കുന്നംകുളം: താലൂക്കാശുപത്രിയെ മൂന്നുവർഷത്തിനുള്ളിൽ സ്‌പെഷ്യാലിറ്റി പദവിയിലേക്കുയർത്താൻ ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുമെന്ന് ആരോഗ്യവകുപ്പുമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. കുന്നംകുളം താലൂക്കാശുപത്രിയിലെ ഡയാലിസിസ് യൂണിറ്റും ഹീമോഫീലിയ ക്ലിനിക്കും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

ആരോഗ്യരംഗത്ത് സമഗ്രമായ മാറ്റംവരുത്താനാണ്‌ സർക്കാർ പദ്ധതി തയ്യാറാക്കുന്നത്. പി.എച്ച്.സി.മുതൽ മെഡിക്കൽ കോളേജുകൾവരെയുള്ള ആരോഗ്യസ്ഥാപനങ്ങളിൽ ഇതിന്റെ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. സർക്കാർ അനുവദിക്കുന്ന തുകയ്ക്ക് കെട്ടിടങ്ങളുണ്ടാക്കുന്ന രീതി മാറണം.

ഓരോ ആശുപത്രിക്കും സമഗ്ര വികസനപദ്ധതി തയ്യാറാക്കിയാണ് മുന്നോട്ടുപോകുന്നത്. കുടുംബാരോഗ്യകേന്ദ്രങ്ങളും വയോമിത്രം പദ്ധതിയും സാധാരണക്കാർക്ക് ഏറെ ആശ്വാസമാകും. ജീവിതശൈലീരോഗങ്ങൾ കുറയ്ക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ഇതിലൂടെ കഴിയും. ഏതാനും വർഷങ്ങൾക്കുള്ളിൽ ഇതിന്റെ ഫലം അനുഭവപ്പെടാൻ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

മന്ത്രി എ.സി. മൊയ്തീൻ അധ്യക്ഷനായി. പി.കെ. ബിജു എം.പി., ചെയർപേഴ്‌സൺ സീതാ രവീന്ദ്രൻ, ഡോ. താജ്‌പോൾ പനയ്ക്കൽ, എ.വി. സുമതി, പി.എം. സുരേഷ്, ഡോ. ബിന്ദു തോമസ്, ഡോ. ടി.വി. സതീശൻ, എം.എൻ. സത്യൻ, കെ. ജയശങ്കർ, എൻ.എം. കൃഷ്ണൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.

ജ്യോതി ലബോറട്ടറീസ്, കുന്നംകുളം കൂട്ടായ്മ ബഹറിൻ, പി.എസ്.എം. ഡെന്റൽ കോളേജ്, ലയൺസ് ക്ലബ്ബ്, ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി, പെൻഷനേഴ്‌സ് അസോസിയേഷൻ, ചേംബർ ഓഫ് കൊമേഴ്‌സ്, ദയാ മെഡിക്കൽസ് തുടങ്ങിയവർ ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനത്തിന് ആവശ്യമായ ധനസഹായം കൈമാറി.