തൃശ്ശൂർ: 100 കോടിയുടെ തട്ടിപ്പും 300 കോടിയുടെ ക്രമക്കേടും കണ്ടെത്തിയ കരുവന്നൂർ സഹകരണബാങ്കിൽ തട്ടിപ്പുനടത്തിയത് ബാങ്ക് സോഫ്‌റ്റ്‌വേറിൽ മാറ്റംവരുത്തിയും ജീവനക്കാർ സംഘം ചേർന്നും. ‘വി ബാങ്ക്’ എന്ന സോഫ്‌റ്റ്‌വേറാണ്‌ ബാങ്കിൽ ഉപയോഗിച്ചിരുന്നത്. ഇത് നടപ്പാക്കിയ ഉടൻ കംപ്യൂട്ടർ വിദഗ്ധരുടെ സഹായത്തോടെ സോഫ്റ്റ്‌വേറിൽ കൃത്രിമത്വം നടത്തി.

സാധാരണ ബാങ്കിന്റെ മാനേജരും അസിസ്റ്റന്റ് മാനേജരും മാത്രം നിയന്ത്രിക്കാറുള്ള (അഡ്മിൻ) സോഫ്‌റ്റ്‌വേർ കരുവന്നൂർ ബാങ്കിൽ 18 പേരാണ് നിയന്ത്രിച്ചത്. സോഫ്‌റ്റ്‌വേർ അഡ്മിൻമാരിൽ അറ്റൻഡറും പ്യൂണും ബാങ്കിന്റെ റബ്‌കോ കമ്മിഷൻ ഏജന്റായ ബിജോയിയും ഉണ്ടായിരുന്നു. ബാങ്കിൽനിന്ന് വിരമിച്ചയാളും ദീർഘാവധിയിലുള്ള ആളും അഡ്മിൻമാരായി ഉണ്ടായിരുന്നു.

ബാങ്കിന്റെ സോഫ്‌റ്റ്‌വേറുകളിൽ തനിയെ പ്രവർത്തിക്കാറുള്ള ഡേ ഓപ്പൺ, ഡേ എൻഡ് സംവിധാനം 2017 മേയ് ആറുവരെ പ്രവർത്തിച്ചിരുന്നില്ല. ബാങ്കിന്റെ പ്രവൃത്തിസമയങ്ങളിൽമാത്രം സോഫ്‌റ്റവേർ പ്രവർത്തനക്ഷമമാകുന്ന സംവിധാനമാണിത്. ഈ സംവിധാനം നിലവിലില്ലാത്തതിനാൽ അഡ്മിൻമാർക്ക് ഏതുസമയത്തും എവിടെയിരുന്നും ബാങ്ക് സോഫ്റ്റ്‌വേർ പ്രവർത്തിപ്പിക്കാം. അതോടൊപ്പം ഏത് ഇടപാടും ഡിലീറ്റ് ചെയ്യാനും സാധിക്കും.

മാറ്റംവരുത്തിയതും ഡിലീറ്റ് ചെയ്തതുമായ കാര്യങ്ങൾ ഒരിക്കലും തിരികെ കിട്ടാനാകാത്തവിധം സോഫ്‌റ്റ്‌വേറിൽ മാറ്റംവരുത്തിയിരുന്നു. ഈ സ്ഥിതിക്ക് മാറ്റമുണ്ടായത് 2017 ജൂൺ ആറുമുതലാണ്. അതുവരെ ബാങ്ക് അക്കൗണ്ടുകളിലും ഇടപാടുകളിലും എന്തെല്ലാം മാറ്റംവരുത്തിയെന്ന് കണ്ടെത്താനാകാത്ത സ്ഥിതിയായി.

വസ്തു ഈടിന്മേൽ കോടികളുടെ വായ്പ അനുവദിക്കുമ്പോൾ ആദ്യം കാര്യങ്ങൾ സോഫ്‌റ്റ്‌വേറിൽ കാണിക്കുകയും പിന്നീട് മായ്ച്ചുകളയുകയുമായിരുന്നു രീതി. അതിനാൽ, ഏത് ഈടിന്മേലാണ് വായ്പ നൽകിയതെന്നോ ആരൊക്കെയാണ് ജാമ്യക്കാരെ‌ന്നോ കണ്ടെത്താനാകുന്നില്ല. ഇത്തരത്തിലുള്ള തട്ടിപ്പ് നടത്തിയതിനാലാണ് വസ്തുക്കൾ ഈടുനൽകി ചെറിയ വായ്പയെടുത്തവരുടെ പേരിൽപോലും അവസാനം കോടികളുടെ വായ്പയുണ്ടെന്ന് കാണുന്നത്.

സോഫ്റ്റ് വെയറില്‍ തിരിമറി ഇങ്ങനെ

  • വായ്പാ ഈടിന്റെ ഗഹാൻ നമ്പർ, ഡോക്യുമെന്റ് നമ്പർ തുടങ്ങിയവയൊന്നും രേഖപ്പെടുത്താതെ വായ്പ അനുവദിക്കാനാകുന്ന രീതിയിൽ സോഫ്‌റ്റവേർ ക്രമീകരിച്ചു.
  • സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് മാറ്റി പണം അപഹരിക്കാനുതകുന്ന ക്രമീകരണവും നടപ്പാക്കി.
  • ബാക്ക് അപ്പ് വിവരം കിട്ടാത്ത രീതിയിൽ മാറ്റംവരുത്തിയതിനാൽ ഈ കണക്കിൽ എത്ര പണം അപഹരിച്ചെന്ന് കണ്ടെത്താനാകില്ല.
  • എല്ലാ ഇടപാടുകളും മാനേജർ അംഗീകരിക്കുന്ന സംവിധാനം വി ബാങ്ക് സോഫ്‌റ്റ്‌വേറിൽ ഉണ്ട്. കരുവന്നൂർ ബാങ്കിലെ സോഫ്‌റ്റ്‌വേറിൽ ഇതില്ല.
  • ഒരാൾക്ക് അനുവദിച്ച വായ്പ ബാങ്ക് മാനേജരോ അക്കൗണ്ട് ഉടമയോ ഏതെങ്കിലും ജീവനക്കാരനോ അറിയാതെ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റാവുന്ന സംവിധാനവും ഇവിടെയുണ്ട്.
  • ഒരേസമയം ഒന്നിലേറെപ്പേർക്ക് ഒരേ നോഡിൽ ലോഗ് ഇൻ ചെയ്യാനാകുംവിധം സോഫ്‌റ്റവേർ മാറ്റിയെടുത്തു.
  • പാസ്‌വേഡ് ഓട്ടോമാറ്റിക്കായി മാറുന്ന സംവിധാനം മരവിപ്പിച്ചു.
  • ആക്സസ് ലോഗ്, ഫെയിൽഡ് ലോഗ് ഇൻ, ലോഗ് ഓഫ്, ഫെയിൽഡ് യൂസർ ഐ.ഡി., റിമോട്ട് ആക്സസ് ലോഗ് തുടങ്ങിയ സംവിധാനങ്ങൾ സോഫ്‌റ്റവേറിൽനിന്ന് മാറ്റി.
  • * ഓവർഡ്രാഫ്റ്റ് പരിധി ഉയർത്തി പണം തട്ടാനാകുന്ന രീതിയിൽ മാറ്റങ്ങൾ വരുത്തി.