കുന്നംകുളം: പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ മരുന്നുണ്ടായിട്ടും കാര്യമില്ല, ഫാർമസിസ്റ്റില്ലാതെ രോഗികൾക്ക് മരുന്ന് കിട്ടില്ല. ഹൈക്കോടതി ഉത്തരവ് കർശനമായി നടപ്പാക്കാൻ തുടങ്ങിയതോടെ പല പി.എച്ച്.സി.കളിൽ നിന്നും മരുന്ന് ലഭിക്കാതെ മടങ്ങേണ്ട സ്ഥിതിയിലാണ് രോഗികൾ.

സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ഫാർമസിസ്റ്റുകളാണ് ഇന്ത്യൻ ഫാർമസി ആക്ട് നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഇവർക്ക് അനുകൂലമായി വിധിയുമുണ്ടായി. ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഉത്തരവ് പ്രകാരം പി.എച്ച്.സി.യിൽ ഡോക്ടറുണ്ടെങ്കിൽ സ്റ്റാഫ് നഴ്‌സിനോ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സിനോ മരുന്ന് നൽകാമായിരുന്നു. ഹൈക്കോടതി ഉത്തരവിറങ്ങിയതോടെ കോടതിയലക്ഷ്യ നടപടിയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി ജീവനക്കാർ ഇതിന് തയ്യാറാകുന്നില്ല.

സംസ്ഥാനത്തെ പി.എച്ച്.സി.കളിൽ ഒരു ഫാർമസിസ്റ്റ് തസ്തികയാണുള്ളത്. ഇവർ അവധിയെടുക്കുമ്പോഴുംഅവലോകനയോഗത്തിൽ പങ്കെടുക്കേണ്ടി വരുമ്പോഴും ഇപ്പോൾ മരുന്നു വിതരണം നിർത്തിവെക്കുകയാണ്. ഇതോടെ ആരോഗ്യ കേന്ദ്രത്തിലെത്തുന്ന രോഗികൾക്ക് ഡോക്ടറുടെ കുറിപ്പുണ്ടെങ്കിലും മരുന്ന് ലഭിക്കാതെ മടങ്ങേണ്ടി വരും.

ഫാർമസിസ്റ്റ് അവധിയിൽ പ്രവേശിക്കുകയോ കോൺഫറൻസുകളിൽ പങ്കെടുക്കുകയോ ചെയ്യുന്ന ദിവസങ്ങളിൽ മരുന്ന് വിതരണം ചെയ്യാൻ സാധിക്കില്ലെന്നറിയിച്ചുള്ള നോട്ടീസും പി.എച്ച്.സി.കളിൽ പതിച്ചിട്ടുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ രോഗീസൗഹൃദ കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായുള്ള ആർദ്രം പദ്ധതിയിൽ ജീവനക്കാരുടെ കുറവുകൾ നികത്തുന്നുണ്ട്. ഇതിലുൾപ്പെടുത്തി ഫാർസിസ്റ്റുകളുടെ അധിക തസ്തിക അനുവദിക്കാൻ സർക്കാരോ ആരോഗ്യവകുപ്പോ തയ്യാറായിട്ടില്ല.