തൃശ്ശൂർ: പ്രചാരണത്തിൽ മേൽക്കോയ്മ നിലനിർത്താനുള്ള നെട്ടോട്ടത്തിലാണ് രാജാജി മാത്യു തോമസ്. വിശ്രമമില്ലാതെ പ്രചാരണം തുടരുന്ന രാജാജി ശനിയാഴ്ച മണലൂർ നിയോജകമണ്ഡലത്തിൽ രണ്ടാംഘട്ട പര്യടനം പൂർത്തിയാക്കി. മഴുവഞ്ചേരി സെന്ററിൽനിന്ന്‌ ആരംഭിച്ച പര്യടനത്തിന്‌ മുരളി പെരുനെല്ലി എം.എൽ.എ. അടക്കമുള്ള നേതാക്കൾ നേതൃത്വം നൽകി.

തലക്കോട്ടുകരയ്ക്കുശേഷം ആയമുക്കിൽ എത്തിയപ്പോൾ കുട്ടികളും സ്ത്രീകളും അടക്കമുള്ളവരുടെ ഗംഭീര സ്വീകരണം. പട്ടിക്കര തടത്തിൽ പള്ളിയിൽ ഒരു കുട്ടി കണിക്കൊന്നയും സമ്മാനിച്ചു. തായംകാവിൽ കൊന്നപ്പൂവും അലങ്കാരച്ചെടികളുടെ ഇലകളുമായി എത്തി പ്ലാസ്റ്റിക്കിനെ ഒഴിവാക്കുക എന്ന സന്ദേശം നൽകിയായിരുന്നു സ്വീകരണം.

കൂനംമൂച്ചി, ചൊവ്വല്ലൂർപ്പടി, പാലബസാർ എന്നിവിടങ്ങളിലും സ്വീകരണം ലഭിച്ചു. മാമബസാറിൽ മുന്തിരിയടക്കമുള്ള പഴവർഗങ്ങളും കൊന്നപ്പൂക്കളും നൽകിയും ചുവന്ന ഹാരം അണിയിച്ചുമായിരുന്നു സ്വീകരണം.

ഉച്ചയോടെ കാക്കശ്ശേരി പള്ളി വികാരിയെ സന്ദർശിച്ചു. തുടർന്ന് ഉച്ചയോടെ കാക്കശ്ശേരി പടിവരമ്പിൽ പര്യടനത്തിന്‌ താത്കാലിക വിരാമം.

ഉച്ചകഴിഞ്ഞ് 3-ന് കടവല്ലൂരിൽനിന്ന്‌ പുനരാരംഭിച്ച പര്യടനം വിവിധയിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം ആശാരിമൂലയിൽ സമാപിച്ചു.

ഒപ്പത്തിനൊപ്പം പ്രതാപൻ

തൃശ്ശൂർ: പ്രചാരണത്തിൽ ഒപ്പത്തിനൊപ്പമുണ്ട് യു.ഡി.എഫ്. സ്ഥാനാർഥി ടി.എൻ. പ്രതാപൻ. സ്വാതന്ത്ര്യസമരത്തിന്റെ സ്മരണകളുറങ്ങുന്ന അവിണിശ്ശേരിയുടെ മണ്ണിലൂടെയായിരുന്നു ശനിയാഴ്ച പ്രതാപന്റെ പര്യടനം. ചേർപ്പ് ബ്ലോക്കിലെ നാല് മണ്ഡലങ്ങളിലൂടെയായിരുന്നു നിരവധി ബൈക്കുകളുടെയും വാഹനങ്ങളുടെയും അകമ്പടിയോടെയുള്ള പര്യടനം.

രാവിലെ എട്ടിന് പാലയ്ക്കൽ മാർക്കറ്റിനു സമീപം പ്രചാരണ പരിപാടികൾ തുടങ്ങി. വാളും പരിചയും നൽകിയാണ് നാട്ടുകാർ സ്ഥാനാർഥിയെ എതിരേറ്റത്. ഉച്ചയ്ക്കുശേഷം ചെവ്വൂരിൽനിന്നാരംഭിച്ച് ഇരുപത്തിയാറ് സ്വീകരണ കേന്ദ്രങ്ങൾക്കു ശേഷം കോടന്നൂർ സെന്ററിൽ സമാപിച്ചു.

സ്വാന്ത്ര്യസമരത്തിന്റെ സ്മരണകളുറങ്ങുന്ന വി.ആർ. കൃഷ്ണൻ എഴുത്തച്ഛന്റെ നാട്ടിൽ വോട്ടുചോദിച്ചു. ബോട്ടുജെട്ടിയിലേക്ക് നീങ്ങവേ എഴുപത്തഞ്ചുകാരി കാർത്യായനി തുറന്ന വാഹനത്തിന് കൈനീട്ടി വണ്ടിയിൽ കയറി. സ്ഥാനാർഥിയെ ചേർത്തുപിടിച്ച് ചന്ദനക്കുറി നെറ്റിയിൽ ചാർത്തി. ചെറുവശ്ശേരിയിൽ സെൽഫിയെടുക്കാനും നാട്ടുകാർ ആവേശം കൂട്ടുന്നുണ്ടായിരുന്നു. ഊരകം സെന്ററിലേക്ക് നീങ്ങവേയാണ്‌ കാറിൽ സഞ്ചരിക്കുകയായിരുന്ന സംഗീതസംവിധായകൻ വിദ്യാധരൻ മാസ്റ്ററെ സ്ഥാനാർഥി കണ്ടത്. വണ്ടിയിൽനിന്നിറങ്ങി അനുഗ്രഹം വാങ്ങിച്ചു. ബസിൽക്കയറി ഡ്രൈവർക്കടുത്തിരുന്ന് ബസിലുള്ളവരോട് വോട്ട് തേടി. ഉച്ചയ്ക്കുശേഷം തൃശ്ശൂരിൽ ആസ്പത്രിസന്ദർശിച്ചു. ആനപ്രേമി കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ സായാഹ്ന ധർണയിലും പങ്കെടുത്തു. കോടന്നൂർ സെന്ററിൽ രാത്രിയോടെ പര്യടനം സമാപിച്ചു.

ഒാടിയെത്താൻ സുരേഷ് ഗോപി

തൃശ്ശൂർ: എൻ.ഡി.എ. സ്ഥാനാർഥി സുരേഷ് ഗോപി രാജാജിക്കും പ്രതാപനും ഒപ്പമെത്താൻ കഠിനപരിശ്രമത്തിലാണ്. വൈകിയെത്തിയ സ്ഥാനാർഥിയുടെ താരത്തിളക്കം പ്രചാരണത്തിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നുണ്ട്.

മണലൂരിന്റെ മനംകവർന്നാണ് സുരേഷ് ഗോപി ശനിയാഴ്ച പര്യടനം നടത്തിയത്. മണലൂരിലൂടെ തുറന്ന ജീപ്പിലെത്തിയ സ്ഥാനാർഥിയെ വോട്ടർമാർ ആവേശത്തോടെയാണ് സ്വീകരിച്ചത്. പൊരിവെയിലിനെ അവഗണിച്ച് സ്ത്രീകളടക്കം വൻ ജനാവലിയാണ് സ്ഥാനാർഥിയെ സ്വീകരിക്കാൻ എത്തിയത്. റോഡിൽ കാത്തുനിന്ന സ്ത്രീകളെയും കുട്ടികളെയും കണ്ട് വാഹനത്തിൽനിന്നിറങ്ങി വോട്ടഭ്യർഥിച്ചു. സ്ത്രീകൾ താലത്തിന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് പലയിടങ്ങളിലും സ്വീകരിച്ചത്. തുടർന്ന് സ്വീകരണസമ്മേളനത്തിന് നന്ദി പറഞ്ഞ് ചെറു പ്രസംഗം.

ഭാരതത്തെ വികസനപാതയിലെത്തിച്ച മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തേണ്ടതിന്റെ ആവശ്യകതയും അതോടൊപ്പം മണ്ഡല വികസനവും വിശ്വാസത്തെ ഹനിച്ചുകൊണ്ടുള്ള ഇടതുസർക്കാരിന്റെ ഭരണവും വോട്ടർമാർക്കുമുന്നിൽ അവതരിപ്പിച്ചു.

തുടർന്ന് ചൂണ്ടൽ സെന്ററിലായിരുന്നു സ്വീകരണം. മണലൂരിന്റെ പ്രധാന വീഥികളിലും നാട്ടിടവഴികളിലുമെല്ലാം സ്ഥാനാർഥിയെ കാണുന്നതിനായി റോഡരുകിൽ നിരവധി പേരാണ് നിറഞ്ഞുനിന്നിരുന്നത്. ചൂണ്ടലിൽനിന്ന് മറ്റം,വാക,ചിറ്റാട്ടുകര കിഴക്കേത്തല, ചൊവ്വല്ലൂർപ്പടി തിരിവ്, മാമാ ബസാർ, കവല, പാവറട്ടി എന്നിവിടങ്ങളിൽ സ്വീകരണത്തിനു ശേഷം ഉച്ചയ്ക്ക് ചുക്കുബസാറിൽ സമാപിച്ചു. ഉച്ചയ്ക്കുശേഷം പെരുവല്ലൂരിൽനിന്ന് തുടങ്ങി മനക്കൊടി ആശാരിമൂലയിൽ സമാപിച്ചു.

Content Highlights: lok sabha election thrissur constituency tn prathapan suresh gopi rajaji mathew