കുന്നംകുളം : ചങ്ങരംകുളത്തെ സ്വകാര്യബാങ്കിലെ ജീവനക്കാരനും നഗരസഭയിലെ താത്കാലിക ജീവനക്കാരിക്കും കോവിഡ്-19 സ്ഥിരീകരിച്ചു. രണ്ടുപേരുടെയും രോഗ ഉറവിടം കണ്ടെത്താനായില്ല. ഇവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനും നിരീക്ഷണത്തിലാക്കാനുമുള്ള നടപടികൾ തുടങ്ങി.

ചങ്ങരംകുളത്തെ സ്വകാര്യബാങ്കിന്റെ കീഴിൽ പണം പിരിക്കാൻ ചുമതലയുള്ള ചെറുകുന്ന് സ്വദേശിക്കും നഗരസഭയിലെ ദേശീയ നഗര ഉപജീവനദൗത്യത്തിന് (എൻ.യു.എൽ.എം.) കീഴിലെ താത്കാലിക ജീവനക്കാരിയായ ആനായ്ക്കൽ സ്വദേശിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

ജൂൺ 25-ന് ശേഷം ചെറുകുന്ന് സ്വദേശി ജോലിക്ക് പോയിട്ടില്ലെന്നാണ് സൂചന. പിന്നീട് പൊന്നാനി താലൂക്കിൽ ഉൾപ്പെടുന്ന ചങ്ങരംകുളം മേഖല കർശന നിയന്ത്രണത്തിലായിരുന്നു. ഇതിനു മുമ്പാണ് വൈറസ് ബാധയുണ്ടായിട്ടുള്ളതെന്നാണ് നിഗമനം.

നഗരസഭയിലെ താത്കാലിക ജീവനക്കാരിയുടെ സ്രവപരിശോധന ജൂൺ 30-നാണ് നടത്തിയിരുന്നത്. ശനിയാഴ്ച ഫലം വന്നപ്പോൾ പോസറ്റീവായി. നഗരസഭയുടെ പ്രധാന ഓഫീസിനു പുറത്താണ് ഇവരുടെ ഓഫീസ് പ്രവർത്തിക്കുന്നത്. കുടുംബശ്രീ ഓഫീസുമായാണ് ഇവർക്ക് കൂടുതൽ സമ്പർക്കമുള്ളത്. നഗരസഭയിലെ രണ്ട് സി.ഡി.എസ്. ചെയർപേഴ്‌സൺമാരോടും കുടുംബശ്രീ ഓഫീസിൽ ഈയാഴ്ചയിൽ ചുമതലയിലുണ്ടായിരുന്നവരോടും നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്.

നഗരസഭ ഓഫീസിനോടു ചേർന്ന് പ്രവർത്തിക്കുന്ന സുഭിക്ഷ കാന്റീൻ ഒരാഴ്ചത്തേക്ക് അടച്ചിടാൻ സെക്രട്ടറി ബി. അനിൽകുമാർ നിർദേശം നൽകി. കുടുംബശ്രീ ഓഫീസ് അണുവിമുക്തമാക്കാനുള്ള നടപടികൾ തുടങ്ങി.