കുന്നംകുളം: നാലുവർഷത്തെ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഭരണത്തിൽ വികസനമുണ്ടായില്ലെന്ന് കൗൺസിൽ യോഗത്തിൽ യു.ഡി.എഫ്.അംഗങ്ങളുടെ ആരോപണം. വർഷങ്ങളായി മുടങ്ങിക്കിടന്ന വികസനപദ്ധതികളിൽ പലതും പൂർത്തിയാക്കിയെന്നും ചിലപദ്ധതികൾ അന്തിമഘട്ടത്തിലാണെന്നും സി.പി.എം. അംഗങ്ങൾ മറുപടി നൽകി.

ടൗൺഹാൾ നവീകരണത്തിൽ അഴിമതിയുണ്ടെന്നാരോപിച്ച് ബഹളം തുടങ്ങിയതോടെ അജൻഡ ചർച്ചചെയ്യാതെ യോഗം പിരിച്ചുവിട്ടു. യു.ഡി.എഫിലെ ജയ്‌സിങ് കൃഷ്ണനാണ് നഗരസഭയിൽ വികസനമുരടിപ്പാണെന്ന ആരോപണവുമായി രംഗത്തെത്തിയത്. തുറക്കുളം മാർക്കറ്റ്, അറവുശാല, ബസ് സ്റ്റാൻഡ്, ഇൻഡോർ സ്‌റ്റേഡിയം എന്നിവ പൂർത്തിയാക്കാനായില്ലെന്നായിരുന്നു കുറ്റപ്പെടുത്തൽ. 2010-15 കാലത്ത് യു.ഡി.എഫ്. തുടങ്ങിവെച്ച പദ്ധതികളാണ് പൂർത്തിയാക്കിയതെന്നും ഇവർ പറഞ്ഞു. ഭരണസമിതി ഒന്നുംചെയ്തിട്ടില്ലെന്നു പറയുന്നത് കൃത്യമായ രാഷ്ട്രീയ ആരോപണമാണെന്ന് വൈസ് ചെയർമാൻ പി.എം. സുരേഷ് പറഞ്ഞു. 2010 മുതൽ 2015 വരെയുള്ള കാലത്ത് 36 ശതമാനംപോലും പദ്ധതിവിഹിതം ചെലവഴിക്കാനായില്ല. കഴിഞ്ഞ രണ്ടു സാമ്പത്തികവർഷത്തിലും നൂറുശതമാനം തുകയും ചെലവഴിച്ചു- അദ്ദേഹം ചൂണ്ടിക്കാട്ടി.

ടൗൺഹാളിൽ നടത്തിയ നവീകരണപ്രവർത്തനങ്ങളിൽ അഴിമതിയുണ്ടെന്നായിരുന്നു ബിജു സി.ബേബിയുടെ ആരോപണം. ഇത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ചെയർപേഴ്‌സന്റെ മുന്നിൽ ബഹളം തുടങ്ങിയതോടെ യോഗം പിരിച്ചുവിട്ടു. യു.ഡി.എഫിന്റെ കാലത്ത് തുടങ്ങിയ പ്രവൃത്തികളൊന്നും അതേരീതിയിൽ മുന്നോട്ടുപോകാൻ പറ്റാത്ത അവസ്ഥയായിരുന്നുവെന്ന് ചെയർപേഴ്‌സൺ സീതാ രവീന്ദ്രൻ പറഞ്ഞു. പലതും സാങ്കേതികക്കുരുക്കുകളിൽ കിടക്കുകയായിരുന്നു. ഭരണത്തിന്റെ ആദ്യനാളുകളിൽ ഓരോ ഫയലിലെയും പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളായിരുന്നു. ടൗൺഹാൾ, ചൊവ്വന്നൂരിലെ കമ്മ്യൂണിറ്റി ഹാൾ, ഓഫീസ് നവീകരണം, മാലിന്യസംസ്‌കരണം തുടങ്ങിയ ഒട്ടേറെ പദ്ധതികൾ പൂർത്തിയായി. ബസ്‌സ്റ്റാൻഡ് നിർമാണം പുരോഗമിക്കുകയാണ്. തുറക്കുളം മാർക്കറ്റിന്റെ തടസ്സങ്ങൾ നീക്കാനായെന്നും സീതാ രവീന്ദ്രൻ പറഞ്ഞു.

പുറമ്പോക്കുസ്ഥലങ്ങൾ റവന്യൂവകുപ്പിന് കൈമാറും

കുന്നംകുളം: നഗരത്തിൽ ചേരിനിർമാർജനത്തിന്റെ ഭാഗമായി മാറ്റിപ്പാർപ്പിച്ച കുടുംബങ്ങൾ താമസിക്കുന്ന സ്ഥലങ്ങൾ റവന്യൂവകുപ്പിന് കൈമാറാൻ തീരുമാനം. പാറപ്പുറം ചേരിയിൽനിന്ന് 33 പേരെയാണ് മാറ്റിപ്പാർപ്പിച്ചിരുന്നത്. ഇതിൽ കോട്ടക്കുന്നിലുള്ളവർക്ക് പട്ടയം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിരുന്നു. ബാക്കിയുള്ളവർ നഗരസഭയുടെ വിവിധ സ്ഥലങ്ങളിലാണ് കഴിയുന്നത്. വർഷങ്ങൾ പിന്നിട്ടിട്ടും ഇവർക്ക് പട്ടയം നൽകാനായിട്ടില്ല. ഭൂമി നഗരസഭയുടെ ഉടമസ്ഥതയിലുള്ളതിനാൽ റവന്യൂവകുപ്പിന് പതിച്ചുനൽകാനും കഴിയില്ല. ഈ തടസ്സം നീക്കുന്നതിന്റെ ഭാഗമായാണ് ഭൂമി റവന്യൂവകുപ്പിന് തിരിച്ചുനൽകുന്നതെന്ന് ചെയർപേഴ്‌സൺ സീതാ രവീന്ദ്രൻ പറഞ്ഞു.