കുതിരാന്‍: ദേശീയപാത കുതിരാനില്‍ 22 മണിക്കൂര്‍ നീണ്ട ഗതാഗതക്കുരുക്ക്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നിന് തുടങ്ങിയ കുരുക്ക് ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിവരെ നീണ്ടു.

കുതിരാന്‍ മേഖല കടക്കാന്‍ വാഹനങ്ങള്‍ക്ക് രണ്ടരമുതല്‍ മൂന്നുമണിക്കൂറോളം സമയം വേണ്ടിവന്നു.

കുതിരാന്‍ മേഖലയില്‍ പലയിടത്തായി റോഡിലെ കുഴിയില്‍പ്പെട്ട് ആറ് വാഹനങ്ങള്‍ കേടായി നിന്നതാണ് കുരുക്കിനു കാരണം.

മൂന്ന് ലോറിയും കെ.എസ്.ആര്‍.ടി.സി. ബസും സ്വകാര്യബസും കാറുമാണ് കേടായത്. 12 മണിക്കൂര്‍ ഇടവേളകളിലാണ് ആറ് വാഹനങ്ങളും കേടായത്. തകര്‍ന്ന റോഡിലൂടെ വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയാതിരുന്നത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കി.

കുതിരാനില്‍ റിക്കവറി വാന്‍ ഇല്ലാത്തതാണ് നിലവില്‍ ഏറ്റവും വലിയ പ്രതിസന്ധി. കേടായ വാഹനങ്ങള്‍ നേരെയാക്കി മാറ്റുന്നതുവരെ വാഹനങ്ങള്‍ റോഡില്‍ത്തന്നെ കിടക്കും.

വഴുക്കുംപാറയിലും വില്ലന്‍വളവിലും വാഹനങ്ങളെ ഒരുവരിയായി കടത്തിവിട്ടുകൊണ്ട് ഗതാഗതം പുനഃസ്ഥാപിക്കാന്‍ പോലീസ് ശ്രമിച്ചു.

അഞ്ച് പോലീസുകാരാണ് ഇവിടെ ഡ്യൂട്ടിക്ക് ഉണ്ടായിരുന്നത്.

ഗതാഗതക്കുരുക്കിനെത്തുടര്‍ന്ന് സ്വകാര്യ വാഹനങ്ങള്‍ കുതിരാന്‍ മേഖല ഉപേക്ഷിച്ച് 18 കിലോമീറ്ററോളം അധികം സഞ്ചരിച്ച് ചേലക്കര വഴിയാണ് തൃശ്ശൂര്‍ നഗരത്തില്‍ എത്തിയത്.