കുന്നംകുളം: നഗരത്തിലെ റിങ് റോഡ് വികസനത്തിന്റെ ഭാഗമായി ആകാശസർവേ നടത്തി. കിഫ്ബിയിൽനിന്നുള്ള പ്രതിനിധികളെത്തിയാണ് ഡ്രോൺ ഉപയോഗിച്ച് സർവേ നടത്തിയത്. ടി.കെ. കൃഷ്ണൻറോഡിൽനിന്ന് സംസ്ഥാനപാതയുമായി ബന്ധിപ്പിക്കുന്ന പാറേമ്പാടത്തേക്കുള്ള പുതിയ റോഡിന്റെ നിർമാണത്തിനുവേണ്ടിയായിരുന്നു സർവേ. നഗരവികസനത്തിന് കിഫ്ബിയുടെ ധനസഹായത്തോടെ 172 കോടിയുടെ പദ്ധതിയാണുള്ളത്.

നഗരത്തിനുചുറ്റും 500 മീറ്റർ പരിധിയിലെ പ്രധാന റോഡുകളുടെ വികസനത്തിന് നൂറുകോടിരൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇവയുമായി ബന്ധിപ്പിക്കുന്ന റിങ് റോഡുവികസനത്തിന് 72 കോടിരൂപയുടെ പദ്ധതിയാണ് തയ്യാറാക്കുന്നത്. പുതിയ ബസ്‌സ്റ്റാൻഡ് പണിയുന്ന ഹെർബെർട്ട് റോഡുമുതൽ പാറേമ്പാടത്തെ സംസ്ഥാനപാതയുമായി ബന്ധിപ്പിക്കുന്നതാണ് റോഡ്. ഇതിന് ആറുകിലോമീറ്റർ നീളവും 12 മീറ്റർ വീതീയുമുണ്ടാകും.

ടി.കെ. കൃഷ്ണൻറോഡിൽനിന്ന് കക്കാട്, തിരുത്തിക്കാട് പാടശേഖരങ്ങളോടുചേർന്ന് രണ്ടരക്കിലോമീറ്റർ നീളത്തിൽ പുതിയറോഡ് നിർമിക്കും. ഇതിന് നാറ്റ്പാക് പഠനം നടത്തി റിപ്പോർട്ടു സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്തുവിഭാഗമാണ് പദ്ധതി തയ്യാറാക്കി നൽകിയത്. ഇതു പരിഗണിച്ച് കിഫ്ബിയുടെ സാങ്കേതിക പരിശോധനാവിഭാഗവും റിസോഴ്‌സ് സെന്ററും ചേർന്നാണ് സർവേ നടത്തിയത്.

വേഗത്തിൽ പൂർത്തിയാക്കാനാണ് ഡ്രോണുപയോഗിച്ച് ഏരിയൽ ഫോട്ടോഗ്രാമെട്രിക് സർവേ പ്രയോജനപ്പെടുത്തിയത്. കിഫ്ബിയിൽനിന്ന് ധനസഹായം അനുവദിക്കുന്നതിനുള്ള വിശദമായ പദ്ധതി റിപ്പോർട്ട് ഇവർ തയ്യാറാക്കി നൽകും. ഇൻസ്‌പെക്ഷൻ അസിസ്റ്റന്റ് വി.ടി. രാഹുൽ, ടി.ആർ.സി. ഹൈവേ ഡിസൈനർ വിഷ്ണുപ്രസാദ്, എസ്. പ്രമോദ്, വി. ജയവിഷ്ണു, പൊതുമരാമത്ത് എ.ഇ. ഷീനാ ജോസഫ് എന്നിവർ നേതൃത്വം നൽകി.

കൗൺസിലർമാരായ പി.ഐ. തോമസ്, പി.കെ. ബിനീഷ്, കെ.ബി. സലീം, സി.പി.എം. ഏരിയ സെക്രട്ടറി എം.എൻ. സത്യൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. ബജറ്റിൽ ഉൾപ്പെടുത്തിയിരുന്ന നഗരവികസനപദ്ധതികൾക്ക് നേരത്തേ ഭരണാനുമതി ലഭിച്ചിരുന്നു. സാങ്കേതികാനുമതികൂടി ലഭിക്കുന്നതോടെ പണി തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.