കുന്നംകുളം : പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കുള്ള ഉച്ചഭക്ഷണ കിറ്റുകളുടെ വിതരണം തുടങ്ങി. വിദ്യാഭ്യാസവകുപ്പ് നൽകിയ പട്ടിക അനുസരിച്ച് സപ്ലൈകോയുടെ നേതൃത്വത്തിലാണ് പത്തിനങ്ങളടങ്ങിയ കിറ്റുകൾ സ്കൂളിലെത്തിക്കുന്നത്. ജില്ലയിൽ 2,05,820 കുട്ടികൾക്ക് കിറ്റുകളെത്തിക്കും.

പ്രീപ്രൈമറി വിഭാഗത്തിന് 1.2 കിലോഗ്രാമും എൽ.പി. വിഭാഗത്തിന് നാലു കിലോഗ്രാമും യു.പി. വിഭാഗത്തിൽ ആറ് കിലോഗ്രാമും അരിയുണ്ടാകും. എൽ.പി. വിഭാഗത്തിന് ചെറുപയർ, കടല, പരിപ്പ്, പഞ്ചസാര എന്നിവ 500 ഗ്രാം വീതമാണ്. യു.പി. വിഭാഗത്തിന് ചെറുപയർ, പരിപ്പ്, പഞ്ചസാര എന്നിവ ഒരു കിലോഗ്രാം വീതമുണ്ടാകും.

ജില്ലയിലെ 12 ഉപജില്ലകളിൽനിന്ന് എ.ഇ.ഒ.മാർ തയ്യാറാക്കിനൽകിയ പട്ടിക പ്രകാരമുള്ള കിറ്റുകളാണ് സപ്ലൈകോയുടെ മാവേലി സ്റ്റോറുകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവയിലൂടെ സ്കൂളിലെത്തിക്കുക. തലപ്പിള്ളി താലൂക്കിൽ 47,556 കിറ്റുകളാണ് തയ്യാറാക്കുന്നത്.

ഇതിൽ പ്രീപ്രൈമറി വിഭാഗത്തിനുള്ള കിറ്റുകളുടെ വിതരണം തുടങ്ങിയതായി സപ്ലൈകോ അസി. മാനേജർ ഇൻചാർജ് ശോഭാ വർഗീസ് പറഞ്ഞു.