുന്നു. എല്ലാവരും വൃത്തിയാക്കുന്ന തിരക്കിൽ. ക്ഷീണിക്കുമ്പോൾ കുടിക്കാനായി വെള്ളത്തിന്റെ വലിയ ജാറുകൾ വാങ്ങി കാർപോർച്ചിൽ വെച്ചിരിക്കുന്നു.

‘ഇങ്ങോട്ടൊന്നും നാലുദിവസമായി അടുക്കാൻ പറ്റുന്നുണ്ടായിരുന്നില്ല’ -കുഴൂരിലെ തോമസ് പറഞ്ഞു. വിളക്കുകാൽ ജങ്‌ഷൻ ഏതാണ്ട് ബോട്ടുജെട്ടി പോലെയായിരുന്നു. രക്ഷാപ്രവർത്തനത്തിനായുള്ള ബോട്ടുകൾ വന്നും പോയുമിരുന്നു. കഴുത്തൊപ്പമായിരുന്നു വെള്ളം, നമുക്ക് വെള്ളം എത്ര പൊങ്ങുമെന്നൊരു ഊഹമുണ്ടായിരുന്നു പക്ഷേ...’ -തോമസ് പൂർത്തിയാക്കിയില്ല.

3
കല്യാട് വലിയോലപ്പറമ്പ് മനോജിന്റെ വീട് സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് വൃത്തിയാക്കാന്‍ ശ്രമിക്കുന്നു.

റോഡിലെ പുഴ

കള്ളിയാട് - അഞ്ചോവ് പ്രദേശത്തെത്തിയതോടെ റോഡിൽ പുഴ തെളിഞ്ഞു. അരയ്ക്ക് താഴെ മാത്രമേ വെള്ളമുള്ളു എങ്കിലും ഒഴുക്കുണ്ട്. ഇവിടെയുള്ള ചെറിയ തോട്ടിലൂടെ വേണം അറ്റം കാണാതെ കടലുപോലെ കിടക്കുന്ന വെള്ളമെല്ലാം ഒഴിയാൻ. അവിടെ കലുങ്കിനടുത്തുള്ള വീട്ടിലെത്തിയതാണ് നെയ്‌തേരി ശശി ‘കൈനാട്ടും കൊച്ചുകടവുമെല്ലാം വെള്ളത്തിലാണേ... ഇനിയെപ്പൊ ഇറങ്ങുമോ എന്തോ ഈ വെള്ളം...’ -അയാൾ ആരോടെന്നില്ലാതെ പറഞ്ഞു.

വീട്ടിലെ ചെളിവെള്ളമെല്ലാം റോഡിലെ പുഴവെള്ളത്തിൽ കഴുകിയെടുക്കുന്ന വീട്ടുകാർ, ഒപ്പം തുണിയലക്കലും.

റോഡിലെ പുഴയെങ്ങനെ കടക്കും എന്നാലോചിച്ച് നിൽക്കുമ്പോൾ ഒരു പോലീസ് ജീപ്പെത്തി. മാള സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ്. കുണ്ടൂർ ക്യാമ്പിൽ വിടാമോ എന്ന് ചോദിച്ചപ്പോൾ കയറിക്കോളൂ എന്ന് പറഞ്ഞു.

ആലമറ്റത്തെ ആ വീട്

ആലമറ്റമെത്തിയപ്പോൾ വഴിയിലൊരു വീടിന് മുന്നിൽ ജീപ്പ് നിർത്തി. റെജീനയുടേതാണ് വീട്. വൃത്തിയാക്കുന്നയാളോട് പോലീസുകാരിലൊരാൾ ചോദിച്ചു, എത്രവരെ വെള്ളം പൊങ്ങി? അയാൾ വീടിന്റെ മുകൾത്തട്ടിലേക്ക് വിരൽ ചൂണ്ടി. അയാളുടെ മുഖത്തൊരു ജാള്യമുണ്ടായിരുന്നു. പോലീസുകാരൻ കാര്യം പറഞ്ഞു, ‘വെള്ളം പൊങ്ങുമെന്ന് സൂചനകിട്ടിയതോടെ മാറാൻ പറഞ്ഞിട്ടും ആദ്യഘട്ടത്തിൽ മാറാതിരുന്നവരാണ്. രണ്ടാമതെത്തി വീണ്ടും പറയുമ്പോഴേക്കും പുഴയ്ക്കരികിലുള്ള ആ വീട്ടിൽ അരയ്‌ക്കൊപ്പം വെള്ളം കയറിക്കഴിഞ്ഞിരുന്നു. ചീത്തവിളിച്ചാണ് മാറ്റിയത്. ഇല്ലെങ്കിൽ കൈക്കുഞ്ഞടക്കം മരിക്കുമായിരുന്നു.’

ആലമറ്റത്തെ കോഴിഫാമിലെ അയ്യായിരത്തോളം കോഴികളാണ് ഒലിച്ചുപോയത്. ഫാമുകളിലെ പശുക്കളും ചത്തു. ചത്തവയൊക്കെ പുഴയിൽ ഒഴുകി.

കുണ്ടൂർ ക്യാമ്പിൽ

കുണ്ടൂർ ഗവ. യു.പി. സ്‌കൂളിന് മുന്നിലെ പലകവാതിലുള്ള കടകൾക്ക് മുന്നിൽ ആടുകളെ കെട്ടിയിരിക്കുന്നു. പലർക്കും ഒരു പശുവോ രണ്ട് ആടുകളോ മാത്രമാണ് ഉണ്ടായിരുന്നത്. അതായിരുന്നു ജീവിതം. ഇപ്പോൾ ഉടുത്തിരിക്കുന്ന വസ്ത്രം മാത്രമാണ് സ്വന്തമെന്ന് പറയാവുന്നത്. അവരൊക്കെ ഇപ്പോൾ ഈ സ്‌കൂളിലെ ക്യാമ്പിലാണ്. നൂറുകണക്കിനുപേരാണ് ക്യാമ്പിലുള്ളത്. കൂടുതലും സ്ത്രീകളും കുട്ടികളും. പത്രത്തിൽനിന്നാണെന്നറിഞ്ഞതോടെ കണ്ണീരുമായി സ്ത്രീകളെത്തി ‘എല്ലാം പോയി സാറൻമാരെ; ഞാനിനി എങ്ങനെ ജീവിക്കും...’ -അറുപത്തിയേഴുകാരിയായ തങ്കം. വയലാർ ഒമ്പതാംവാർഡിലായിരുന്നു വീട്. ഏതാണ്ട് പൂർണമായും തകർന്നിരിക്കുന്നു. ‘വെള്ളം പൊങ്ങാൻ തുടങ്ങിയപ്പോൾ വെളുപ്പിന് മൂന്നുമണിക്ക് കഴുത്തറ്റം വെള്ളത്തിൽ ഉടുതുണി മാത്രമായി ക്യാമ്പിലെത്തിയതാണ്’ -അവർ പറഞ്ഞു.

1
കുണ്ടൂര്‍ ഗവ യു പി സ്‌കൂളിലെ ക്യാമ്പില്‍ ഓട്ടോയുടെ മുകളിലിരുന്നു ഉച്ചഭക്ഷണം കഴിക്കാനൊരുങ്ങുന്ന കുട്ടി

ഊഴംകാത്തുനിന്നപോലെ നബീസയും മോളും എത്തി. ‘ആണുങ്ങളാരുമില്ല വീട്ടിൽ, ഇന്നലെ മോള് പോയിനോക്കി, ആകെ ചെളിയാണ്. ഒന്നു പഴയതുപോലെയാക്കാൻ, സാധനങ്ങൾ പുറത്തേക്കെടുക്കാൻ, ഇവള് മാത്രം വിചാരിച്ചാൽ നടക്കുമോ...’

കുണ്ടൂർ മൈത്രയിൽ താമസിച്ചിരുന്ന വിജിയും വയലാർ ലക്ഷംവീട് കോളനിയിലെ സരോജിനിയും പരാതിയുമായെത്തി. ‘രാവിലെ രണ്ടുകഷ്ണം ബ്രെഡ്ഡും കട്ടൻചായയുമാണ്. ഞങ്ങൾക്ക് അതുമതി, പക്ഷേ, കുട്ടികൾക്കോ... ഇവിടെ ഒരുപാട് സാധനങ്ങൾ വരുന്നു. എങ്ങോട്ടൊക്കെയോ കൊണ്ടുപോകുന്നു.’

പേര് പറയരുതെന്നുപറഞ്ഞ് വേറെ ചിലരും വന്നു. ഉച്ചയ്ക്ക് ടീസ്പൂൺ കണക്കാണ് ചോറെന്നും, തങ്ങൾ പട്ടിണികിടന്ന് അതുകൂടി കുഞ്ഞുങ്ങൾക്ക് കൊടുക്കുകയാണെന്നും അവർ പറഞ്ഞു. അപ്പോഴേക്കും ഉച്ചയൂണിനുള്ള വരി നീളാൻ തുടങ്ങിയിരുന്നു. പാത്രങ്ങൾ കൈപ്പിടിയിലൊതുങ്ങാതെ കുട്ടികൾ താഴെയിടുന്നതിന്റെ ഒച്ചപ്പാട്.

തിരിച്ചുപോകുന്നതെങ്ങനെയെന്നാലോചിച്ച് നിന്നപ്പോഴാണ് പടിഞ്ഞാറേ ചാലക്കുടിയിലുള്ള സലീജ് കാറുമായെത്തിയത്. കാര്യം പറഞ്ഞപ്പോൾ നിറഞ്ഞ ചിരിയോടെ കയറിക്കോളാൻ പറഞ്ഞു. കുണ്ടൂർ സ്‌കൂളിനടുത്തുള്ള ബന്ധുവിനെക്കുറിച്ച് നാലുദിവസമായി ഒരു വിവരവുമില്ലാത്തതിനാൽ അന്വേഷിച്ചെത്തിയതാണ് സലീജ്.

മാളയുടെ ദുരന്ത അടയാളങ്ങളിലൊന്നുമാത്രമാണ് കുണ്ടൂർ. കൊച്ചുകടവും എരവത്തൂരും തുമ്പരശ്ശേരിയും അന്നമനടയുമെല്ലാം വെള്ളംകൊണ്ട് പൊള്ളിയ ഇടങ്ങളാണ്.