കുന്നംകുളം: താഴത്തെപ്പാറയിൽ നോട്ടുപുസ്തക സംഭരണ കേന്ദ്രം കത്തിനശിച്ചതിൽ 80 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് അഗ്നിരക്ഷാസേന വ്യക്തമാക്കി. തീപ്പിടിത്തങ്ങൾ ഒഴിവാക്കുന്നതിന് സേന നൽകുന്ന നിർദേശങ്ങൾ പാലിക്കാൻ സ്ഥാപന ഉടമകൾ തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്.

ചൊവ്വന്നൂർ അയ്യപ്പത്ത് റോഡിൽ കൂത്തൂർ അപ്പുക്കുഞ്ഞിന്റെ ഉടമസ്ഥതയിലുള്ള പുസ്തകസംഭരണ കേന്ദ്രത്തിനാണ് ഞായറാഴ്ച രാത്രി തീപിടിച്ചത്. നഗരത്തിൽ പഴയ കെട്ടിടങ്ങൾ ഏറെയുള്ള സ്ഥലമാണ് താഴത്തെപാറ. പുസ്തക വിൽപ്പനശാല ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ അടുത്തടുത്തായാണുള്ളത്. കെട്ടിടങ്ങളിലെ വയറിങ് കാലാനുസൃതമായി പരിഷ്‌കരിക്കാൻ പലരും തയ്യാറായിട്ടില്ല.

മീറ്ററിനും സ്വിച്ച്‌ബോർഡുകൾക്കും താഴെ എളുപ്പത്തിൽ കത്തിപ്പിടിക്കാൻ ഇടയാക്കുന്ന സാധനങ്ങൾ സൂക്ഷിക്കുന്നതും അപകടമുണ്ടാക്കുന്നുണ്ട്. സ്ഥാപനത്തിനുള്ളിൽ തീപിടിച്ച് ഒട്ടേറെ സമയം കഴിഞ്ഞാണ് പുറത്തേക്കറിഞ്ഞത്. ഓടിട്ട പഴയ കെട്ടിടവും തകർന്നുവീണു. അഗ്നിരക്ഷാസേനാംഗങ്ങളുടെ സമയോചിതമായ ഇടപ്പെടൽ സമീപത്തെ സ്ഥാപനങ്ങളിലേക്ക് തീ പടരാതിരിക്കാൻ സഹായിച്ചു. തിങ്കളാഴ്ചയും അവശിഷ്ടങ്ങൾക്കിടയിൽനിന്ന് പലതവണ തീയുയർന്നു. മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ നീക്കി.

കുന്നംകുളം ഫയർ‌സ്റ്റേഷൻ ഓഫീസർ ബി. വൈശാഖ്, കെ. ജയചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ജനുവരിയിൽ ഒട്ടേറെ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയിരുന്നു. ഭൂരിഭാഗം സ്ഥാപനങ്ങളിലും അഗ്നിസുരക്ഷാ സംവിധാനങ്ങളില്ലെന്നും കണ്ടെത്തിയിരുന്നു. സ്ഥാപന ഉടമകൾക്ക് നോട്ടീസ് നൽകിയെങ്കിലും പോരായ്മകൾ പരിഹരിക്കാൻ ഉടമകൾ മടിക്കുകയാണ്. ദേശീയ കെട്ടിടനിർമാണച്ചട്ടപ്രകാരം അഗ്നിസുരക്ഷയില്ലാത്ത കെട്ടിടങ്ങൾക്ക് ലൈസൻസ് അനുവദിക്കില്ലെന്ന നിയമം കർശനമായി നടപ്പിലാക്കാൻ നഗരസഭ തയ്യാറാകണമെന്നും അഗ്നിസുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.