കുന്നംകുളം: ‘വക്കീലന്മാരാ ഇത്തവണ കൂടുതൽ’. വെട്ടിക്കടവ് കോൾപ്പടവിലേക്ക് പക്ഷികളെ തേടിച്ചെല്ലുന്ന പരിചിതരോട് നാട്ടുകാർ കുശലം പറയും. വൂളി നെക്ക്ഡ് ഹെറോണിനെയാണ് വക്കീലന്മാരോട് ഉപമിക്കുന്നത്. വക്കീലന്മാരുടെ കോട്ടിന് തുല്യമായ കറുത്ത തൂവലും കഴുത്തിലെ വെളുത്ത കെട്ടുപോലുള്ള നിറവുമാണ് ഇവർക്ക് ഈ ഓമനപ്പേര് നൽകിയത്.

വെട്ടിക്കടവ് കോൾപ്പാടത്ത് കൃഷിയൊരുക്കമായതോടെ ദേശാടനപ്പക്ഷികളുടെ വസന്തകാലം തുടങ്ങി. പക്ഷികളെ സ്നേഹിക്കുന്നവരെയും നല്ലചിത്രങ്ങൾ പകർത്തി സൂക്ഷിക്കുന്നവരെയും ഇനിയുള്ള ദിവസങ്ങൾ ഇവിടം മാടിവിളിക്കും. പാടം ട്രാക്ടർ ഉപയോഗിച്ച് ഇളക്കിമറിക്കുന്നതോടെ മീനുകളും കായ്‌കനികളും ഇഷ്ടംപോലെ ലഭിക്കും. ദേശാടനപ്പക്ഷികളെ ഇതാണ് ഏറെ ആകർഷിക്കുന്നത്.

കൊക്കുകളുടെ വിഭാഗത്തിൽ വർണക്കൊക്ക്, ചിന്നക്കൊക്ക്, പെരുംകൊക്ക്, ലിറ്റിൽ എഗ്രറ്റ്, ആള വിഭാഗത്തിലുള്ള റിവർടേൺ, സാൻഡ്‌വിച്ച്‌ ടേൺ, കാടപ്പക്ഷികൾ, ഐബിസ്, ചേരക്കോഴി തുടങ്ങി വൈവിധ്യമാർന്ന പക്ഷികളാണ് ഇവിടെയെത്തുന്നത്. കേരളത്തിൽ അപൂർവമായി കാണുന്ന പെയിന്റഡ് സ്റ്റോർക് വിഭാഗത്തിലുള്ള പക്ഷികളും ഈ സമയത്ത് വെട്ടിക്കടവിലെത്തിയിട്ടുണ്ടെന്ന് ഫോട്ടോഗ്രാഫറും പക്ഷിസ്നേഹിയുമായ കെ. മനൂപ് ചന്ദ്രൻ പറഞ്ഞു.

കോൾപ്പാടത്ത് ഇത്തവണ ഒരുമാസത്തോളം വൈകിയാണ് കൃഷിയൊരുക്കം തുടങ്ങിയിട്ടുള്ളത്. കാട്ടകാമ്പാൽ, പൊന്നാനി മേഖലയിൽ നേരത്തേ കൃഷി തുടങ്ങിയിരുന്നു. അവിടെനിന്നുള്ള പക്ഷികളും ഇത്തവണ വെട്ടിക്കടവിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. തറനിരപ്പിൽനിന്ന് ഉയർന്ന് കുറച്ച് ദിവസങ്ങൾകൂടി ഇവിടെ വെള്ളം നിൽക്കും. ഇത് വിരുന്നുവരുന്ന പക്ഷികൾക്ക് അനുകൂലസാഹചര്യമൊരുക്കും. ഇരതേടാനും കൂടുതൽ സമയം ലഭിക്കും. സാധാരണ കാണുന്ന കൊക്കുകളുടെ എണ്ണത്തിലും വലിയതോതിൽ വർധനയുണ്ട്. അപൂർവ ഇനത്തിലുള്ള പക്ഷികൾ ഇത്തവണ പറന്നെത്താൻ സാധ്യത കൂടുതലാണെന്നും പക്ഷിനിരീക്ഷകൻ ഫാ. പത്രോസ് പറഞ്ഞു.