കുറാഞ്ചേരി: മഹാപ്രളയത്തില്‍ കുറാഞ്ചേരിക്കാര്‍ക്ക് നഷ്ടപ്പെട്ടത് 19 ജീവന്‍. വര്‍ഷം ഒന്ന് പിന്നിടുമ്പോഴും മണ്ണ് സമ്മാനിച്ച തോരാത്ത ദുരിതത്തിന്റെ മരവിപ്പില്‍നിന്ന് ഇവിടത്തുകാര്‍ മോചിതരായിട്ടില്ല. പോയവര്‍ഷത്തെ പ്രളയകാലത്ത് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച ദുരന്തഭൂമിയാണ് കുറാഞ്ചേരി. ഒരു നൂറ്റാണ്ടിനിടയില്‍ തലപ്പിള്ളി താലൂക്കിലെന്നല്ല, ജില്ലയില്‍ പോലും ഇത്രയധികം പേരുടെ ജീവന്‍ അപഹരിച്ച പ്രകൃതിദുരന്തമുണ്ടായിട്ടില്ല.

2018 ഓഗസ്റ്റ് 16-ന് രാവിലെ 6.50-ന് കുറാഞ്ചേരി കുന്നിടിഞ്ഞ് അഞ്ച് വീടുകള്‍ മണ്ണില്‍ മൂടി. സംസ്ഥാനപാതയോരത്തെ ബസ്സ്റ്റോപ്പും തകര്‍ത്ത് റെയില്‍പാളത്തില്‍ വരെ മണ്ണെത്തി. ദുരന്തം നടന്ന് ആറാം ദിവസമാണ് കുറാഞ്ചേരി വഴി സംസ്ഥാനപാതയിലൂടെ ഗതാഗതം പുനരാരംഭിച്ചത്. മണ്ണിനടിയില്‍ പെട്ടവരില്‍ 12 പേരുടെ മൃതദേഹം ആദ്യദിവസത്തെ തിരച്ചിലിലും ആറുപേരുടേത് രണ്ടാം ദിവസവും ഒരാളുടേത് നാലാം ദിവസവുമാണ് ലഭിച്ചത്. ദുരന്തത്തില്‍ രണ്ട് കുടുംബങ്ങള്‍ പൂര്‍ണമായും ഇല്ലാതെയായി. തകര്‍ന്ന വീടുകളില്‍ ഒന്നില്‍ ഒരാളും മറ്റൊരു കുടുംബത്തില്‍ നാലു പേരും മാത്രം അവശേഷിച്ചു.

മണ്ണിടിഞ്ഞത് 20 ഇടങ്ങളില്‍

മച്ചാട്-വടക്കാഞ്ചേരി വനം റെയ്ഞ്ചുകളുടെ പരിധിയില്‍ 20 ഇടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. മൂന്നിടങ്ങളിലായുണ്ടായ മണ്ണിടിച്ചിലില്‍ ആകെ 24 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കുറാഞ്ചേരിയിലെ 19 പേര്‍ക്ക് പുറമേ ഏക്കര്‍കണക്കിന് സ്ഥലത്ത് മണ്ണ് വന്നടിഞ്ഞ കാഞ്ഞിരശ്ശേരിയില്‍ ഒരാളും കൊറ്റമ്പത്തൂരില്‍ നാലു പേരും മണ്ണിടിച്ചിലില്‍ മരിച്ചു. മിക്കയിടത്തും തേക്ക് ഉള്‍പ്പെടെ കടപുഴകി. മാനുകള്‍ ഉള്‍പ്പെടെയുള്ള വന്യജീവികളുടെ ആവാസമേഖലയാണ് മണ്ണിടിച്ചിലുണ്ടായ വനമേഖല.

സ്ഥലത്തെത്തിയ ദുരന്തനിവാരണ അതോറിറ്റിയുടെ ലാന്‍ഡ് സ്ലൈഡ് പ്രോജക്ട് ഇന്‍വെസ്റ്റിഗേറ്ററും ജിയോളജിസ്റ്റുമായ ഡോ. എസ്. ശ്രീകുമാര്‍ അന്ന് അഭിപ്രായപ്പെട്ടത് കുറാഞ്ചേരിയിലേത് അതിവര്‍ഷം മൂലമുണ്ടായ സ്വാഭാവിക മണ്ണിടിച്ചിലാണെന്നാണ്. ഉരുള്‍പൊട്ടലെന്ന് വിശേഷിപ്പിക്കാനാവില്ല, വലിയ മണ്ണിടിച്ചിലാണ്. 51 ഡിഗ്രിയിലധികം ചെരിവുള്ള കുന്നില്‍ ദൃഢതയില്ലാത്ത മണ്ണ് വെള്ളത്തില്‍ കുതിര്‍ന്ന് കുത്തിയൊഴുകിയതാണ് കുറാഞ്ചേരിയില്‍ സംഭവിച്ചതെന്നായിരുന്നു വിലയിരുത്തല്‍. മണ്ണിടിച്ചില്‍, കനത്ത മഴയെ തുടര്‍ന്നുള്ള മണ്ണിനകത്തെ മണ്ണൊലിപ്പാണെന്നാണ് മണ്ണ് പര്യവേക്ഷണ സംരക്ഷണ ഉദ്യോഗസ്ഥര്‍ വിലയിരുത്തിയത്. കേരള വനഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരും പഠനം നടത്തിയിരുന്നു. ചെരിവേറിയ പ്രദേശമായതിനാലും ചെളിയും ചരലുമുള്ള മണ്ണായതിനാലും മണ്ണിടിച്ചില്‍ ശക്തിയേറിയതായി. കനത്ത മഴ ഉണ്ടായാല്‍ വീണ്ടും ഇടിച്ചിലിനുള്ള സാദ്ധ്യത കേന്ദ്ര ജിയോളജിക്കല്‍ സംഘം വിലയിരുത്തി. സ്വാഭാവികമായ ഹരിതവത്കരണത്തിലൂടെ മാത്രമേ പ്രതിരോധം സാദ്ധ്യമാവൂ എന്നായിരുന്നു വിദഗ്ധസംഘത്തിന്റെ അഭിപ്രായം.

മരിച്ചവരുടെ കുടുംബത്തിന് 60 ലക്ഷം രൂപ

മരിച്ച 15 പേരുടെ കുടുംബത്തിന് അറുപത് ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായമായി നല്‍കി. രേഖകള്‍ ഹാജരാക്കാന്‍ ശേഷിക്കുന്ന ഒമ്പത് പേര്‍ക്ക് കൂടി ഇനി തുക കൈമാറാനുണ്ട്. ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ട പാറേങ്ങാട്ടില്‍ സജിയും ദുരന്തത്തില്‍ മരിച്ച കൊല്ലംകുന്നേല്‍ മത്തായിയുടെ മകന്‍ സിജോയും കുറാഞ്ചേരിയില്‍ വ്യാപാരം പുനരാരംഭിച്ചു.

മരിച്ച കന്നുകുഴിയില്‍ മോഹനന്റെ വ്യാപാരസ്ഥാപനം സഹോദരങ്ങള്‍ ഏറ്റെടുത്തു. ദുരന്തത്തില്‍ വീട് തകര്‍ന്ന കുഞ്ഞുകുളങ്ങര തങ്കയുടെ വീട് നിര്‍മ്മാണം നടക്കുന്നു. സജി മിണാലൂര്‍ ബൈപ്പാസിലും സിജോ പൂമലയിലുമാണ് പുതിയ താമസസ്ഥലം കണ്ടെത്തിയത്.

വടക്കാഞ്ചേരി നഗരസഭയും തെക്കുംകര പഞ്ചായത്തും മണ്ണിടിച്ചിലില്‍ തകര്‍ന്ന റോഡ് വീണ്ടെടുത്തു. അതേസമയം ദുരന്തഭൂമിയില്‍നിന്ന് നീക്കിയ ആയിരക്കണക്കിന് ലോഡ് മണ്ണ് സമീപത്തുള്ള രണ്ട് സ്ഥലങ്ങളിലായി കൂട്ടിയിട്ടത് മാറ്റാന്‍ നടപടിയായില്ല. കെ.എല്‍.ഡി.സി.ക്ക് ബണ്ട് നിര്‍മ്മാണത്തിന് കൈമാറണമെന്ന് ജില്ലാ ഭരണകൂടം തീരുമാനം എടുത്തതല്ലാതെ തുടര്‍നടപടി ഉണ്ടായില്ല. 

ദുരന്തമുണ്ടായത് 2018 ഓഗസ്റ്റ് 16-ന്

കഴിഞ്ഞ പ്രളയകാലത്ത് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടയിടം

ബസ്സ്റ്റോപ്പ് പോലും പുനര്‍നിര്‍മിച്ചില്ല

balakrishnan

പഠനവും റിപ്പോര്‍ട്ടുകളും കടലാസിലൊതുങ്ങി. വിദഗ്ധസംഘം നിര്‍ദ്ദേശിച്ച ഹരിതവത്കരണം ദുരന്തഭൂമിയില്‍ ഇതുവരെ നടപ്പിലാക്കിയിട്ടില്ല. വനംവകുപ്പ് മുളയും രാമച്ചവും വെച്ചുപിടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ദുരന്തഭൂമിയില്‍ നിലംപൊത്തിയ തേക്കുമരങ്ങള്‍ പോലും പത്ത് മാസത്തിനു ശേഷമാണ് നീക്കിയത്. കുതിര്‍ന്ന മണ്ണ് നീക്കണമെന്ന ആവശ്യവും വനംവകുപ്പ് കേട്ടില്ലെന്ന് നടിച്ചു.

റെയില്‍വേ മാത്രമാണ് ഒരു കോടിയില്‍പരം രൂപ ചെലവാക്കി റെയില്‍പാളത്തോട് ചേര്‍ന്ന് സംരക്ഷണഭിത്തി നിര്‍മ്മിച്ചത്. സംസ്ഥാനപാതയോട് ചേര്‍ന്നുള്ള പൊതുമരാമത്ത് വകുപ്പിന്റെ സംരക്ഷണഭിത്തിയും കാനയും നിര്‍മ്മാണം കാലവര്‍ഷത്തിനു ശേഷം തുടങ്ങുമെന്നാണ് പറയുന്നത്. തകര്‍ന്ന ബസ്സ്റ്റോപ്പ് പുനര്‍നിര്‍മ്മിക്കാന്‍ ഇതുവരെ നടപടിയായില്ല.

ദുരന്തവുമായി ബന്ധപ്പെട്ട് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന് പോലീസ് നല്‍കിയ മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങളും ഫയലിലാണ്. മണ്ണിടിഞ്ഞ ഭാഗത്ത് ബഞ്ച് കട്ടിങ്, തുടര്‍ന്ന് വനവത്കരണം, നീര്‍ച്ചാല്‍ പുനഃസ്ഥാപിക്കല്‍, നിലവിലെ താമസക്കാരെ മാറ്റിപ്പാര്‍പ്പിക്കല്‍, വിവിധ വകുപ്പുകളുടെ ഏകോപനം, ബോധവത്കരണം, മണ്ണിടിച്ചിലിന് സാദ്ധ്യതയുള്ള സ്ഥലങ്ങളുടെ മാപ്പ് തയ്യാറാക്കല്‍ തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് പോലീസ് സമര്‍പ്പിച്ചത്.

ബാലകൃഷ്ണന് ലഭിച്ചത് 12,000 രൂപ മാത്രം
 

മണ്ണിടിച്ചില്‍ സമയത്ത് സംസ്ഥാനപാതയിലൂടെ ബൈക്കില്‍ പോയിരുന്ന തെക്കുംകര പാലിശ്ശേരി ബാലകൃഷ്ണന്‍ സാരമായ പരിക്കുകളോടെ ഒരു വര്‍ഷമായി ചികിത്സയിലാണ്. കാര്യമായി ഒരു ധനസഹായവും ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ട ബാലകൃഷ്ണന് ലഭിച്ചില്ല; ലഭിച്ചത് വെറും 12,000 രൂപ മാത്രം.