കുന്നംകുളം: ജില്ലയുടെ വിനോദസഞ്ചാര ഭൂപടത്തിൽ ഇടംപിടിക്കാൻ കലശമലയും നരിമടയും ഒരുങ്ങുന്നു. കലശമലയിൽ നടപ്പാക്കിയ ഇക്കോ ടൂറിസം പദ്ധതിയുടെ നിർമാണങ്ങൾ പൂർത്തിയായി. പദ്ധതി വിപുലീകരണത്തിന് അധികഭൂമി ഏറ്റെടുക്കാൻ സംസ്ഥാന വിനോദസഞ്ചാര വകുപ്പിൽനിന്ന് പത്ത് കോടി രൂപ അനുവദിച്ചതായി മന്ത്രി എ.സി. മൊയ്തീൻ അറിയിച്ചു.

കലശമലയിൽ രേഖകൾ പ്രകാരം 2.64 ഏക്കർ ഭൂമിയാണ് ചൊവ്വന്നൂർ ബ്ലോക്കിനും പോർക്കുളം ഗ്രാമപ്പഞ്ചായത്തിനുമായുള്ളത്. വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ ഇവിടെ 2.4 കോടി രൂപയുടെ നിർമാണപ്രവർത്തനങ്ങൾ നടത്തി. അഞ്ചേക്കറിലേറെ ഭൂമി പദ്ധതിയുടെ വിപുലീകരണത്തിന് സ്വകാര്യവ്യക്തികളിൽ നിന്ന് ഏറ്റെടുക്കേണ്ടതുണ്ട്. അധികഭൂമി ഏറ്റെടുക്കാൻ ബജറ്റിൽ തുക വകയിരുത്തിയിരുന്നു. 2013-ലെ ലാൻഡ് അക്വിസിഷൻ ആക്ട് പ്രകാരം സ്ഥലം ഏറ്റെടുക്കാൻ വിനോദസഞ്ചാര വകുപ്പുമായി ബന്ധപ്പെട്ട വർക്കിങ് ഗ്രൂപ്പ് തീരുമാനിച്ചിരുന്നു. ഇത് ഉത്തരവായി പുറത്തിറങ്ങിയതോടെ നടപടികൾ വേഗത്തിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

പദ്ധതിപ്രദേശത്തോട് ചേർന്നുള്ള ഭൂമികളുടെ സർവേ നടപടികൾ തഹസിൽദാരുടെ നേതൃത്വത്തിൽ പൂർത്തീകരിച്ചു. ഉടമകളുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ഭരണാനുമതി ലഭിച്ചതോടെ ഉടമകൾക്ക് നോട്ടീസ് നൽകി ഏറ്റെടുക്കൽ നടപടികൾ തുടങ്ങുമെന്ന് മന്ത്രി എ.സി. മൊയ്തീൻ അറിയിച്ചു. പ്രകൃതിക്കിണങ്ങുന്ന രീതിയിലുള്ള നിർമാണങ്ങളാണ് ഇവിടെ നടത്തിയിട്ടുള്ളത്. ഏറ്റെടുക്കുന്ന ഭൂമിയിൽ മരങ്ങൾ വെച്ചുപിടിപ്പിച്ച് സഞ്ചാരികൾക്ക് തണലൊരുക്കുകയാണ് ലക്ഷ്യം.

സംരക്ഷണം ഏറ്റെടുക്കുന്നതിൽ അനിശ്ചിതത്വം

കുന്നംകുളം: കലശമലയിലെ ഇക്കോ ടൂറിസം പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ കഴിഞ്ഞപ്പോൾ ഏറ്റെടുക്കുന്നതിൽ അനിശ്ചിതത്വം ബാക്കിയാകുന്നു. നിർമാണം കഴിഞ്ഞ കെട്ടിടത്തിന്റെയും കുട്ടികളുടെ പാർക്കിന്റെയും ഔഷധത്തോട്ടത്തിന്റെയും സംരക്ഷണച്ചുമതല ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമായിട്ടില്ല.

നിർമാണം പൂർത്തിയാകുമ്പോൾ ഏറ്റെടുക്കാനുള്ള നടപടികൾ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് സെപ്റ്റംബറിൽ ജില്ലാ ടൂറിസം വകുപ്പിന് കത്ത് നൽകിയിരുന്നു. ഒക്ടോബർ 15-ന് പണികൾ കഴിയുന്ന രീതിയിലാണ് ആദ്യം നിശ്ചയിച്ചിരുന്നത്. മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ചില മാറ്റങ്ങൾ നിർദേശിച്ചതോടെ തീയതി വൈകി. വൃത്തിയാക്കൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ കഴിഞ്ഞിട്ടും താക്കോൽ ഏറ്റുവാങ്ങാൻ നിർദേശം ലഭിച്ചിട്ടില്ലെന്നാണ് വിനോദസഞ്ചാരവകുപ്പിൽനിന്ന് കരാറുകാർക്ക് ലഭിക്കുന്ന മറുപടി. പണികൾ പൂർത്തിയായതോടെ വിശ്രമത്തിനും മറ്റുമായി ഒട്ടേറെപ്പേർ ഇവിടേക്ക് വരുന്നുണ്ട്. വിനോദസഞ്ചാരവകുപ്പിൽ നിന്ന് രണ്ട് സുരക്ഷാ ജീവനക്കാരെ ഇവിടെ നിയോഗിച്ചിട്ടുണ്ട്. ഉദ്യാനത്തിലെ ചെടികൾ നനയ്ക്കാൻ കുടുംബശ്രീയെ ചുമതലപ്പെടുത്താമെന്ന് ഗ്രാമപ്പഞ്ചായത്ത് ഉറപ്പുനൽകിയിരുന്നു. ഏത് യൂണിറ്റിലെ അംഗങ്ങൾ ഇവിടെ എത്തുമെന്നതിൽ തീരുമാനമായിട്ടില്ല. ലഘുഭക്ഷണശാലയുടെ നടത്തിപ്പിലും തീരുമാനമാകേണ്ടതുണ്ട്.

വെള്ളം പിടിച്ചുനിർത്താൻ ശേഷിയില്ല

കുന്നംകുളം: കലശമലയിൽ നിർമിച്ച മഴവെള്ളസംഭരണി നിൽക്കുന്ന ഭാഗത്തെ മണ്ണിന് വെള്ളം പിടിച്ചുനിർത്താനുള്ള കഴിവ് കുറവാണെന്ന് റിപ്പോർട്ട്. പശമണ്ണ് വർധിപ്പിച്ചാൽ പ്രശ്‌നത്തിന് പരിഹാരമാകുമെന്നാണ് നിർദേശം. തൃശ്ശൂരിലെ സോയിൽ സർവേ വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. 33.09 ശതമാനം മാത്രമാണ് ഇവിടെയുള്ള മണ്ണിന് വെള്ളം പിടിച്ചുനിർത്താനുള്ള ശേഷി.

56.24 ശതമാനം ചരൽമണൽ സാന്നിധ്യമാണുള്ളത്. പശമണ്ണിന്റെ ശതമാനം 38.85 ശതമാനമാണ്. മഴവെള്ളസംഭരണിയിൽ രണ്ട് മഴക്കാലം കഴിഞ്ഞിട്ടും വെള്ളം നിൽക്കാത്തത് പരാതികൾക്കിടയാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കലശമലയിലെ മൂന്നേക്കർ സ്ഥലത്തെ വെള്ളം സംഭരണിയിലേക്ക് എത്തിക്കാൻ കഴിയുന്നുണ്ട്. ഇത് ഭാവിയിൽ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.