അബുദാബി: അബുദാബി അൽ വത്ബ ജയിലിൽ വധശിക്ഷ കാത്തു കഴിഞ്ഞിരുന്ന ബെക്‌സിന്റെ മോചനത്തിനായി കുടുംബത്തിന്റെ ശ്രമങ്ങൾ ഒന്നും ഫലവത്താകാതെ വന്നപ്പോഴായിരുന്നു യൂസഫലി എത്തുന്നത്. ബെക്‌സിന്റെ ബന്ധു സേതു വഴിയാണ് എം.എ. യൂസഫലിയോട് ബെക്സിന്റെ മോചനത്തിനായി ഇടപെടാൻ കുടുംബം അഭ്യർഥിച്ചത്. അപകടത്തിൽ മരിച്ച സുഡാനിക്കുട്ടിയുടെ കുടുംബവുമായി യൂസഫലി ഒട്ടേറെത്തവണ ചർച്ച നടത്തിയതാണ് മോചനത്തിലേക്കുള്ള വഴിതെളിഞ്ഞത്.

ഒരവസരത്തിൽ ഇതിനായി സുഡാനിൽനിന്ന് കുടുംബാംഗങ്ങളെ അബുദാബിയിൽ കൊണ്ടുവന്ന് താമസിപ്പിക്കുകയുംചെയ്തിരുന്നു. വർഷങ്ങൾനീണ്ട നിരന്തര ചർച്ചകൾക്കും കൂടിക്കാഴ്ചകൾക്കും ശേഷം മാപ്പുനൽകാമെന്ന് ബാലന്റെ കുടുംബം കോടതിയിൽ അറിയിച്ചതിനെത്തുടർന്നാണ് ബെക്‌സിന്റെ ജയിൽവാസത്തിന് വിരാമമാകുന്നത്. നഷ്ടപരിഹാരമായി കോടതി അഞ്ചുലക്ഷം ദിർഹം ആവശ്യപ്പെട്ടപ്പോൾ യൂസഫലിതന്നെ അത് കഴിഞ്ഞ ജനുവരിയിൽ കോടതിയിൽ കെട്ടിവെച്ചു.

2012 സെപ്റ്റംബർ ഏഴിനായിരുന്നു ജോലിസംബന്ധമായി മുസഫയിലേക്ക് പോകുമ്പോഴുണ്ടായ കാറപകടത്തിൽ സുഡാൻ സ്വദേശിയായ കുട്ടി മരിച്ചത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ നരഹത്യയ്ക്ക് കേസെടുത്ത അബുദാബി പോലീസ് ബെക്‌സിനെതിരായി കുറ്റപത്രം സമർപ്പിച്ചു. കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് കാർ പാഞ്ഞുകയറിയാണ് മരണം സംഭവിച്ചതെന്ന് സി.സി.ടി.വി. ദൃശ്യങ്ങളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ തെളിഞ്ഞതിനാലാണ് മാസങ്ങൾ നീണ്ട വിചാരണകൾക്കുശേഷം യു.എ.ഇ. സുപ്രീംകോടതി 2013-ൽ ബെക്‌സിനെ വധശിക്ഷയ്ക്ക് വിധിച്ചത്. ബെക്‌സിന്റെ അച്ഛൻ കൃഷ്ണനും വർഷങ്ങളോളം അബുദാബിയിലായിരുന്നു. മകന് വധശിക്ഷ വിധിച്ചതറിഞ്ഞ കൃഷ്ണൻ ഏഴുവർഷംമുമ്പ് മസ്തിഷ്കാഘാതം വന്ന്‌ ചികിത്സയിലാണ്.

സഹോദരൻ ബിൻസനും അബുദാബിയിലാണ് ജോലിചെയ്യുന്നത്. ഭാര്യ: വീണ. മകൻ: അദ്വൈത്.

മകൻ തിരിച്ചു വരുന്ന സന്തോഷത്തിൽ കുടുംബം

നടവരമ്പ് : ബെക്‌സിന്റെ വധശിക്ഷ ഇളവുനൽകി എന്ന വാർത്ത പ്രതീക്ഷകൾ നഷ്ടപ്പെട്ട കുടുംബത്തിന് ആശ്വാസവും സന്തോഷവും നൽകുന്നതായിരുന്നു. വർഷങ്ങൾക്ക് മുമ്പ് അബുദാബി മുസഫയിൽ താൻ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാൻ പൗരനായ ബാലൻ മരിക്കാനിടയായ സംഭവത്തിൽ വധശിക്ഷ വിധിക്കപ്പെട്ട ബെക്‌സിനാണ് യൂസഫലിയുടെ സഹായവും ഇടപെടലും മൂലം പുതുജീവിതം ലഭിച്ചത്.

നാട്ടിൽ ടാറ്റകമ്പനിയുടെ ഷോറൂമിൽ മൂന്നുവർഷക്കാലത്തെ ജോലിക്കുശേഷം 2000-ത്തിലാണ് അബുദാബിയിലേക്ക് പോകുന്നത്. സേഹ എന്ന മെഡിക്കൽ കമ്പനിയിൽ ജോലിചെയ്തിരുന്ന സമയത്താണ് 2012-ൽ വധശിക്ഷ വിധിക്കാനിടയായ സംഭവം. വിവരം അറിഞ്ഞതുമുതൽ വീട്ടുകാർ പല മാർഗങ്ങളിലൂടെയും ബെക്‌സിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തി. ഇതിനിടയിൽ ബെക്‌സിന്റെ പിതാവ് കൃഷ്ണന് മകനെക്കുറിച്ചുള്ള വിഷമത്തെ തുടർന്ന് മസ്തിഷ്കാഘാതം വന്നു. അതിന്റെ ചികിത്സ നടക്കുകയാണ്.

കൃഷ്ണന്റെ ബന്ധു ടി.സി. സേതുമാധവൻ വഴി യൂസഫലിയുമായി ബന്ധപ്പെട്ടതാണ് ബെക്‌സിന്റെ മോചനത്തിലേക്ക് വഴിതെളിച്ചത്. അമ്മ ചന്ദ്രികയും ഭാര്യ വീണയും ബെക്സിന്റെ തിരിച്ചുവരവിലുള്ള സന്തോഷത്തിലാണ്. രണ്ടു വയസ്സ് മാത്രം പ്രായമുള്ളപ്പോൾ ഗൾഫിലേക്ക് പോയ അച്ഛൻ തിരിച്ചുവരുന്നതിലുള്ള സന്തോഷത്തിലാണ് ഏക മകൻ അദ്വൈത്.

ശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ ആണെങ്കിലും വീട്ടുകാർക്ക് വെള്ളിയാഴ്ച ഒഴികെ ഫോണിൽ ബെക്‌സനെ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നു. നിയമനടപടികൾ പൂർത്തിയാക്കി ഇന്ത്യൻ എംബസിയുടെ ഔട്ട്‌പാസ് കിട്ടിയ ബെക്‌സൻ ഈ മാസം അവസാനം നാട്ടിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി വീട്ടുകാർ പറഞ്ഞു.