കുന്നംകുളം: നഗരസഭയിലെ കുടിവെള്ളവിതരണം കാര്യക്ഷമമല്ലെന്നാരോപിച്ച് യു.ഡി.എഫ്. അംഗങ്ങൾ കൗൺസിൽ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. വിതരണം ചെയ്യാൻ കിണറുകളിൽനിന്ന് വെള്ളം കിട്ടുന്നില്ലെന്നും മറ്റുമാർഗങ്ങൾ ആലോചിക്കണമെന്നും ഭരണപക്ഷവും ആവശ്യപ്പെട്ടു.

അടുപ്പുട്ടി, ചിറ്റഞ്ഞൂർ എന്നിവിടങ്ങളിലെ കോളനികളിലേക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ വെള്ളം ലഭിച്ചിരുന്നു. ഇപ്പോൾ നാലുദിവസം കൂടുമ്പോഴാണ് വെള്ളമെത്തുന്നത്. സ്വന്തമായി കിണറുകുഴിക്കാൻ സ്ഥലമില്ലാത്തവരാണ് കോളനികളിലുള്ളത്. ജലവിതരണത്തിന് ചുമതലയുള്ള ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടും കാര്യമുണ്ടാകുന്നില്ല. അത്യാവശ്യസ്ഥലങ്ങളിലേക്ക് വെള്ളം കൊടുക്കാതിരിക്കുന്നത് ശരിയല്ലെന്നും യു.ഡി.എഫ്. അംഗങ്ങൾ കുറ്റപ്പെടുത്തി. കുടിവെള്ളപ്രശ്‌നം പരിഹരിക്കാനാകാത്തത് നഗരസഭയുടെ പരാജയമാണെന്നാരോപിച്ച് യു.ഡി.എഫ്. അംഗങ്ങൾ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി.

കുടിവെള്ളപ്രശ്‌നം രൂക്ഷമായ മേഖലകളിലേക്ക് മാർച്ചുമുതൽ വിതരണം നടത്തുന്നുണ്ടെന്ന് ചെയർപേഴ്‌സൺ സീതാ രവീന്ദ്രൻ പറഞ്ഞു. വെള്ളമെടുത്തിരുന്ന നഗരത്തിലെ സ്വകാര്യവ്യക്തിയുടെ കിണറിൽ വെള്ളം കുറഞ്ഞതോടെയാണ് പ്രതിസന്ധിയുണ്ടായത്.

നഗരത്തിലെ സ്വകാര്യവ്യക്തിയുടെ വെള്ളം വിൽപ്പന തടയണമെന്ന് യു.ഡി.എഫ്. അംഗങ്ങൾ ആവശ്യപ്പെട്ടു. എൻ.യു.എൽ.എം. പദ്ധതിയിൽ ബസ്‌സ്റ്റാൻഡിൽ കുടുംബശ്രീക്ക് നാനോ മാർക്കറ്റ്, കോഫി വെൻഡിങ് മെഷീൻ എന്നിവ സ്ഥാപിക്കുന്നതിന് അനുമതി നൽകി. നഗരസഭയിൽ ഇതേരീതിയിൽ സംരംഭം തുടങ്ങിയത് പരാജയമായിരുന്നുവെന്ന് യു.ഡി.എഫ്. അംഗങ്ങൾ പറഞ്ഞു. സീതാ രവീന്ദ്രൻ അധ്യക്ഷയായി.