മാള: പ്രളയത്തിൽ കിടപ്പാടം പൂർണമായി നഷ്ടമായതോടെ വഴിയാധാരമായവരുടെ പരിദേവനങ്ങളാണ് എവിടെയും. പ്രായമായ മാതാപിതാക്കളെയും പ്രായപൂർത്തിയായ പെൺമക്കളെയും കൂട്ടി ബന്ധുഗൃഹങ്ങളിൽ അനിശ്ചിതമായി താമസിക്കേണ്ടിവരുന്നവരുടെ തേങ്ങലുകൾ മനസ്സിലൊതുക്കുന്നു ഇവർ. വീട് നഷ്ടമായതോടെ മാനസികസമ്മർദം അനുഭവിച്ച് രോഗികളായവരും കുറവല്ല. വീടിനായി ഓഫീസുകൾ കയറി അലയുമ്പോഴും എന്ന് ലഭിക്കുമെന്ന് ഒരുറപ്പുമില്ല.

ഭവനരഹിതരുടെയും കേടുപാട് പറ്റിയ വീടുകളുടെയും വിവരങ്ങൾ ലൈഫ് മിഷൻ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യാനുള്ള നിർദ്ദേശം മാത്രമാണ് പഞ്ചായത്തുകൾക്ക് ലഭിച്ചിട്ടുള്ളത്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് തുക അനുവദിക്കാൻ മാസങ്ങളെടുക്കും. വീട് നിർമാണത്തിന്റെ ഓരോ ഘട്ടം പിന്നിടുമ്പോൾ മാത്രമേ തുക അനുവദിക്കൂവെന്നതും നിർമാണം വൈകാൻ കാരണമാകും. എല്ലാം സുഗമമായി നടന്നാൽപോലും ആറുമാസമെങ്കിലും പിന്നിടാതെ പുതിയ വീട്ടിൽ താമസിക്കാനാകുമെന്ന് കരുതുന്നില്ല.

കുഴൂരിൽ തലചായ്ക്കാൻ ഇടമില്ലാതെ 40 കുടുംബങ്ങൾ

കുഴൂർ പഞ്ചായത്തിൽ പൂർണമായും വീടുകൾ ഇടിഞ്ഞുവീണ് നശിച്ചത് 40 ഇടങ്ങളിൽ. ഇത്തരക്കാരെ പുതിയ വീട് നിർമിക്കുന്നതുവരെ ക്യാമ്പിലോ വാടകവീടുകളിലോ പാർപ്പിക്കുമെന്നായിരുന്നു സർക്കാർ വാഗ്ദാനം. എന്നാൽ ഇവിടെ പ്രളയശേഷം ക്യാമ്പുകളെല്ലാം അടച്ചുപൂട്ടി. വാടകവീടുകളും പ്രവർത്തിക്കുന്നില്ല. തകർന്ന വീടിനു സമീപം താത്കാലികമായി വെച്ചുകെട്ടിയ കുടിലുകളിലും ബന്ധു-സുഹൃത്ത് വീടുകളിലുമാണ് എല്ലാവരും കഴിയുന്നത്.

തകർന്ന വീടിനു സമീപത്ത് ഷെഡ്ഡ് കെട്ടാൻപോലും സാധിക്കാതെ ടാർപാളിൻഷീറ്റ് വലിച്ചുകെട്ടി അതിനു കീഴിലാണ് എട്ടാം വാർഡിലെ കൊച്ചുകടവിൽ തോപ്പുതറ തങ്കമ്മയും മക്കളും കഴിയുന്നത്. കുണ്ടൂർ ആലമിറ്റം കൊഴുവക്കാട്ടിൽ ലീല സുരേഷ്, തിരുത്ത മുത്തുകുളങ്ങര പാറക്കപ്പറമ്പിൽ ചന്ദ്രിക രാമകൃഷ്ണൻ, മുത്തുകുളങ്ങരയിൽ മൂത്തേടത്തുപറമ്പിൽ മിനി സുനിൽദത്ത് തുടങ്ങി നിരവധിപേരാണ് ഭവനരഹിതരായി കഴിയുന്നത്. ഭാഗികമായി കേടുപാടുകൾ പറ്റിയ വീടുകളിൽ കഴിയുന്നവർ വേറെ. മേൽക്കൂര തകർന്നും ഭിത്തി വിണ്ടുകീറിയും അടിത്തറ ഇളകിയുമുള്ള നാനൂറിലധികം വീടുകളാണ് പഞ്ചായത്തിലുള്ളത്. കാര്യമായ അറ്റകുറ്റപ്പണികൾ നടത്തിയാൽ മാത്രമേ ഇവയെ ബലപ്പെടുത്തി താമസയോഗ്യമാക്കാൻ സാധിക്കൂ. ഇതിനും സർക്കാരിന്റെ ലൈഫ് പദ്ധതിതന്നെയാണ് ശരണം. ബലക്ഷയവും അപകടസാധ്യതയുമുള്ള ഇത്തരം വീടുകളിൽ തന്നെയാണ് ഭൂരിഭാഗംപേരും താമസിക്കുന്നത്. വീട്ടുപകരണങ്ങളും വളർത്തുമൃഗങ്ങളെയും കൃഷിയും ഇട്ടെറിഞ്ഞ് പോകാൻ സാധിക്കുന്നില്ല. അപകടസാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിന് ‘അല്ലാതെ ഞങ്ങൾ എന്തുചെയ്യും’ എന്ന നിസ്സഹായമായ മറുചോദ്യമാണ് ഇവരിൽ നിന്നുയരുന്ന മറുപടി.

പൊയ്യയിലും മാളയിലും

പൊയ്യ പഞ്ചായത്തിൽ 28 പേരുടെ വീടുകൾ പൂർണമായും 80 വീടുകൾ ഭാഗികമായും തകർന്നു. കൂടാതെ 35 വീടുകൾക്ക് ബലക്ഷയവും സംഭവിച്ചിട്ടുള്ളതായാണ് ഔദ്യോഗിക കണക്ക്. പഞ്ചായത്തിലെ കഴഞ്ചിത്തറയിലാണ് പ്രളയം വീടുകളെ കൂടുതലായും തകർത്തത്.

മാള പഞ്ചായത്തിൽ 40 വീടുകൾ പൂർണമായും ഇരുനൂറിലധികം വീടുകൾ ഭാഗികമായും തകർന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ചാലക്കുടിപ്പുഴ വഴിമാറി ഒഴുകിയെത്തിയാണ് കോട്ടമുറി വൈന്തോടിനു സമീപം താമസിച്ചിരുന്ന തെക്കുംപുറം ലക്ഷ്മി, തെക്കുംപുറം ശാന്ത വേലുക്കുട്ടി, വെള്ളാനി മേരി വർഗ്ഗീസ് എന്നിവരുടെ വീടുകൾ ഇല്ലാതാക്കിയത്.

ഇല്ലാതായത് തലമുറകൾ താമസിച്ച വീട്; ലതയ്ക്ക് താങ്ങാനാകുന്നില്ല

കുഴൂർ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനടുത്തായിരുന്നു ലതയുടെ വീട്. രണ്ട് തലമുറയിൽപ്പെട്ടവർ താമസിച്ചിരുന്ന വീട് ഇന്നില്ല. കല്ലുകളുടെയും മണ്ണിന്റെയും കൂമ്പാരം മാത്രം. വിധവയായ ലത (54)യും മകനും മരുമകളും രണ്ട് പേരക്കുട്ടികളുമായി താമസിച്ചിരുന്ന വീടാണ് പ്രളയം കവർന്നത്. ഓഗസ്റ്റ് 15-ന് വെള്ളം വീട്ടുപടിക്കൽ എത്തിയപ്പോൾ വീടുവിട്ടിറങ്ങിയതാണ്. വെള്ളമൊഴിഞ്ഞപ്പോൾ വീടും കൂടെ ഒലിച്ചുപോയിരുന്നു. പഴയകാലത്തെ മണ്ണുകൊണ്ടുള്ള കട്ടയിൽ തീർത്തിരുന്ന വീട് വെള്ളത്തിൽ കുതിർന്ന് നിലംപൊത്തുകയായിരുന്നു. വീട്ടിൽനിന്ന്‌ യാതൊന്നും തിരികെ ലഭിച്ചില്ലെന്ന് മരുമകളായ ശ്രുതി പറഞ്ഞു. ഇപ്പോൾ ബന്ധുക്കൾക്കൊപ്പമാണ് താമസം. വീട് നഷ്ടപ്പെട്ടതിന്റെ ആധിയിൽനിന്നും അമ്മ മുക്തമായിട്ടില്ലെന്ന് ഇവർ പറഞ്ഞു. വിഷാദരോഗത്തിലേക്ക് നീങ്ങുമോയെന്ന ആധിയാണ് ഇവർക്ക്. സ്വന്തമായി സ്ഥലമുണ്ടെങ്കിലും വീട് വീണ്ടും നിർമിക്കാനുള്ള ശേഷി ഇവർക്കില്ല. മക്കളുടെ പഠനവും നിത്യച്ചെലവും കൂട്ടിമുട്ടിക്കാൻ പോലും ശ്രുതിയുടെ ഭർത്താവായ പ്രശാന്തിന് ലഭിക്കുന്ന വരുമാനം കൊണ്ടാകുന്നില്ല. സ്വകാര്യ ബസ് ജീവനക്കാരനാണ് പ്രശാന്ത്. വീണുകിടക്കുന്ന വീട് കാണാനാരെങ്കിലും എത്തിയിട്ടുണ്ടെന്നറിഞ്ഞാൽ ഇവർ ഓടിയെത്തും, ആരെങ്കിലും വീട് നിർമിച്ചുനൽകുമെന്ന പ്രതീക്ഷയിൽ. (തുടരും)