കുതിരാൻ: ദേശീയപാത കുതിരാനിൽ അറ്റകുറ്റപ്പണി ആരംഭിക്കാൻ കുറഞ്ഞത് ഒരാഴ്ചയെങ്കിലും സമയമെടുക്കും. ടെൻഡർ എടുത്ത കമ്പനി ബാങ്ക് ഗാരന്റി സമർപ്പിക്കാൻ ഒരാഴ്ചയോളം വൈകിയതാണ് നിലവിലെ പ്രതിസന്ധി. തിങ്കളാഴ്ച ഗാരന്റി സമർപ്പിച്ചതിനു ശേഷമേ ഔദ്യോഗികമായി നിർമാണം ആരംഭിക്കാൻ അനുമതി ലഭിക്കുകയുള്ളൂ.

ഇതിനുശേഷം ടാർ മിക്സിങ് പ്ലാന്റ് തയ്യാറാക്കേണ്ടതുണ്ട്. ചുരുങ്ങിയത് ഒരാഴ്ച ഇതിനു വേണ്ടിവരും. സ്ഥിരമായി പെയ്യുന്ന മഴയും പണികൾക്ക് പ്രതിസന്ധിയാണ്. വൈകുന്നേരങ്ങളിൽ സ്ഥിരമായി പെയ്യുന്ന മഴയിൽ അസംസ്കൃതവസ്തുക്കൾ നനഞ്ഞുകിടക്കുന്നതിനാൽ ഇവ പ്ലാന്റിൽ മിക്സ് ചെയ്തെടുക്കാൻ സാധിക്കില്ല. കുതിരാൻ മേഖലയിലെ അറ്റകുറ്റപ്പണി തുടങ്ങുന്നതിനുമുമ്പ് അടിയന്തരമായി കുഴികൾ അടയ്ക്കാം എന്ന വാഗ്ദാനവുമായി നിർമാണക്കമ്പനിയായ കെ.എം.സി. രംഗത്തെത്തിയിട്ടുണ്ട്.

നിലവിലെ സ്ഥിതിയിൽ ഒരാഴ്ച കാത്തിരിക്കാൻ പറ്റിയ അവസ്ഥയല്ല കുതിരാനിലേത്. ഗതാഗതസ്തംഭനം ഒഴിവാക്കാൻ താത്‌കാലികമായി ചരക്കുവാഹനങ്ങൾ പിടിച്ചിടുന്നുണ്ടെങ്കിലും ഇത് ശാശ്വത പരിഹാരമല്ല. കുരുക്കിന്റെ സമയത്ത് വാഹനങ്ങളുടെ അപകടകരമായ രീതിയിലുള്ള ഓട്ടം വലിയ ദുരന്തമാണ് കാത്തിരിക്കുന്നത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൊണ്ടും അപകടസാധ്യത കണക്കിലെടുത്തുകൊണ്ടും മറികടക്കുന്നത് നിരോധിച്ചിട്ടുള്ള മേഖലയാണ് കുതിരാൻ. എന്നാൽ നിലവിൽ നാലുവരിയായാണ് വാഹനങ്ങൾ ഇതിലൂടെ ഓടുന്നത്. കുരുക്കിൽനിന്നു രക്ഷപ്പെടാൻ ഇടതുഭാഗത്തുകൂടി ഓവർടേക്ക് ചെയ്യുന്ന വാഹനങ്ങളുടെ എണ്ണം വളരെ കൂടുതലാണിവിടെ.