തൃശ്ശൂർ : കൈകാലുകളിൽ ഒട്ടിപ്പിടിച്ച വിരലുകൾ, തലയിൽ അമിതവളർച്ചയുള്ള എല്ല്, സാധാരണയിലും താഴ്ന്ന കണ്ണുകൾ- ഇങ്ങനെ നിരവധി പ്രശ്നങ്ങളുമായാണ് അനാമികയുടെ ജനനം. തലയിലെ എല്ലുകൾ നീക്കംചെയ്യുന്നതിന്റെയും വിരലുകൾ വേർപെടുത്തുന്നതിന്റെയും ശസ്ത്രക്രിയകൾ കഴിഞ്ഞു. കണ്ണിന്റെ പ്രശ്നം തീർക്കാനുൾപ്പെടെ മൂന്നോ നാലോ ശസ്ത്രക്രിയ ഇനിയും വേണം. രണ്ടു വയസ്സിനിടെ ഏറെ വേദന അനുഭവിച്ചുകഴിഞ്ഞു ഈ കുഞ്ഞ്.

അടാട്ട് കാട്ടിൽപ്പറമ്പിൽ ജോസിന്റെയും പ്രസന്നയുടെയും മകളാണ് അനാമിക. ബൈകോറോണൽ ക്രാനിയോസിനോസ്‌റ്റോസിസ് ആൻഡ് സിൻഡാക്റ്റ്‌ലി അപേർട്‌സ് സിൻഡ്രോം (bicoronal craniosynostosis and syndactyly aperts syndrome) എന്ന ജനിതക രോഗമാണ് ഈ കുഞ്ഞിന്. ഇതുവരെയുള്ള ശസ്ത്രക്രിയകൾക്ക് ഏതാണ്ട് പത്തുലക്ഷത്തോളം രൂപ ചെലവാക്കിക്കഴിഞ്ഞു. അത്രയുംകൂടി ഉണ്ടായാലേ ബാക്കി ശസ്ത്രക്രിയകൾ നടത്താനാകൂ.

ജോസിനും പ്രസന്നയ്ക്കും കാത്തിരുന്നു കിട്ടിയ കൺമണിയാണ് അനാമിക. പപ്പടവിൽപ്പന നടത്തുന്ന വണ്ടിയിലെ ഡ്രൈവറായിരുന്നു ജോസ്. അസുഖംമൂലം ജോലിക്ക് പോകാനാകാത്ത സ്ഥിതിയാണുള്ളത്. വാടകവീട്ടിലാണ് താമസം. കുഞ്ഞിന് ആറുമാസം പ്രായമാകുമ്പോൾ ചെയ്യേണ്ട ശസ്ത്രക്രിയകൾ പണത്തിന്റെ ഞെരുക്കം കാരണം രണ്ടുവയസ്സായപ്പോഴാണ് ചെയ്യാനായത്. നാട്ടുകാരുടെ സഹായത്തോടെയായിരുന്നു ഇതുവരെയുള്ള ചികിത്സ. തുടർശസ്ത്രക്രിയക്കായുള്ള പണം എങ്ങനെ സംഘടിപ്പിക്കും എന്ന ആശങ്കയിലാണ് കുടുംബം.

വാർഡ് അംഗം ആനി വർഗ്ഗീസ് ഉൾപ്പെടെയുള്ളവർ സഹായത്തിനായി രംഗത്തുണ്ട്. സൗത്ത് ഇന്ത്യൻ ബാങ്ക് ഒളരിക്കര ശാഖയിൽ അമ്മ പ്രസന്നാ ജോസിന്റെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുമുണ്ട്. അക്കൗണ്ട് നമ്പർ: 0649053000005472. ഐ.എഫ്.എസ്.സി. SIBL0000649. ഗൂഗിൾ പേ-9400864022.